അടുത്തകാലത്തായി ഒരു സിനിമ റിലീസ് ആവുന്നതിന് മുമ്പേ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ വിവാദങ്ങളും തലപൊക്കി തുടങ്ങും. അത് പിന്നീട് ചിത്രത്തിന്റെ പ്രമോഷന് ഗുണം ചെയ്യുകയും ചെയ്യും. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി എത്തിയിരിക്കുന്നത് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മാണിക്യമലാരായ പൂവി എന്നു തുടങ്ങുന്ന ഗാനമാണ്. പാട്ടിലെ വരികളിലൂടെ മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ഒരുകൂട്ടര്‍ ആരോപിക്കുന്നത്. വിവാദം കൊഴുക്കുകയും വിവാദത്തെ തുടര്‍ന്ന് ചിത്രം കൂടുതല്‍ ജനശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉടലെടുക്കാനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ കൂടിയായ ഡോ ബിജു.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
വിവാദം ഉണ്ടാക്കല്‍ നല്ലൊരു ബിസിനസ്സ് ആണ്. പ്രത്യേകിച്ചു സിനിമയില്‍. കുറച്ചു നാളായി ഈ വിവാദ മാര്‍ക്കറ്റ് ചില സിനിമകള്‍ നന്നായി പ്ലാന്റ് ചെയ്ത് വിജയിപ്പിക്കുന്നുണ്ട്. മതം, ആവിഷ്‌കാര സ്വാതന്ത്ര്യം, സെക്സ്, സെന്‍സര്‍ ഇതൊക്കെയാണ് ബെസ്റ്റ്.
ഇത് തിരിച്ചറിയാതെ കാമ്പും കഴമ്പുമില്ലാത്ത വിവാദ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് എന്നാണ് തലയില്‍ വെളിച്ചം കയറുക. സിനിമകള്‍ ചര്‍ച്ച ചെയ്യേണ്ടത് അതിന്റെ കണ്ടന്റിനെ മുന്‍നിര്‍ത്തിയാണ്. അതില്ലാത്തവര്‍ തുടക്കത്തില്‍ തന്നെ എന്തെങ്കിലും വിവാദം സ്വയം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കും.
ഇതിന്റെ അപകടകരമായ ഒരു വശം എന്തെന്നാല്‍ മതവും ആവിഷ്‌കാര സ്വാതന്ത്ര്യവും സെന്‍സറും ഒക്കെ ഉള്‍പ്പെടുന്ന ചില ജനുവിന്‍ ആയ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും നമുക്ക് അതിന്റെ ഗൗരവത്തില്‍ മനസ്സിലാക്കാനോ പ്രതികരിക്കാനോ സാധിക്കാത്ത വിധം വ്യാജ സൃഷ്ടികള്‍ നമുക്ക് ചുറ്റും വര്‍ധിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്.