രോഗിയെ തറയിൽ മുട്ടുകുത്തിയിരുന്ന് ചികിത്സിക്കുന്ന യുവ ഡോക്ടർ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്.
കോട്ടയം മെഡിക്കൽ കോളേജിലെ വാർഡിൽ നിന്നുള്ള ദൃശ്യമായിരുന്നു. ജൂനിയർ ഡോക്ടറായ വിദ്യ അനിലിന്റെ ചിത്രമായിരുന്നു അത്.
എന്നാൽ മെഡിക്കൽ കോളേജുകളിൽ ഇത് ഒരു പുതിയ കാഴ്ചയല്ലെന്ന് ഡോ. ദിവ്യ കുറിക്കുന്നു.
തനിക്ക് മുന്നേ ഇവിടെ ഡ്യൂട്ടി എടുത്തവരും തനിക്ക് ശേഷം ഇവിടെ ഡ്യൂട്ടി എടുക്കാൻ വരുന്നവരും ഇങ്ങനെ തന്നെയാണ് രോഗിയെ പരിപാലിക്കാൻ പോകുന്നത്.
ഡോക്ടർമാരെ ദൈവ തുല്യരായി കണക്കാക്കുന്നതിന്റെ പ്രശ്നവും ഇതിലുണ്ടെന്ന് ദിവ്യ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഷെയർ ചെയ്യപ്പെട്ട എന്റെ ഒരു ഫോട്ടോയും അതിന്റെ ക്യാപ്ഷനും എല്ലാവരും കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു.
മെഡിക്കൽ കോളേജുകളിൽ ഇത് ഒരു പുതിയ കാഴ്ചയല്ല. (കൂടെ ജോലിചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും അവരുടെ ഫോട്ടോ എന്തുകൊണ്ട് ഈ അജ്ഞാതൻ എടുത്തില്ലയെന്ന ചിന്തയിലാണ് ഇപ്പോൾ.)
വരാന്തയിലും നിലത്തുമൊക്കെ കിടക്കുന്ന രോഗികളെ ഇവിടെയുള്ള എല്ലാവരും ശുശ്രുഷിക്കുന്നത് ഇപ്രകാരം തന്നെയാണ്.
എനിക്ക് മുന്നേ ഇവിടെ ഡ്യൂട്ടി എടുത്തവരും എനിക്ക് ശേഷം ഇവിടെ ഡ്യൂട്ടി എടുക്കാൻ വരുന്നവരും ഇങ്ങനെ തന്നെയാണ് രോഗിയെ പരിപാലിക്കാൻ പോകുന്നത്.
അതുകൊണ്ടുതന്നെ ഇത് ഒരു വല്യ സംഭവമല്ല, ആദ്യമായിട്ട് നടന്നതുമല്ല. ഡോക്ടർമാരെ ദൈവ തുല്യരായി കണക്കാക്കുന്നതിന്റെ പ്രശ്നവും ഇതിലുണ്ട്. ദൈവം മുട്ടുകുത്തി നിൽക്കുന്നത് അപൂർവ കാഴ്ചയാണലോ!
അതുകൊണ്ടാണല്ലോ ഒരു ന്യൂസ് വാല്യൂ പോലും ഇല്ലാത്ത ഈ ഫോട്ടോയും ക്യാപ്ഷനും ആയിരത്തോളം പേർ ഷെയർ ചെയ്യാൻ ഇടയുണ്ടായത്.
ഇതേ സമയം വാർഡിൽ കിടന്ന് ഒരു രോഗിയെ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടും രക്ഷിക്കാൻ ആയില്ലെങ്കിൽ കൂട്ടിരുപ്പുക്കാർ എന്നെ ആക്രമിച്ചാൽ ഇന്ന് ഇതേ പോസ്റ്റ് ഷെയർ ചെയ്ത എത്രപേർ എന്റെ കൂടെയുണ്ടാവും?
ഫോട്ടോയിൽ കാണുന്നതുപോലെ തന്നെ രോഗികളെ നോക്കാറുള്ള ഒരു ജൂനിയർ റെസിഡന്റ് ഡോക്ടറെയാണ് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ രോഗി മരിച്ചതിനെ തുടർന്ന് കൂട്ടിരിപ്പുക്കാർ ആക്രമിച്ചത്. മൂവാറ്റുപുഴയിലും ഈ അടുത്ത് ഇതേ സംഭവം ഉണ്ടായി. ആരെങ്കിലും അറിഞ്ഞോ?
കോട്ടക്കലിൽ ഡോക്ടറെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം തടഞ്ഞ സെക്യൂരിറ്റിക്കാരന് മർദ്ദനമേറ്റു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില് ഒരു ഡോക്ടറെ ഈ കഴിഞ്ഞ ദിവസം മര്ദ്ദിച്ചു. അങ്ങനെ എത്ര എത്ര കേസുകൾ!
സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠിച്ചിറങ്ങിയ എല്ലാ ഡോക്ടർമാരും ആ ഫോട്ടോയിൽ കാണുന്നതുപോലെ തന്നെ രോഗികളെ നോക്കിയവരാണ്.
അവർക്ക് ഒരു രോഗിയെ രക്ഷിക്കാൻ ആയില്ലെങ്കിൽ അത് അവരുടെ കുറ്റമാണെന്ന് ചുമത്തി അവരെ ആക്രമിക്കുന്നത് എവിടെത്തെ ഏർപാടാണ്?
ആ കാര്യം അവിടെ നിൽക്കട്ടെ, പിജി ഡോക്ടർമാർ ഇപ്പോൾ സമരത്തിലാണെന്നുള്ള കാര്യം എത്ര പേർക്കറിയാം?
ഒന്നാം വർഷ പിജി ഡോക്ടർമാർ ഇതുവരെ ജോയിൻ ചെയ്തിട്ടില്ല. അതുമൂലം രണ്ടാം വർഷവും മൂന്നാം വർഷവും പിജി ചെയുന്ന ഡോക്ടർമാർ ഇരട്ടി പണിയാണ് ചെയുന്നത്.
ഹൌസ് സർജൻസിന്റെ കാര്യവും കഷ്ടമാണ്. കേന്ദ്ര സർക്കാരിന്റെയും ദേശിയ മെഡിക്കൽ കമ്മിഷന്റെയും അനാസ്ഥയുടെ ഫലമായി ഉണ്ടാകുന്ന ഈ കാലതാമസം ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
രോഗികൾക്ക് അവർക്ക് ആവശ്യമായ പരിപാലനം കൊടുക്കാനുള്ള സന്ദർഭമോ സമയമോ ഇവിടെയില്ല. അതിനൊക്കെ എതിരെ അഖിലേന്ത്യാ തലത്തിൽ പിജി ഡോക്ടർമാർ സമരം ചെയുകയാണ്. എന്നിട്ടും അധികാരികളോ മീഡിയയോ ഇതറിഞ്ഞ മട്ടില്ല.
ഡോക്ടർമാർ ചെയ്യുന്ന ജോലി മഹത്വൽകരിച്ചിട്ട്, ഊണും ഉറക്കവുമില്ലാതെ ഓടാൻ കഴിവുള്ള മെഷീനുകൾ ആയി ചിത്രീകരിക്കുമ്പോൾ വിഷമമുണ്ട്.
ഉറക്കവും വിശപ്പുമുള്ള അമാനുഷിക കഴിവുകൾ ഒട്ടും തന്നെയില്ലാത്ത തൊഴിലാളികൾ തന്നെയാണ് ഈ ജൂനിയർ ഡോക്ടർമാർ എന്നുള്ള കാര്യം വീണ്ടും വീണ്ടും ഓർമപ്പെടുത്തട്ടെ.
മുട്ടുകുത്തിനിൽക്കുന്ന ഡോക്ടറുടെ ഫോട്ടോ ഷെയർ ചെയുന്നത് ഒഴിവാക്കിയിട്ട് സമൂഹം കാണേണ്ട, കേൾക്കേണ്ട അത്യാവശ്യമായ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം. പി ജി ഡോക്ടർമാരുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.
നിങ്ങൾക്കോ നിങ്ങൾക്ക് പരിചയുമുള്ള ആർക്കെങ്കിലുമൊ ഒരസുഖം വന്നാൽ നോക്കാനായിട്ട് ആവശ്യമുള്ള ഡോക്ടർമാർ പൂർണ ആരോഗ്യമുള്ളവരായി മെഡിക്കൽ കോളേജുകളിൽ ഉണ്ടാവണമെന്നത് നമ്മുടെ എല്ലാവരുടെയും പൊതുവായ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഈ സമരം വിജയിക്കേണ്ടതും നമ്മുടെ ആവശ്യമാണ്.