കൊച്ചി: കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരന്റെ പേരിൽ വാട്സ്ആപ്പിലൂടെ വ്യാജസന്ദേശം പ്രചരിക്കുന്നത് സംബന്ധിച്ച് സൈബർ സെൽ വിശദമായ അന്വേഷണം ആരംഭിച്ചു. ചൂടുവെള്ളത്തിൽ ചെറുനാരങ്ങനീരു കലക്കി രാവിലെ ആഹാരത്തിന് മുന്പ് പതിവായി കഴിച്ചാൽ അത് കീമോതെറാപ്പി ചെയ്യുന്നതിനേക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണെന്നാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നത്.
കൂടാതെ പഞ്ചസാര ഒഴിവാക്കിയാൽ കാൻസറിൽ നിന്നും രക്ഷ നേടാമെന്നും പറയുന്നുണ്ട്. ഇതുസംബന്ധിച്ച് സന്ദേശം കൈമാറി വന്ന വാട്സ്ആപ്പ് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് സൈബർ സെൽ അറിയിച്ചു.
വാട്സ്ആപ്പ് സന്ദേശമായതിനാൽ ഇതിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്നതിന് സമയമെടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സൈബർ സെൽ എസ്ഐ വൈ.ടി.പ്രമോദ് രാഷ്ട്രദീപികയോടു പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിക്കുന്നതിനെതിരെ ഡോ.വി.പി.ഗംഗാധരൻ തന്നെയാണ് സൈബർ സെല്ലിൽ പരാതി നൽകിയത്. അദ്ദേഹത്തിന്റെ പേരും ചിത്രവും സഹിതമാണ് സന്ദേശം പ്രചരിക്കുന്നത്. തന്റെ അറിവോടെയല്ല സന്ദേശം പ്രചരിക്കുന്നതെന്നും ഇത് കാൻസർ ചികിത്സയെക്കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.