ആധുനിക സമൂഹത്തില്‍ ചൂഷണം നേരിടുന്ന ഒരു വിഭാഗമാണ് രോഗികള്‍. ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും വകയാണവ. എത്ര ഗുരുതരമോ ലളിതമോ ആയ രോഗമായാണ് എത്തുന്നതെങ്കിലും രോഗിയെ പിഴിയുക എന്നത് അവര്‍ ശീലമാക്കിയിരിക്കുകയാണ്.
ഇത്തരക്കാര്‍ക്കിടയില്‍ വ്യത്യസ്തനായിരുന്ന ചെന്നൈ സ്വദേശിയായ ഒരു ഡോക്ടറാണ് ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്. രോഗികളില്‍ നിന്നും ചികിത്സയ്ക്കായി ഒരു രൂപ മുതല്‍ 20 രൂപ വരെ മാത്രം ഫീസ് വാങ്ങിയിരുന്ന ‘2 രൂപാ’ ഡോക്ടര്‍ ജഗന്‍മോഹനാണ് വിടവാങ്ങിയത്.
രോഗികള്‍ക്ക് താങ്ങാവുന്ന ഫീസ് നിരക്കില്‍ ചികിത്സ നടത്തിയിരുന്ന ജഗന്മോഹന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയില്‍ നിന്നും പുറത്തു നിന്നും അനേകരാണ് കണ്ണീരോടെ എത്തിച്ചേര്‍ന്നത്. പാവപ്പെട്ട രോഗികളുടെ ആശ്വാസകേന്ദ്രമായിരുന്ന ഡോ. ജഗന് മോഹന്‍ (78) ബുധനാഴ്ച രാത്രിയാണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരണമടഞ്ഞത്.
മന്ദവേലി ആര്.കെ. മഠ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഡോക്ടറുടെ മൃതദേഹം ഒരുനോക്കുകാണാന്‍ ചെന്നൈയില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് ആയിരങ്ങളാണ് എത്തിയത്.
”പതിനാറാം വയസ്സില്‍ വിവാഹം കഴിച്ച് ചെന്നൈയില്‍ എത്തിയ കാലം മുതല്‍ എല്ലായ്പ്പോഴം വന്നിരുന്നത് ഇവിടെയാണ്. അദ്ദേഹം ആദ്യം ചികിത്സയ്ക്കായി ഒരു രൂപയായിരുന്നു വാങ്ങിയിരുന്നത്. പിന്നീട് അത് രണ്ടു രൂപയാക്കി. പണമില്ലെങ്കില്‍ പോലും കാര്യമാക്കിയിരുന്നില്ല. പിന്നീട് നല്കിയാല് മതിയെന്ന് പറയും. ഇനി ഞങ്ങള്‍ക്ക് അങ്ങിനെ ആരുണ്ട്? 67 കാരിയായ സെല്‍വിഅമ്മ ചോദിക്കുന്നു. ഇതുപോലെ എത്ര ആയിരങ്ങള്‍.
സാധുക്കളായ ആള്‍ക്കാര്‍ക്കിടയിലായിരുന്നു ജഗ്മോഹന് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ തന്റെ രോഗികള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന തികച്ചും സൗജന്യമായിരുന്നു. കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാരായ പാവപ്പെട്ട സ്ത്രീകള്‍, ചേരിനിവാസികള്‍ തുടങ്ങിയവരായിരുന്നു ഇതില്‍ ഭൂരിഭാഗവും.
കുറഞ്ഞ ഫീസ് മാത്രമായിരുന്നു ഇദ്ദേഹം രോഗികളില്‍നിന്ന് വാങ്ങിയിരുന്നത്. ജഗ്മോഹന് ആദ്യകാലങ്ങളില്‍ ഫീസായി ആകെ വാങ്ങിയിരുന്നത് ഒരു രൂപയാണ്. അത് പിന്നീട് രണ്ട്, മൂന്ന്, അഞ്ച്, പത്ത് എന്നിങ്ങനെ നിരക്ക് കൂട്ടി ഇപ്പോള്‍ 20 രൂപയാക്കിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ഫീസ് 20 ആക്കിയത്.
‘രണ്ടുരൂപ ഡോക്ടര്‍’ എന്ന് തുടക്കത്തില്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നവര്‍ ഇപ്പോള്‍ ’20 രൂപാ ഡോക്ടര്‍’ എന്നാക്കി. തന്റെ രോഗികളോട് അങ്ങേയറ്റം കാരുണ്യവാനായിരുന്ന ഡോക്ടര്‍ പണത്തെക്കുറിച്ച് വിഷമിച്ചിരുന്നില്ല.
തന്നെ കാണാന്‍ വരുന്ന രോഗികളില്‍ ആരൊക്കെ ഫീസ് നല്‍കുന്നുണ്ടെന്ന് പോലും നോക്കാറില്ലായിരുന്നു. ആദ്യമെല്ലാം അദ്ദേഹത്തിന്റെ മേശയ്ക്ക് സമീപത്ത് വെച്ചിരുന്ന ബോക്സിലേക്ക് ആള്ക്കാര് തുട്ടുകള്‍ ഇടുന്നതായിരുന്നു രീതി.
തീരെ പണമില്ലാത്തവര്‍ക്ക് മരുന്ന് പോലും അദ്ദേഹം സൗജന്യമായി നല്‍കിയിരുന്നു. തന്റെ ക്ളിനീക്കില് വെറും 10 രൂപയ്ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാര്‍ കണ്‍സള്‍ട്ടിംഗ് ഫീസായി 200 രൂപ വാങ്ങുമ്പോള്‍ 15 വര്‍ഷമായി ചെന്നൈയില്‍ ജഗ്മോഹന്റെ ക്ളീനിക്ക് പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു.