ഭര്ത്താവിനെതിരേ നടക്കുന്ന സൈബര് ആക്രമണങ്ങള്ക്കെതിരേ പ്രതികരണവുമായി തൃക്കാക്കരയിലെ ഇടതുസ്ഥാനാര്ത്ഥി ജോ ജോസഫിന്റെ ഭാര്യ ഡോ.ദയ പാസ്കല്.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലും തങ്ങള്ക്ക് ഇവിടെ ജീവിക്കേണ്ടതാണെന്നും ആശയദാരിദ്ര്യമുള്ളതുകൊണ്ടാണ് അപവാദങ്ങള് പ്രചരിപ്പിക്കുന്നതെന്നും അവര് വ്യക്തമാക്കി.
ഒരു യുവതിക്കൊപ്പം ഡോ. ജോ ജോസഫ് എന്ന പേരില് രണ്ടു ദിവസമായി സമൂഹമാദ്ധ്യമങ്ങളില് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഡോ. ദയ പ്രതികരണം നടത്തിയത്.
എല്ലാവര്ക്കും കുടുംബമുള്ളതല്ലേ. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങള് ഇവിടെ ജീവിക്കേണ്ടവരാണ്. ഇതുവളരെ ക്രൂരമല്ലേ. ഇത്തരം പ്രചാരണങ്ങളില് നിന്നും പിന്മാറണമെന്ന് നേതാക്കളോട് അപേക്ഷിക്കുകയാണ്.
കുട്ടികള്ക്ക് സ്കൂളില് പോകണ്ടേ, അവരുടെ കൂട്ടുകാരെ കാണണ്ടേ, എനിക്ക് ജോലി ചെയ്തു ജീവിക്കണ്ടേ. നമ്മളെല്ലാരും മനുഷ്യരല്ലേയെന്നാണ് ഡോ.ദയ ചോദിക്കുന്നത്.
എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി ജോ ജോസഫിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടതുമുതല് സൈബര് ആക്രമണം നേരിടുകയാണെന്നും ദയ പറഞ്ഞു.
ഇപ്പോള് എല്ലാ പരിധിയും വിടുന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. എവിടെയോ കറങ്ങിയിരുന്ന വ്യാജ വീഡിയോയാണ് ജോ ജോസഫിന്റെ പേരില് പ്രചരിക്കുന്നത്.
തിരഞ്ഞെടുപ്പ് 31ന് കഴിയും. അതില് ഒരാള് ജയിക്കുകയും മറ്റുള്ളവര് തോല്ക്കുകയും ചെയ്യും. അതിനു ശേഷവും നമുക്കെല്ലാം ഈ നാട്ടില് ജീവിക്കാനുള്ളതല്ലേയെന്നും ദയ പാസ്കല് ചോദിക്കുന്നു.
തെരഞ്ഞെടുപ്പില് ജോ ജോസഫിന്റെ സ്ഥാനാര്ഥിത്വം പ്രഖ്യാപിച്ചതു മുതല് ഇദ്ദേഹത്തിനെതിരേ നിരവധി ട്രോളുകളും വരുന്നുണ്ട്.