കോട്ടയം: ആൻഡ്രോയിഡ് ഫോണിലെ ഇലക്ട്രിക് പൂക്കളിൽ പറന്നു നടക്കുന്ന ശലഭങ്ങളെ കണ്ടു കണ്ണു മിഴിക്കുന്ന പുതുതലമുറയ്ക്കു മഴയോടൊപ്പമെത്തുന്ന കുളിർക്കാറ്റിന്റെ നനുത്ത സ്പർശനത്തിൽ തളിരതമാകുന്ന പച്ചപ്പുകളെക്കുറിച്ചും പ്രകൃതിയേക്കുറിച്ചും തന്റെ പ്രവർത്തിയിലൂടെ പറഞ്ഞു നൽകുകയാണ് ഡോ. സി.പി. റോയി.
ഓക്സിജൻ കിട്ടാതെ മനുഷ്യ ജീവൻ പിടിയുന്ന മഹാമാരിയുടെ കാലത്ത് ഓക്സിജൻ തരുന്ന ബാംബു മരങ്ങൾ നട്ടു ബാബു സ്ട്രീറ്റ് ഒരുക്കുകയാണ് കോട്ടയത്തെ ഈ പച്ച മനുഷ്യൻ.
കോട്ടയം നഗരഹൃദയത്തിൽ തന്നെ ഇതിനോടകം ഇരുപതിനായിരം മരങ്ങൾ നട്ടു വളർത്തിയ ഡോ. സി.പി. റോയി ഈരയിൽ കടവ് ബൈപാസ് റോഡിനെ ബാംബു സ്ട്രീറ്റാക്കാൻ ഒരുങ്ങുന്നത്.
കോടിമതയിലെ ഞാവൽ വഴിയും മണിപ്പുഴ ബൈപാസിലെ മാംഗോ റോഡും തിരുനക്കര മൈതാനത്തെ ഉങ്ങ് വേലിയും ഗിരിദീപം കോളജിലെ പൊക്കുടൻ ലെയ്നും സി.പി. റോയിയുടെ പ്രകൃതി സ്നേഹത്തിന്റെ പച്ചയായ മാതൃകകളാണ്.
ഈരയിൽ കടവ് ബൈപാസിൽ ഫുട്പാത്ത് പ്രദേശത്ത് ഇതിനോടകം ആയിരത്തോളം ബാംബു വളർന്നു കഴിഞ്ഞു. പരിസ്ഥിതി ദിനമായ ഇന്നു തുടങ്ങി ഒരാഴ്ചകാലത്തിനുള്ളിൽ 1,500 തൈകൾ കൂടി നടാൻ പോകുകയാണ്.
ബാംബൂസ് ബാംബു എന്ന ശാസ്ത്രീയ നാമത്തിലുള്ള ഈ മുള ഏഷ്യൻ വനങ്ങളിലാണ് കൂടുതലും കാണുന്നത്. വെള്ളം ശേഖരിച്ച് വേനൽക്കാലത്ത് മണ്ണിലേക്ക് ഡ്രിപ്പ് ചെയ്യാനുള്ള കഴിവുണ്ട്് ഇവയ്ക്ക്.
പാവപ്പെട്ടവന്റെ തടി, സുവർണ ഖനി, പച്ചപൊന്ന്, ഗ്രീൻ ഗോൾഡ്് എന്നൊക്കെ വിളിക്കുന്ന മുള ധാരാളം ഓക്സിജൻ തരുന്നതിനൊപ്പം തണലു നൽകുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നു.
വ്യവസായിക അടിസ്ഥാനത്തിൽ വലിയ പ്രാധാന്യമുള്ള മുള നട്ടുവളർത്തിയാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ എന്നിവ തടയാനാകും. നെടുംകണ്ടം എംഇഎസ് കോളജിലെ അധ്യാപകനായിരുന്ന സി.പി. റോയി 2010ൽ വിരമിച്ച ശേഷമാണ് കോട്ടയത്ത് മരം നടീൽ ആരംഭിച്ചത്.
പടിഞ്ഞാറൻ ബൈപാസ്, പച്ചക്കറി മാർക്കറ്റ്, കളക്്ടറേറ്റിനു സമീപം, കോടിമത, പോലീസ് പരേഡ് ഗ്രൗണ്ട് തുടങ്ങി നഗരഹൃദയങ്ങളില്ലെല്ലാം കാണുന്ന മരങ്ങൾ ഇദേഹം നട്ടുവളർത്തിയതാണ്.
ഇപ്പോൾ ഗിരിദീപം കോളജിലെ അസോസിയേറ്റ് പ്രഫസറായ സി.പി. റോയി ജോലി സമയം കഴിഞ്ഞു സമയങ്ങളിലാണ് മരം നടാനും പരിപാലിക്കാനും സമയം കണ്ടെത്തുന്നത്.
ആഗോള താപനത്തെ തടയാൻ മരമല്ലാതെ മറ്റു മാർഗമില്ലെന്നും ഈരയിൽ കടവിലെ ബാംബു വളർന്നു കഴിഞ്ഞാൽ ഇരുവശങ്ങളിൽ നിന്നും റോഡിലേക്ക് വളർന്നു നിൽക്കുന്ന ഒരു ടണൽ വഴിയായി ബൈപാസ് മാറുമെന്നും സി.പി.റോയി പറഞ്ഞു.