കേരളീയ ജനത ജാതിമത രാഷ്ട്രീയ ഭേദമന്യേ ഉമ്മന്ചാണ്ടിയോളം നെഞ്ചിലേറ്റിയ നേതാക്കള് കേരളത്തിന്റെ ചരിത്രത്തില് തന്നെ അപൂര്വമാണ്.
വലിപ്പച്ചെറുപ്പമില്ലാതെ ഏവര്ക്കും എപ്പോള് വേണമെങ്കിലും പ്രാപ്യമായിരുന്ന നേതാവായിരുന്നു അദ്ദേഹം.
ഉമ്മന്ചാണ്ടിയെ കണ്ടാല് ഒരുപരിഹാരമുണ്ടാകും എന്നത് മലയാളികളില് രൂഢമൂലമായ വിശ്വാസമായിരുന്നു.
അത്തരത്തില് ഉമ്മന്ചാണ്ടിയില്നിന്ന് ഒരിക്കലും മറക്കാനാകാത്ത സഹായം ലഭിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് എഴുത്തുകാരിയും ഹോമിയോ ഡോക്ടറുമായ ഫാത്തിമ അസ്ല. യൂട്യൂബ് വീഡിയോയിലൂടെയാണ് അസ്ല ഇക്കാര്യം പങ്കുവെച്ചത്.
വര്ഷങ്ങള്ക്ക് മുന്പ് പ്ലസ്ടു പഠനകാലത്ത് യാത്രസൗകര്യമില്ലാതെ സ്കൂള് വിദ്യാഭ്യാസം മുടങ്ങുമെന്ന ഘട്ടത്തിലാണ് ഭിന്നശേഷിക്കാരിയായ അസ്ലയും കുടുംബവും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്ചാണ്ടിക്ക് കത്തെഴുന്നത്.
ഏറെ പ്രതീക്ഷയോടെ എഴുതിയ ആ കത്തിന് ഉടന്തന്നെ മറുപടി വന്നു. വൈകാതെ തന്നെ അസ്ലയുടെ യാത്രാസൗകര്യത്തിനായി ഒരു സ്കൂട്ടര് വാങ്ങിക്കാനുള്ള പണവും അനുവദിച്ചു.
വര്ഷങ്ങള്ക്കിപ്പുറം ഹോമിയോ ഡോക്ടറായി ജോലിചെയ്യുമ്പോള് ഒരുഘട്ടത്തില് ചോദ്യചിഹ്നമായിരുന്ന തന്റെ വിദ്യാഭ്യാസം തടസങ്ങളില്ലാതെ പൂര്ത്തിയാക്കുന്നതില് ആ സ്കൂട്ടറിന്റെ പങ്ക് ചെറുതല്ലെന്ന് പറയുകയാണ് അസ്ല.
അതേക്കുറിച്ച് അസ്ല പറയുന്നതിങ്ങനെ…ഓട്ടോക്ക് പൈസ കൊടുക്കാന് കഴിയാത്തത് കൊണ്ട് സ്കൂളില് പോവുന്നത് മുന്നില് ചോദ്യചിഹ്നമായി വന്നപ്പോഴാണ് അപ്പ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്ചാണ്ടി സാര് നയിച്ചിരുന്ന സുതാര്യ കേരളം പദ്ധതിയിലേക്ക് അപേക്ഷ നല്കുന്നത്.
ജീവിതം വഴിമുട്ടി പോയ ഞങ്ങളെപോലുള്ള മനുഷ്യര്ക്ക് അന്ന് സുതാര്യ കേരളവും ഉമ്മന്ചാണ്ടി സാറുമായിരുന്നു ഏക പ്രതീക്ഷ.
പലരുടെയും സങ്കടങ്ങള്ക്ക് പരിഹാരം കാണുന്ന മുഖ്യനെ കണ്ട് അഭിമാനിച്ചിരുന്ന, അദ്ദേഹം എന്റെ സങ്കടവും കേള്ക്കുമെന്നും എനിക്കും മറ്റുകുട്ടികളെ പോലെ എല്ലാ ദിവസവും സ്കൂളില് പോവാന് കഴിയുമെന്ന് വിശ്വസിച്ചിരുന്ന ഒരു പെണ്കുട്ടിയായിരുന്നു ഞാന്.
അപ്പയുടെ അത്ര നല്ലതല്ലാത്ത കയ്യക്ഷരത്തില് വലിച്ചുവാരി എഴുതിയ അപേക്ഷക്ക് പെട്ടന്ന് തന്നെ മറുപടി വന്നു. മറുപടി കത്ത് കിട്ടിയപ്പോഴുണ്ടായ ഞങ്ങളുടെ സന്തോഷം ഇന്നും ഓര്ക്കുന്നു. പെട്ടന്ന് തന്നെ സ്കൂട്ടര് വാങ്ങാനുള്ള പൈസ ലഭിച്ചു.
തടസ്സങ്ങളില്ലാതെ എനിക്ക് എന്റെ വിദ്യാഭ്യാസം പൂര്ത്തിയാക്കാന് സാധിച്ചതില് ആ സ്കൂട്ടറിന്റ പങ്ക് ചെറുതല്ല. വര്ഷങ്ങള്ക്ക് ശേഷം ഞാന് കോട്ടയത്തെ ഹോമിയോ മെഡിക്കല് കോളേജില് അഡ്മിഷന് എടുത്തു.
ആ കാലത്ത് എന്തൊക്കെയോ ബുദ്ധിമുട്ടുകള് വന്നപ്പോള് ഒരു ദിവസം പുലര്ച്ചെ എഴുന്നേറ്റ് അപ്പക്കും ഉമ്മച്ചിക്കുമൊപ്പം അദ്ദേഹത്തെ കാണാന് പോയത് ഇപ്പോഴും ഓര്ക്കുന്നു.
നേരം വെളുത്തു തുടങ്ങുന്നതിന് മുന്നെ തന്നെ എത്ര മനുഷ്യരാണ് പുതുപ്പള്ളിയിലെ ആ വീടിന് ചുറ്റുമുണ്ടായിരുന്നത് ! പ്രായമായവര്, കൈക്കുഞ്ഞുങ്ങളുമായി വന്നവര്, വീല്ചെയറിലും സ്ട്രക്ച്ചറിലുമായവര്, അങ്ങനെ അനേകം മനുഷ്യര്.
ഉമ്മന്ചാണ്ടി എന്ന നേതാവിനോട് ജനങ്ങള്ക്കുള്ള വിശ്വാസം അന്നാണ് ഞാന് നേരിട്ട് കണ്ടത്…
ഒരുപക്ഷെ, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില് അദ്ദേഹത്തിന്റെ കടമകളായിരിക്കാം അദ്ദേഹം ചെയ്തത്.. എന്നാല്, അദ്ദേഹത്തെ വിശ്വസിച്ചത് പോലെ ഞാന് ഇനി ഒരു നേതാവിനെ വിശ്വസിക്കാനിടയില്ല.
അന്ന് സഹായത്തിനായി കയറി ചെന്നത് പോലെ ഇനിയൊരിക്കലും ഞാന് ഒരു നേതാവിന്റെ മുന്നിലേക്കും കയറി ചെല്ലാനിടയില്ല,അത് തന്നെയാണ് ഉമ്മന്ചാണ്ടി എന്ന മനുഷ്യന് പുതിയതായി രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നവര്ക്ക് തുറന്ന് കൊടുക്കുന്ന പാഠവും..
രാഷ്ട്രീയത്തില് അദ്ദേഹം ഇനിയും സജീവമാകുമെന്ന് എപ്പഴൊക്കെയോ വിശ്വസിച്ചു പോയത് കൊണ്ട് വെള്ള ഖദര് ഷര്ട്ടിട്ട, അധികം കോലാഹലങ്ങളില്ലാതെ പതിയെ സംസാരിക്കുന്ന, പുഞ്ചിരിക്കുന്ന ആ വലിയ മനുഷ്യന് ഇനിയില്ലെന്ന് വിശ്വസിക്കാന് പ്രയാസമുണ്ട്…
പക്ഷെ, എല്ലാ കാലവും ഞാന് നിങ്ങളെ ഓര്ക്കും, എന്നോട് ഏറ്റവും കൂടുതല് കരുണ കാണിച്ച മനുഷ്യരിലൊരാളായി…അസ്ലയുടെ വാക്കുകള്…