ബെഡിലേക്ക് തള്ളിയിട്ട് പുതപ്പുകൊണ്ട് മൂടിയപ്പോള്‍ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു; പണവും സ്വര്‍ണവും മതിയെന്നായിരുന്നു അവരുടെ മറുപടി; തന്റെ വീട്ടില്‍ ചിരിച്ചുകൊണ്ട് മോഷണം നടത്തിയ കുടവയറനെയും കുള്ളനെയും കുറിച്ച് ഡോ.ഗ്രേസ് മാത്യു പറയുന്നതിങ്ങനെ…

അങ്കമാലി: തന്റെ വീട്ടില്‍ നിന്നും സ്വര്‍ണ-വജ്ര ആഭരണങ്ങളും വിലപിടിച്ച വാച്ചുമടക്കമുള്ള സാധനങ്ങള്‍ മോഷണം പോയതിനെക്കുറിച്ച് അത്താണി മാമ്പറ്റത്ത് പറുദീസയില്‍ ഡോ. ഗ്രേസ് മാത്യൂവിന്റെ വിവരണം കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.”അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ഴുന്നേറ്റത്. കുടവയറുള്ള ഒരാളെയും പൊക്കം കുറഞ്ഞ ഒരാളെയും മുറിയില്‍ക്കണ്ടു. നിങ്ങളാരാ എന്ന് ചോദിച്ച് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. അപ്പോള്‍ ഒരുത്തന്‍ ബെഡിലേയ്ക്ക് തള്ളി വീഴ്ത്തി,പുതപ്പുകൊണ്ട് മൂടി. ഒന്നും ചെയ്യരുതെന്ന് പറഞ്ഞപ്പോള്‍ ഉപദ്രവിക്കില്ലെന്നും പണവും സ്വര്‍ണ്ണവും മാത്രം മതിയെന്നും പറഞ്ഞു. ഒരാള്‍ കയ്യില്‍ പിടിച്ചുനില്‍ക്കുമ്പോള്‍ മറ്റെയാള്‍ സ്വര്‍ണ്ണവും പണവും മുഴുവന്‍ വാരിക്കൂട്ടി ചുരിദാറിന്റെ ഷാളില്‍ പൊതിഞ്ഞെടുത്തു. തുടര്‍ന്ന് ചിരിച്ചുകൊണ്ടുതന്നെ പിന്നിലെ വാതില്‍ വഴി മടങ്ങി”.ഗ്രേസ് പറയുന്നു.

കവര്‍ച്ചയുടെ പിന്നാമ്പുറത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് ആദ്യം പുറത്തുവന്ന വാര്‍ത്തകളേറെയും നിറംപിടിപ്പിച്ച കഥകളാണെന്നും കവര്‍ച്ചക്കാര്‍ സ്ത്രീ എന്ന നിലയില്‍ തനിക്ക് ആദരവും ബഹുമാനവും നല്‍കിയെന്നും കൈയില്‍പ്പിടിച്ചതുപോലും മൃദുവായിട്ടായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി. തന്നെ അറിയാവുന്നവര്‍ തന്നെയാണ് കവര്‍ച്ചയ്ക്ക് വന്നതെന്നും അതുകൊണ്ടാണ് തന്നോട് ഇത്രയും സ്‌നേഹവും ആദരവും പ്രകടിപ്പിച്ചതെന്നുമാണ് ഡോക്ടര്‍ വിശ്വസിക്കുന്നത്. വിവാഹത്തിന് ലഭിച്ചതടക്കം പലപ്പോഴായി കിട്ടിയ പഴയ ആഭരണങ്ങള്‍ മാറി പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ വാങ്ങിയിരുന്നു. ഇതുമുഴുവനും കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. പൊലീസില്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ടായിരുന്ന ആഭരണങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ മാത്രമാണ്.

സ്വര്‍ണ്ണ-വജ്ര ആഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുമടക്കം നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യം കണക്കുകൂട്ടുമ്പോള്‍ നഷ്ടം വളരെ വലുതാണ്. ഇതുവരെ പണിയെടുത്തുണ്ടാക്കിയ സമ്പാദ്യം ഏറെക്കുറെ മൊത്തമായും നഷ്ടമായി. തൊട്ടുത്ത വീട്ടുകാര്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടത്. എന്നിട്ടും കവര്‍ച്ചക്കാര്‍ എത്തിയത് ശരിക്കും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പരിസരവും ചുറ്റുമുള്ള താമസക്കാരെയും വ്യക്തമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് താന്‍ ഉറച്ചുവിശ്വസിക്കുന്നത് ഡോ.ഗ്രേസ് പറഞ്ഞു.

കവര്‍ച്ചക്കാര്‍ അരമണിക്കൂറിലേറെ സമയം കവര്‍ച്ചക്കാര്‍ മുറിയില്‍ ചിലവഴിച്ചെന്നും ഇവര്‍ മുറിക്ക് പുറത്തിറങ്ങിയ ഉടന്‍ വിവരം പൊലീസില്‍ അറിയിച്ചെന്നും ഡോക്ടര്‍ പറയുന്നു.
ബര്‍മുഡ മാത്രം ധരിച്ച്, തലയും മുഖവും മറച്ചാണ് കവര്‍ച്ചക്കാരെത്തിയത്. ഇവര്‍ വേഷം മാറി പോകാനുള്ള സമയം വീടിന്റെ പരിസരത്ത് തന്നെ ചെലവഴിച്ചിരിക്കാം. ആദ്യമെത്തിയ പൊലീസ് സംഘം ലൈറ്റുകളും മറ്റും ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ മോഷ്ടാക്കള്‍ വലയിലാവുമായിരുന്നെന്നുമാണ് ഇവരുടെ കണക്കുകൂട്ടല്‍.

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും വീട്ടില്‍ ജോലിക്കെത്തിയിരുന്നവരെയും ബന്ധുക്കളെയും അടക്കം നിരവധിപോരെ ചോദ്യം ചെയ്തതായി അറിഞ്ഞെന്നും കവര്‍ച്ചക്കാര്‍ താമസിയാതെ പിടിയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ.ഗ്രേസ് പറഞ്ഞു. ചെങ്ങമനാട് പ്രാഥമീകാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ് ഡോ. ഗ്രേസ്.വീടിന്റെ പിന്‍വശത്തെയും കിടപ്പുമുറിയുടെയും കതകിന്റെ അകത്തുനിന്നുള്ള കുറ്റികള്‍ ഇളക്കി മാറ്റിയാണ് രണ്ടംഗ കവര്‍ച്ച സംഘം അകത്തുകടന്നതെന്നു വ്യക്തമായിട്ടുണ്ട്. സ്വര്‍ണ്ണത്തിനും പണത്തിനും പുറമെ ഒന്നരലക്ഷം വിലമതിക്കുന്ന വജ്രാഭരണവും നഷ്ടമായി. ഡോക്ടര്‍ പറഞ്ഞ കണക്കനുസരിച്ച് 57 പവന്‍ ആഭരണം നഷ്ടമായതായാണ് പോലീസ് പറയുന്നത്. മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന വീടിന്റെ പിന്‍ഭാഗത്തു കൂടെയാണ് ഇവര്‍ എത്തിയതെന്നും പോലീസ് പറയുന്നു. നിലവില്‍ തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

Related posts