തനിയ്ക്കെതിരേ വ്യാപകമായ സൈബര് ആക്രമണം നടക്കുന്നുണ്ടെന്നും ജീവിക്കാന് സമ്മതിക്കുന്നില്ലെന്നും ആരോപിച്ച് ഗിരിജ തീയറ്റര് ഉടമ ഡോ.ഗിരിജയുടെ തുറന്നു പറച്ചില്.
കഴിഞ്ഞ അഞ്ച് വര്ഷമായി തിയേറ്ററിന് നേരെ കടുത്ത ആക്രമണം നടക്കുന്നുണ്ടെന്നും അവര് പറഞ്ഞു.
ഇത്രയും വര്ഷത്തിനിടെ 12 തവണയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോര്ട്ട് ചെയ്ത് പൂട്ടിച്ചതെന്നും ഗിരിജ പറഞ്ഞു.
തീയേറ്ററിലെ ടിക്കറ്റ് ഓണ്ലൈന് ബുക്കിംഗ് സൈറ്റുകള് വഴിയല്ലാതെ സമൂഹമാധ്യമങ്ങള് വഴി നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതോടെയാണ് ഗിരിജയ്ക്കെതിരേ സൈബര് ആക്രമണം തുടങ്ങിയത്.
ബുക്ക് മൈ ഷോയില് തന്റെ തിയേറ്ററിന്റെ പേരില്ലെന്നും അതിനാല് ഫേസ്ബുക്കും ഇന്സ്റ്റാഗ്രാമുമാണ് തന്റെ ആശ്രയമെന്നും ഗിരിജ വ്യക്തമാക്കി.
‘2018 മുതല് 12ലേറെ തവണയാണ് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത്. സോഷ്യല് മീഡിയ അക്കൗണ്ടുകള് സ്വയം കൈകാര്യം ചെയ്യുന്നതുകൊണ്ടാണോ ഇങ്ങനെ എന്ന് തോന്നിയിട്ട് അത് ഒരു പ്രൊമോഷന് ടീമിനെ ഏല്പിച്ചു. പക്ഷേ അവര്ക്കും പണികിട്ടി’ ഗിരിജ പറഞ്ഞു.
‘ഇന്സ്റ്റഗ്രാമിലൂടെ പ്രചാരണം നടത്തിവരുമ്പോള് ആ അക്കൗണ്ടും മാസ് റിപ്പോര്ട്ട് അടിച്ച് പോയി. ഇപ്പോള് എനിക്ക് ഫേസ്ബുക്കോ ഇന്സ്റ്റാഗ്രാമോ ഒന്നുമില്ല. ഏത് സിനിമയാണ് എന്റെ തിയേറ്ററില് ഉള്ളതെന്ന് ജനങ്ങളിലേയ്ക്കെത്തിക്കാന് ഒരു മാര്ഗവുമില്ല’ ഉടമ വ്യക്തമാക്കി.
ആരാണ് ഇതിനു പിന്നിലെന്ന് കണ്ടുപിടിക്കാന് ഒരു വഴിയുമില്ലെന്നും സൈബര് സെല്ലിന് കുറെത്തവണ പരാതി കൊടുത്തെങ്കിലും പിന്തുണയൊന്നും കിട്ടിയില്ലെന്നും ഡോ.ഗിരിജ പറയുന്നു.
വെബ്സൈറ്റും മറ്റുമില്ലാത്ത നിങ്ങളുടെ തിയേറ്ററിലേയ്ക്ക് എങ്ങനെയാണ് സിനിമ നല്കുകയെന്നാണ് നിര്മാതാക്കള് ചോദിക്കുന്നത്. പക്ഷേ ധൈര്യം തന്ന് തന്റെ തിയേറ്ററിലേയ്ക്ക് പടം തന്നത് ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജുമാണെന്നും ഗിരിജ വ്യക്തമാക്കി.
നല്ല കുറച്ച് നിര്മാതാക്കളുടെ സഹായത്തോടെയാണ് കഴിഞ്ഞുപോകുന്നത്. ഇങ്ങനെ ഉപദ്രവിക്കരുതെന്നും അവര് അപേക്ഷിക്കുന്നു.