കേരളത്തില്‍ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയാണ് മോഹന്‍ലാല്‍ ചിത്രം പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കറിലേക്ക് എന്നത്. കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും അത് വലയ വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഓസ്‌കറിനായി നിയമാനുസൃതം ഫീസടച്ച് അപേക്ഷിക്കുന്ന എല്ലാ ചിത്രങ്ങളെയും ലോംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും ഇത് ഓസ്‌കര്‍ സാധ്യതയായി കണക്കാക്കാനാകില്ലെന്നും സംവിധായകന്‍ ഡോ. ബിജു പ്രതികരിച്ചത്. ഇന്ത്യയില്‍ നിന്ന് പുലിമുരുകന് സംഗീതത്തിന് ഓസ്‌കര്‍ ഇല്ലെന്ന് മാത്രമല്ല ഇന്ത്യയിലെ ഒരു സിനിമയ്ക്കും ഓസ്‌കറില്ലെന്ന് ബിജു തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
ഡോ. ബിജു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം
ഓസ്‌കറുമായി ബന്ധപ്പെട്ട് പലപ്പോഴും മാധ്യമങ്ങള്‍ തീരെ വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ ആണ് നല്‍കുന്നത്. അതുകൊണ്ട് ഈ കാര്യത്തില്‍ ചില വസ്തുതകള്‍ പങ്ക് വെക്കാം. ഇംഗ്ലീഷില്‍ അല്ലാതെ നിര്‍മിക്കപ്പെട്ട ചിത്രങ്ങള്‍ ഓസ്‌കാറിനായി പരിഗണിക്കുന്നത് മികച്ച വിദേശ ഭാഷാ ചിത്രം എന്ന വിഭാഗത്തിലാണ്. ഇതില്‍ പരിഗണിക്കുന്നതിനായി അമേരിക്ക ഒഴികെയുള്ള ഓരോ രാജ്യത്തിനും ഒരു ചിത്രം സമര്‍പ്പിക്കാം. ഇന്ത്യയില്‍ നിന്നും ഓരോ വര്‍ഷവും അയക്കേണ്ട സിനിമ ഏതാണ് എന്നത് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഒരു 15 അംഗ ജൂറിയെ നിയോഗിച്ചു ആണ് തിരഞ്ഞെടുക്കുന്നത്. ഇത്തവണ ന്യൂട്ടന്‍ എന്ന സിനിമ ആണ് ഇന്ത്യ അയച്ചത്.
ഇങ്ങനെ ഏതാണ്ട് നൂറോളം രാജ്യങ്ങള്‍ ഒരു സിനിമ വീതം തിരഞ്ഞെടുത്ത് അയക്കുന്നു. ഇതാണ് ലോങ് ലിസ്റ്റ്. ഇത് ഓസ്‌കര്‍ നോമിനേഷന്‍ അല്ല. മറിച്ച് ഓസ്‌കര്‍ നോമിനേഷനു വേണ്ടി മത്സരിക്കാന്‍ ഓരോ രാജ്യങ്ങളും സമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ മാത്രമാണ്. എല്ലാ വര്‍ഷവും ഓരോ സിനിമ ഓരോ രാജ്യത്തിനും സമര്‍പ്പിക്കാം. ഇന്ത്യയില്‍ മലയാളത്തില്‍ നിന്നും ഗുരു, ആദാമിന്റെ മകന്‍ അബു എന്നീ സിനിമകള്‍ മുന്‍പ് ഇന്ത്യയുടെ എന്‍ട്രി ആയി സമര്‍പ്പിച്ചിട്ടുണ്ട്. ഇങ്ങനെ നൂറോളം രാജ്യങ്ങളില്‍ നിന്നും സമര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ നിന്നും 9 സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും പിന്നീട് 5 ചിത്രങ്ങള്‍ നോമിനേഷനായി തിരഞ്ഞെടുക്കുകയും ചെയ്യും.
അതില്‍ നിന്നും ഒരു ചിത്രം മികച്ച വിദേശ ഭാഷയ്ക്കുള്ള ഓസ്‌കര്‍ നേടുകയും ചെയ്യും. ഇന്ത്യക്ക് ഇതേവരെ ഈ നോമിനേഷനില്‍ 3 തവണ മാത്രമേ ഉള്‍പ്പെടാന്‍ സാധിച്ചിട്ടുള്ളൂ മദര്‍ ഇന്ത്യ (1957) സലാം ബോംബെ (1988) , ലഗാന്‍ (2001). ഒരു തവണ പോലും ഓസ്‌കര്‍ നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുമില്ല. ഇതാണ് വിദേശ ഭാഷാ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി. ഓരോ വര്‍ഷവും ഓസ്‌കര്‍ നോമിനേഷന്‍ ലഭിക്കുന്നത് വെറും 5 ചിത്രങ്ങള്‍ക്ക് മാത്രമാണ്. ഏതാണ്ട് 90 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ ഇന്ത്യക്ക് 3 തവണ മാത്രമേ ഓസ്‌കര്‍ നോമിനേഷന്‍ പോലും ലഭിച്ചിട്ടുള്ളൂ(മേല്‍ പേര് സൂചിപ്പിച്ച ചിത്രങ്ങള്‍) .
ഇനി മറ്റൊരു രീതിയിലും ഓസ്‌കാറിന് ചിത്രങ്ങള്‍ സമര്‍പ്പിക്കാം. ഒരു ചിത്രം ലോസ് ഏഞ്ചല്‍സ് കണ്ട്രിയില്‍ രണ്ടാഴ്ച്ച ഏതെങ്കിലും തിയറ്ററില്‍ റിലീസ് ചെയ്താല്‍ ആ ചിത്രത്തിന് മികച്ച വിദേശ ഭാഷാ ചിത്രം ഒഴികെയുള്ള കാറ്റഗറികളില്‍ മത്സരിക്കാന്‍ അപേക്ഷിക്കാം. പാട്ട്, സ്‌ക്രിപ്റ്റ് തുടങ്ങി ഏത് വിഭാഗത്തിലും അപേക്ഷിക്കാം. നിയമാനുസൃതമായ ഫീസ് അടച്ച് അപേക്ഷയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സിനിമകള്‍ എല്ലാം തന്നെ ലോങ്ങ് ലിസ്റ്റ് ചെയ്യും. 50 എങ്കില്‍ 50, 100 എങ്കില്‍ നൂറ്, 200 എങ്കില്‍ 200.
പിന്നീട് അക്കാദമി അംഗങ്ങള്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഭാഗത്തിലും 5 ചിത്രങ്ങള്‍ (സാങ്കേതിക വിഭാഗത്തില്‍ 5 സാങ്കേതിക പ്രവര്‍ത്തകര്‍) നോമിനേഷന്‍ ലഭിക്കും. ഇതാണ് ഓസ്‌കര്‍ നോമിനേഷന്‍. ഇതില്‍ നിന്നും ഒരു ചിത്രത്തിന് (ഒരാള്‍ക്ക്) ആണ് ഓസ്‌കര്‍ ലഭിക്കുന്നത്. ഇന്‍ഡ്യന്‍ സിനിമകള്‍ക്ക് ഇതേവരെ ഒരു ഓസ്‌കാറും ലഭിച്ചിട്ടില്ല. സത്യജിത് റായിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ്‌റിനുള്ള ഹോണററി പുരസ്‌കാരം ലഭിച്ചത് മാത്രമാണ് ഒരു ഇന്ത്യക്കാരന് ഇന്ത്യന്‍ സിനിമകള്‍ മുന്‍നിര്‍ത്തി ലഭിച്ച ഏക ഓസ്‌കര്‍ പുരസ്‌കാരം. (റസൂലിനും, ഗുല്‍സാറിനും, ഭാനു അത്തയ്യക്കും ഒക്കെ ഓസ്‌കര്‍ ലഭിച്ചത് ഇന്ത്യന്‍ സിനിമകളിലെ പങ്കാളിത്തം മുന്‍നിര്‍ത്തിയല്ല. മറിച്ച് ആ ചിത്രങ്ങള്‍ ഒക്കെ വിദേശ ചിത്രങ്ങള്‍ ആണ്, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചു എന്നേ ഉള്ളൂ. പക്ഷെ നിര്‍മാണം ഇന്ത്യ അല്ല)
ഇതാണ് ഓസ്‌കറിന്റെ രീതി. മലയാളത്തില്‍ നിന്നും മിക്കപ്പോഴും കേള്‍ക്കുന്നതാണ് പാട്ടുകള്‍ ഓസ്‌കര്‍ നോമിനേഷനു പരിഗണിക്കുന്നു എന്ന വാര്‍ത്ത. ഇത് തികച്ചും തെറ്റിധാരണ ജനിപ്പിക്കുന്ന വാര്‍ത്ത ആണ്. അപേക്ഷിക്കുന്ന എല്ലാ ചിത്രങ്ങളുടെയും പട്ടിക ഇടുന്ന ലോങ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനെയാണ് നമ്മുടെ മാധ്യമങ്ങള്‍ നോമിനേഷന്‍ ആയി തെറ്റിദ്ധരിച്ചു വാര്‍ത്ത നല്‍കുന്നത്. ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷനുകള്‍ ഏതൊക്കെ എന്നത് ജനുവരിയില്‍ പ്രഖ്യാപിക്കാന്‍ പോകുന്നതെയുള്ളൂ. വിദേശ ഭാഷാ ചിത്രത്തില്‍ ഇത്തവണയും ഇന്ത്യക്ക് പ്രതീക്ഷ വേണ്ട. 9 ചിത്രങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തപ്പോള്‍ ഇന്ത്യന്‍ എന്‍ട്രി ന്യൂട്ടന്‍ പുറത്തായി.