കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് കോഴിക്കോട് മേയര്‍ ഡോ.ബീനാഫിലിപ്പിനെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ മേയറുടെ ഭാവി തുലാസില്‍.
സംസ്ഥാന സെക്രട്ടേറിയറ്റ് ഉചിതമായ തീരുമാനമെടുക്കാന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി ചേര്‍ന്നാണ് നടപടി തീരുമാനിക്കുക.
പരസ്യ ശാസനയടക്കമുള്ള നടപടികള്‍ക്കാണ് സാധ്യത. കീഴവഴക്കം മുറുകെ പിടിച്ചാല്‍ മേയര്‍ സ്ഥാനത്തുനിന്ന് പുറത്താകാനും സാധ്യതയുണ്ട്.
മേയര്‍ ചെയ്തത് പാര്‍ട്ടിക്കു നിരക്കാത്ത നടപടിയാണെന്നും പരസ്യമായി പാര്‍ട്ടി പറഞ്ഞുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നിലപാടിനെതിരേ പ്രവര്‍ത്തിച്ചയാളെ ഉന്നത സ്ഥാനത്ത് നിലനിര്‍ത്തുന്നതിലാണ് തീരുമാനം വരേണ്ടത്.
സിപിഎമ്മിന്റെ കീഴ്വഴക്കം കണക്കിലെടുത്താന് മേയറുടെ ഭാവി അധികമുണ്ടാവില്ല. പാര്‍ട്ടിയുെട മുതിര്‍ന്ന േനതാവ് എം. പത്മലോചനനെ കൊല്ലം മേയര്‍ സ്ഥാനത്തുനിന്ന് നീക്കിയത് ആര്‍എസ്എഎസ് പരിപാടിയില്‍ സംബന്ധിച്ചതിനാണ്. 2010-ലായിരുന്നു ഇത്.
പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ആര്‍എസ്എസ് നേതൃസമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തതാണ് അന്ന് സിപിമ്മിന്റെ സംസ്ഥാന തല നേതാവായിരുന്ന എം.പത്മലോചനനെ നടപടിയിലേക്കു നയിച്ചത്. ഇതേതുടര്‍ന്ന് മേയറുടെ രാജി സംസ്ഥാന നേതൃത്വം ചോദിച്ചുവാങ്ങുകയായിരുന്നു.
കോഴിക്കോട് മേയര്‍ േഡാ.ബീനാഫിലിപ്പിന്റെ നടപിയും ഇതേപോലെതന്നെയാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
ആര്‍എസ്എസിന്റെ ഭാഗമായ ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ മാതൃസംഗമത്തിലാണ് മേയര്‍ ഡോ. ബീനാഫിലിപ്പ് പങ്കെടുത്തത്.
സംസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകരെ കൊന്നൊടുക്കുകയും വേട്ടയാടുകയും ചെയ്യുന്ന ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തതാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ കേന്ദ്ര ഏജന്‍സികളെ ഇറക്കി ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മേയര്‍ ഇത്തരമൊരു പരിപാടിയില്‍ സംബന്ധിച്ചത്.
പാര്‍ട്ടിയിലുള്ള പ്രവര്ത്തനപരിചയകുറവു പരിഗണിച്ച് സംസ്ഥാന നേതൃത്വം ഇളവു നല്കിയാല് മേയര്‍ക്ക് സ്ഥാനത്ത് തുടരാന്‍ കഴിയുമെന്ന് കരുതുന്നവരുണ്ട്.
എന്നാല്‍ ഇത്തരം പരിപാടിയില്‍ പങ്കെടുക്കുന്നതിനു മുമ്പ് പാര്‍ട്ടിയുടെ അനുമതി േതടിയില്ലെന്ന കുറ്റം ഇവിടെ അവശേഷിക്കുന്നു. ഇതിനു മേയര്‍ നല്കിയ മറുപടി പാര്‍ട്ടിക്കു തൃപ്തിയായിട്ടില്ല.
മാതൃസംഗമങ്ങളില് മുമ്പും ക്ലാസെടുക്കാന്‍ പോയിട്ടുണ്ടെന്നും വര്‍ഗീയമായി ഒന്നും സംസാരിച്ചിട്ടില്ലെന്നുമാണ് മേയറുടെ വിശദീകരണം.
ശ്രീകൃഷ്ണന്റെ ചിത്രത്തില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ ചടങ്ങില്‍ സംബന്ധിച്ചത്. ഇതെല്ലാം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന കാഴ്ചപ്പാടാണ് േനതൃത്വത്തിന്.
ആവിക്കല്‍ തോടില്‍ കോര്‍പറേഷന്റെ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ കഴിഞ്ഞ കുറേ ദിവസമായി സമരത്തിന്റെ പാതിയിലാണ്.
ലാത്തിച്ചാര്‍ജും സംഘര്‍ഷവും കേസുകളും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. അവിടെ പ്ലാന്റ് നിര്‍മിക്കാനുള്ള തീരുമാനവുമായി പാര്‍ട്ടി മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് മേയറുടെ നടപടി വിവാദമായിരിക്കുന്നത്. എല്ലാ ഘടകങ്ങളും വിശദമായി പരിശോധിച്ചായിരിക്കും മേയര്‍ക്കെതിരേയുള്ള നടപടി.