വിലങ്ങാട്: ഇല്ലായ്മകളോട് പടപൊരുതി ജ്യോത്സന വിലങ്ങാട് ആദിവാസി ഊരിൽ ആദ്യ ഡോക്ടർ പദവി സ്വന്തമാക്കി. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് കുറ്റല്ലൂർ കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളി ഉഷയുടെ മൂത്ത മകളാണ് ജ്യോത്സന.
കോളനിയിലെ തീർത്തും പരിമിതമായ സാഹചര്യങ്ങളോട് പോരടിച്ച് പ്ലസ് ടുവിന് മികച്ച വിജയം കരസ്ഥമാക്കിയ ഈ മിടുക്കി 2014 ൽ ആണ് കണ്ണൂർ പറശിനിക്കടവിലെ എം.വി. രാഘവൻ സ്മാരക ആയുർവേദ കോളജിൽ ബിഎഎംഎസിന് ചേർന്നത്. ര
ണ്ട് ദിവസം മുമ്പാണ് പരീക്ഷഫലം പുറത്തുവന്നത്. 2013 ലാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കെ.പി. സുരേഷ് ബാബു, എൻ.സി. കുഞ്ഞ് മോൾ എന്നിവർ കോളനി സന്ദർശനത്തിനിടെ പഠനത്തിൽ ഏറെ മിടുക്കിയായ ജോത്സനയെ തിരിച്ചറിയുന്നത്.
തുടർന്ന് വിവരം അന്നത്തെ നാദാപുരം ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, കെ. സുരേന്ദ്രൻ, വളയം എസ്ഐ ആയിരുന്ന കെ. ശംഭുനാഥ് എന്നിവരെ അറിയിക്കുകയായിരുന്നു. തുടർന്ന് ജനമൈത്രി പോലീസിന്റെ ഇടപെടലുകളും, കോളനി വാസികളുടെയും, നാട്ടുകാരുടെയും സഹകരണവും വിദ്യാർഥിനിയുടെ തുടർപഠനത്തിന് തുണയായി.
വിലങ്ങാട് പാലൂർ ഗവ. എൽപി സ്കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറിയിൽ പത്താംതരത്തിൽ മികച്ച വിജയം കരസ്ഥമാക്കി വാണിമേൽ വെള്ളിയോട്ടെ ഗവ. ഹയർ സെക്കൻഡറിയിൽ പ്ലസ്ടുവിന് ചേർന്ന് മികച്ച വിജയം കരസ്ഥമാക്കിയ ശേഷം പാല ബ്രില്യന്റ് കോളജിലാണ് എൻട്രൻസ് പരിശീലനത്തിന് ചേർന്നത്.
ഒൻപത് മാസം നീണ്ട് നിൽക്കുന്ന ഇന്റേണൽഷിപ്പ് പൂർത്തിയായതിന് ശേഷം മൂന്ന് വർഷം പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യാനാണ് ജോത്സനയുടെ താത്പര്യം. കോളനിയിലെ സാധാരണ വിദ്യാർഥി എന്ന നിലയിൽ നിന്നും ഡോക്ടർ പദവിയിലേക്കെത്തിച്ച ഊരിനും, എല്ലാ വിധ പ്രോത്സാഹനങ്ങളും നൽകിയവർക്കുമെല്ലാം നന്ദി അറിയിക്കുകയാണ് ഡോക്ടർ.
തന്റെ വിജയത്തിന് പിന്നിൽ കാരപ്പറമ്പ് ഹൈസ്കൂളിലെ ബിനി ടീച്ചറെയും ജോത്സന നന്ദിയോടെ ഓർക്കുന്നു. വിലങ്ങാട് സെന്റ് ജോർജ് ഹൈസ്ക്കൂളിൽ എട്ടാം തരം വിദ്യാർഥി ജിഷ്ണുവും, ഏഴാം ക്ലാസ് വിദ്യാർഥിനി ജിഷ്ണയും സഹോദരങ്ങളാണ്.