ഡബ്ലിൻ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഈ വർഷത്തെ മികച്ച ഡോക്ടർ(ഒൗട്ട്സ്റ്റാൻഡിംഗ് എൻസിഎച്ച്ഡി ഓഫ് ദി ഇയർ) അവാർഡ് നേടി ഡോ. ഹിലാൽ ഹനീഫ ആരോഗ്യ പ്രവർത്തകർക്കും പ്രത്യേകിച്ച് അയർലൻഡിലെ മലയാളി സമൂഹത്തിനും അഭിമാനമായി.
മഹാമാരിയെ ശക്തമായും ശാസ്ത്രീയമായും നേരിടുന്ന അയർലൻഡിലെ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോപ്സിറ്റലിൽ സീനിയർ മെഡിക്കൽ രജിസ്ട്രാർ പദവിയിൽ ഒരു വർഷത്തിലേറെയായി കോവിഡ് അസെസ്സ്മെന്റ് യൂണിറ്റിന് നേതൃത്വം നൽകിവരുന്ന ഡോ. ഹിലാൽ പ്രശംസനീയമായ സേവന മികവ് കാഴ്ചവച്ചതിനാണ് യൂണിവേഴ്സിറ്റി ഹോപ്സിറ്റലിലെ മെഡിക്കൽ ഫാക്കൽറ്റി അദ്ദേഹത്തെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് നൽകി അംഗീകരിച്ചത്. ഒരു ഇന്ത്യൻ ഡോക്ടർക്ക് അയർലൻഡിൽ ആദ്യമായി ലഭിക്കുന്ന അവാർഡാണിത്.
കോവിഡ് മാനദണ്ഡം പാലിച്ചുള്ള ലളിതമായ ചടങ്ങിൽ ഡയറക്ടർ ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് എഡ്യൂക്കേഷൻ & റിസർച് , ഫെലോ ഓഫ് റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് പ്രൊഫസർ കാതറിൻ മെക്ഹ്യൂഗ് ഡോ. ഹിലാലിന് അവാർഡ് സമ്മാനിച്ചു.
കോവിഡും അനുബന്ധ രോഗാവസ്ഥയുമുള്ള അനേകംപേർക്ക് രോഗമുക്തിക്കായി ഡോ. ഹിലാൽ അഹോരാത്രം നൽകിയ സേവനവും കഠിനാധ്വാനവും മെഡിക്കൽ പ്രഫഷന് ഒരു മാതൃകയാണെന്ന് പ്രഫസർ മെക്ഹ്യൂഗ് അഭിപ്രായപ്പെട്ടു.
മെഡിക്കൽ ഡിഗ്രിയോടെ 2014 ൽ അയർലൻഡിലെത്തിയ ഡോ. ഹിലാൽ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്നും ഇന്േറണൽ മെഡിസിനിൽ സ്പെഷ്യാലിറ്റി ട്രെയ്നിംഗ് പൂർത്തിയാക്കി എംആർസിപി അയർലൻഡ്, എംആർസിപി യുകെ ബിരുദാനന്തര യോഗ്യതകളും കരസ്ഥമാക്കിയിട്ടുണ്ട്.
ലോകാരോഗ്യസംഘടന നടത്തുന്ന കോവിഡ് റിസേർച്ച് പഠനങ്ങളിൽ അംഗവുമാണ് ഡോ. ഹിലാൽ. കൊല്ലം സ്വദേശിയായ ഡോ:ഹിലാൽ ഭാര്യ സെനയോടും മകൻ സെയിനോടുമൊപ്പം സ്ലൈഗോയിലാണ് താമസം.
റിപ്പോർട്ട് ജെയ്സണ് കിഴക്കയിൽ