
“എല്ലാ മുറിവുകളും ഉണങ്ങും…
തഴഞ്ഞു മാറിയവര്‍ ചേര്‍ത്തു നിര്‍ത്തും…
ഇരുട്ടു മാറി വീണ്ടും നിലാവു പരക്കും ………………………………………………………..
ചിറകുകള് വീശി ഉയരങ്ങള്‍ കീഴടക്കും
ലോകം നിനക്കുവേണ്ടി കാത്തിരിക്കും….
കാതോര്‍ത്തിരിക്കും…’
വെള്ളക്കടലാസില്‍ അവൾ കോറിയതു വാക്കുകളായിരുന്നില്ല, ജീവിതമായിരുന്നു. കൈപിടിക്കേണ്ടവർ കൈയൊഴിഞ്ഞപ്പോഴും അവൾ തോറ്റില്ല. ആ കുഞ്ഞിപ്പാത്തു ഇന്നു ഡോ. ഫാത്തിമാ അസ്ലയാണ്. അവളുടെ ജീവിതത്തിനു കണ്ണീരുപ്പിന്റെ നനവുണ്ട്.
പിറന്നു വീണു മൂന്നാം ദിനമാണ് കുഞ്ഞിപ്പാത്തുവിന്റെ കാലിലെ വളവ് അമ്മൂമ്മ കണ്ടത്. ഡോക്ടര്‍മാര്‍ പറഞ്ഞു, വാപ്പയുടെ അതേ രോഗമാണ് കുഞ്ഞിനെയും ബാധിച്ചിരിക്കുന്നത്- ഓസ്റ്റിയോജെനസിസ് ഇംപെർഫെക്ട.
ശരീരത്തിലെ എല്ലുകളെല്ലാം പൊട്ടുന്ന ജനിതകരോഗമാണിത്. ഒന്നുറക്കെ തുമ്മുകയോ ചുമയ്ക്കുകയോ എന്തിനു ചിരിച്ചാൽപ്പോലും എല്ലു പൊട്ടിയേക്കാം.
“ചെറുപ്പത്തിലെ കാര്യങ്ങള്‍ അപ്പ പറഞ്ഞറിയാം. കാലിന്റെ വളവു മാറാന്‍ എത്രയോ ദിവസം എന്നെ തലകീഴായി കെട്ടിത്തൂക്കിയിട്ടിരുന്നു. അന്നു മുതല്‍ കഴിഞ്ഞ ഒരു വര്‍ഷം മുന്‍പുവരെ ഒടിവും പൊട്ടലുമൊക്കെ എന്റെ ജീവിതത്തിലെ നിത്യസംഭവങ്ങളായി മാറി.
കഴിഞ്ഞ വര്‍ഷം മൂന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ വാക്കറിന്റെ സഹായത്തോടെ മെല്ലെ നടക്കാം എന്നായിട്ടുണ്ട്. ഇപ്പോള്‍ ആരുടെയും സഹായമില്ലാതെ കുറച്ചുനേരമൊക്കെ നില്‍ക്കാനും സാധിക്കും.”
ഒരു ദിവസം പോലും മെഡിക്കൽ വിദ്യാർഥിനിയാകാൻ കഴിയില്ലെന്നു പരിഹസിച്ചവർക്കു മുന്നിലാണ് ഈ പെൺകുട്ടി ഇന്നു ചിരിച്ചു നിൽക്കുന്നത്.
ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ഫാത്തിമ അസ്ല ഡോക്ടറാണ്. ഫാത്തിമയുടെ കവിതാ സമാഹാരമായ നിലാവുപോലെ ചിരിക്കുന്ന പെൺകുട്ടിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കോട്ടയം കുറിച്ചി എഎൻഎസ്എസ് ഹോമിയോ മെഡിക്കൽ കോളജ് മുറ്റത്ത്, തന്റെ വീൽ ചെയറിലിരുന്നു ഫാത്തിമ അസ്ല എന്ന നാലാം വർഷ ബിഎച്ച്എംഎസ് വിദ്യാർഥിനി സംസാരിച്ചു തുടങ്ങി.
സ്വപ്നങ്ങളെ മുറുകെ പിടിക്കണം
”മുറിവുകളില്‍ മരുന്നാവാം, സ്നേഹമാവാം, മറ്റുള്ളവര്‍ക്കു തണലാവാം” സ്വന്തം സ്വപ്നത്തെക്കുറിച്ചു ഫാത്തിമ കുറിച്ചത് ഇങ്ങനെയാണ്.
ചെറുപ്പം മുതല്‍ ആശുപത്രി വാര്‍ഡിന്റെ ചുവരുകള്‍ക്കുള്ളില്‍, മരുന്നിന്റെ മണമറിഞ്ഞു വളര്‍ന്ന കുഞ്ഞിപ്പെണ്ണ് കണ്ട വലിയ സ്വപ്നമാണ് വളര്‍ന്നുവലുതാകുമ്പോള്‍ ഡോക്ടറാകണമെന്നത്.
“കുട്ടിക്കാലത്ത് അധ്യാപകരേക്കാള്‍ കൂടുതല്‍ ഞാന്‍ ഇടപഴകിയിട്ടുള്ളതു ഡോക്ടര്‍മാരോടാണ്. എഴുതിയ പരീക്ഷകളിലെല്ലാം മികച്ച മാര്‍ക്ക് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നു പറയുമ്പോള്‍ ഫാത്തിമയുടെ ചിരിയില്‍ ആത്മവിശ്വാസത്തിന്റെ നറുനിലാവു പടരുന്നു.
താങ്ങാകേണ്ടവര്‍ തളര്‍ത്തുമ്പോള്‍
”ഒടിവുകള്‍ സംഭവിക്കുന്നതുമൂലം എനിക്കു തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടമായി. ട്യൂഷനു പോയി പഠിക്കാനുള്ള സാമ്പത്തികസ്ഥിതി വീട്ടില്‍ ഉണ്ടായിരുന്നില്ല.
അതുകൊണ്ട് എന്‍ട്രന്‍സിനുള്ള തയാറെടുപ്പ് സ്വയമായിരുന്നു. എങ്കിലും മെഡിക്കല്‍ എന്‍ട്രന്‍സിന് എനിക്കു താരതമ്യേന ഭേദപ്പെട്ട റാങ്ക് ഉണ്ടായിരുന്നു. പക്ഷേ, എനിക്കവിടെ നേരിടേണ്ടിവന്നത് വളരെ വിഷമകരമായ അനുഭവങ്ങളാണ്.
ഭിന്നശേഷിക്കാരായവര്‍ക്ക് അഡ്മിഷന് നല്‍കാനുള്ള മെഡിക്കൽ ബോർഡിലെ പലരുടെയും മനോഭാവം “നീയൊക്കെ മെഡിക്കല്‍ ഫീല്‍ഡില്‍ എന്തു ചെയ്യാന്‍” എന്നായിരുന്നു. അന്ന് അവിടെനിന്നിറങ്ങുമ്പോള്‍ എനിക്കു വല്ലാതെ പൊള്ളുന്നുണ്ടായിരുന്നു.
എന്റെ സ്വപ്നങ്ങളെയും ആത്മവിശ്വാസത്തെയുമാണ് അവര്‍ പരിഹസിച്ചു തള്ളിയത്” ഫാത്തിമയുടെ കണ്ണുകളില്‍ പടർന്ന നനവ് വാക്കുകളെ ഉള്ളിലേക്കു വലിച്ചു.
”ആ ഹാളില്‍നിന്നു പുറത്തുവന്ന എന്നെ കാത്തിരുന്നതും വളരെ വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. അഡ്മിഷന് തരില്ലെന്നു ബോര്‍ഡ് പറഞ്ഞതോടെ സ്പോണ്സര് ചെയ്യാമെന്ന് ഏറ്റിരുന്നവര്‍ കൈയൊഴിഞ്ഞു. വല്ലാതെ വേദനിച്ച നിമിഷങ്ങളാണത്.” ഫാത്തിമ പറയുന്നു.
ചവിട്ടുപടികൾ
രണ്ടാംവട്ടം എന്‍ട്രന്‍സ് ക്വാളിഫൈഡ് ആയശേഷം ഫാത്തിമ പാനലിനു മുന്നിലേക്കു ചെന്നതു നടന്നാണ്. ആ വിശേഷങ്ങള്‍ പങ്കുവച്ചു തുടങ്ങിയപ്പോള്‍തന്നെ ഫാത്തിമയുടെ മുഖം സന്തോഷം കൊണ്ടു ചുവന്നു.
”താന്‍ വീണ്ടും വന്നോടോ” എന്ന ചോദ്യത്തോടെയാണ് എന്നെ പാനല്‍ സ്വീകരിച്ചത്. ഇക്കുറി സന്തോഷത്തോടെയായിരുന്നു ചോദ്യം. ”വരാണ്ട് പറ്റൂലല്ലോ സാര്‍” എന്നു ഞാൻ പറഞ്ഞു.
ആദ്യത്തെ പ്രാവശ്യം വീല്‍ചെയറില്‍ പോയ ആള് തൊട്ടടുത്ത വര്‍ഷം നടന്നുചെല്ലുന്നതു കണ്ടപ്പോള്‍ അവര്‍ക്കും എന്നില്‍ വിശ്വാസം തോന്നിക്കാണും.
എന്‍ട്രന്‍സ് കോച്ചിംഗിനൊപ്പം നടക്കാനും ഞാൻ പഠിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വലിയ ഹാള്‍ നടന്നു പുറത്തേക്കിറങ്ങുമ്പോള്‍ ലോകംതന്നെ കീഴടക്കിയ സന്തോഷമായിരുന്നു .”
ചിരികൊണ്ടു നേരിട്ട വെല്ലുവിളികള്‍
കുറിച്ചിയിലെ ഹോമിയോ മെഡിക്കല്‍ കോളജിലേക്ക് വരുമ്പോള്‍ ഫാത്തിമയെ നോക്കി കണ്ണുരുട്ടിയത് മുകളിലേക്കു തലയെടുപ്പോടെ നിന്ന പടിക്കെട്ടുകളാണ്.
എന്നാല്‍, കണ്ണുരുട്ടി പേടിപ്പിച്ച പടിക്കെട്ടുകളെ ഫാത്തിമ കണ്ണിറുക്കി കാണിച്ചു.” കോളജിലെത്തി സ്റ്റെപ് കണ്ടപ്പോൾ എന്തു ചെയ്യുമെന്നറിയാതെ നിന്നു.
പക്ഷേ ആദ്യ ദിവസം തന്നെ ക്ലാസിലെ കുട്ടികൾ എനിക്കു തുണയായി. ആൺകുട്ടികൾ ഓടിവന്നു വീൽചെയറോടെ എന്നെ എടുത്തു ക്ലാസ് മുറിയിലേക്കു കൊണ്ടുപോയി.
വീൽചെയർ ഇല്ലാതെ എവിടെയെങ്കിലും പോകേണ്ടതായി വന്നാൽ പെൺകുട്ടികൾ തോളിലേറ്റും. അവസാന വർഷത്തെ കോളജ് ടൂറിനും അവർ എന്നെ എടുത്തുകൊണ്ടാണ് പോയത്. അവരുണ്ടായിരുന്നതുകൊണ്ട് പിടിച്ചുനിൽക്കുക എന്നതു വലിയ ബുദ്ധിമുട്ടായിരുന്നില്ല.” – ഫാത്തിമ പറയുന്നു.
പ്രചോദനമാകാം, പ്രകാശം പരത്താം
എന്റെയുള്ളിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും ആശയങ്ങളും പങ്കുവയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് സോഷ്യൽമീഡിയ അക്കൗണ്ടുകൾ തുടങ്ങിയത്.
ഡ്രീം ബിയോണ്ട് ഇൻഫിനിറ്റി എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചതും അങ്ങനെ തന്നെ. എന്നാൽ ഇതൊക്കെ പലർക്കും പ്രചോദനമാകാറുണ്ടെന്നു പറയുന്നു.
പലരും ഇൻബോക്സിൽ വന്ന് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്.” ഫാത്തിമയുടെ വാക്കുകളിൽ അഭിമാനം.
നിലാവ്പോലെ
മറ്റു കുട്ടികളെപ്പോലെ പുറത്തിറങ്ങി കളിച്ചാൽ ഒടിവുണ്ടാകുമോ എന്ന ഭയം അവളെ പുസ്തകങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയാക്കിയുരുന്നു.
അങ്ങനെ എഴുതിയ കവിതകളുടെ ശേഖരമാണ് പെൻഡുലം ബുക്സ് പുറത്തിറക്കിയിരിക്കുന്ന നിലാവു പോലെ ചിരിക്കുന്ന പെൺകുട്ടി എന്ന പുസ്തകം. ” നിലാവിനെക്കുറിച്ചു പറയാൻ വാക്കുകളില്ല. ഒരുപാടു സ്നേഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.” ഫാത്തിമ പറഞ്ഞു.
ഉമ്മയുടെ തോളിലിരുന്ന്
ഏതു വേനലിലും ഓടിക്കയറാവുന്ന തണലാണ് ഫാത്തിമയ്ക്കു കുടുംബം. അപ്പ അബ്ദുൾ നാസറും ഉമ്മിച്ചി ആമിനയും സഹോദരങ്ങളായ അസ്ലമും അഫ്സലും ആയിഷയും ചേരുന്നതാണ് ഫാത്തിമയുടെ ചെറിയ വലിയ ലോകം.
” തുടര്‍ച്ചയായി ഒടിവുകള്‍ സംഭവിച്ചിരുന്നതിനാല്‍ പതിവായി ക്ലാസുകള്‍ മുടങ്ങിയിരുന്നു. എന്നാല്‍, പഠിക്കാനുള്ള എന്റെ ആഗ്രഹം മനസിലാക്കി ഉമ്മിച്ചി എന്നേയും തോളിലേറ്റി കിലോമീറ്ററുകള്‍ അകലെയുള്ള സ്കൂളിലേക്കു നടക്കും.
എല്‍പി സ്കൂളിലേക്ക് ഉമ്മയുടെ തോളിലിരുന്നു പോയത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. അപ്പയും ഉമ്മിച്ചിയും ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്തേനെ എന്നു പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്.
സാന്പത്തികമായോ വിദ്യാഭ്യാസപരമായോ ഉയർന്നവരല്ലെങ്കിലും ഞാൻ സ്വപ്നം കണ്ടു എന്നതുകൊണ്ടു മാത്രം എന്നെ ഡോക്ടറാക്കിയവരാണ് രണ്ടാളും.
താമരശേരിയിലെ വീടിൽനിന്ന് എന്നെയും കൂട്ടി കോഴിക്കോട്ടേക്കും കോട്ടയത്തേക്കും വന്നത് എന്റെ സ്വപ്നം യാഥാർഥ്യമാക്കാനാണ്. ഇക്കാക്കയും അനിയനും അനിയത്തിയുമെല്ലാം അങ്ങനെ തന്നെ. ”
അഞ്ജലി അനിൽകുമാർ