സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : വീടകങ്ങളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിവിധ തലമുറകളിലെ അക്ഷരസ്നേഹികള്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ വിതരണം ചെയ്ത് കോവിഡ് -19 വോളണ്ടിയര്‍ കൂടിയായ കോളജ് അധ്യാപകന്.
നെയ്യാറ്റിന്‍കര താലൂക്കിലെ കുന്നത്തുകാല്‍ സ്വദേശിയായ ഡോ. ബിജു ബാലകൃഷ്ണനാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പുസ്തകവണ്ടിയുമായി പര്യടനം നടത്തുന്നത്. കവിയും പ്രഭാഷകനും ടെലിവിഷന്‍ അവതാരകനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ശ്രീകൃഷ്ണ കോളജിലെ മലയാളം അധ്യാപകനുമാണ് ബിജു.
ലോക്ക് ഡൗണ്‍ സമയത്ത് വീടിനു പുറത്തിറങ്ങാനാവാത്തതിനാല്‍ വായനയുടെ ലോകം ഹൃദയത്തോട് ചേര്‍ത്ത നല്ലൊരു ശതമാനം പേര്‍ക്കും പുതിയ പുസ്തകങ്ങള്‍ വാങ്ങാനോ ലൈബ്രറിയില്‍ പോകാനോ കഴിയുന്നില്ല.
വീടിനടുത്തെ ചില സ്കൂള്‍- കോളജ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ബിജുവിനെ മൊബൈലില്‍ ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ കാലത്ത് വായിക്കാന്‍ പുസ്തകങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് പുസ്തകവണ്ടി എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ബിജു തീരുമാനിച്ചത്.
തന്റെ ഗ്രന്ഥശേഖരത്തിലെ 2,500 ലേറെ പുസ്തകങ്ങളും കാറില്‍ അടുക്കിയാണ് വീടുവീടാന്തരം ബിജുവിന്റെ സൗഹൃദാക്ഷര പ്രയാണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പുസ്തകം വിതരണം ചെയ്യുന്നു.
ദിവസവും സായാഹ്നത്തിലെ സവാരി രണ്ടു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കും. സ്വന്തം വാഹനത്തില്‍ തന്റെ അധ്വാനത്തിന്റെ വിഹിതത്തില്‍ നിന്നുള്ള തുകയ്ക്ക് ഇന്ധനവും നിറച്ച് നാട്ടുവഴികളിലൂടെ തുടരുന്ന അക്ഷരയാത്ര ബിജുവിനെ സംബന്ധിച്ചിടത്തോളം ആഹ്ലാദദായകമാണ്.
കുട്ടികള്‍ക്ക് വായനയോടൊപ്പം എഴുതാനും താത്പര്യമുള്ളതായി തോന്നിയെന്നും കൂടുതല്‍ മികച്ച രചനകള്‍ക്ക് ഈ അക്ഷരക്കൂട്ടുകള്‍ അവര്‍ക്ക് തുണയാകുമെന്നും ബിജു അഭിപ്രായപ്പെട്ടു.