വിജയത്തിലൂടെ മാത്രമല്ല പരാജയത്തിലൂടെയും ചിലര്‍ പ്രശസ്തരാകാറുണ്ട്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ഇത് വിജയികളുടെ മാത്രമല്ല പരാജിതരുടെ കൂടെ തിരഞ്ഞെടുപ്പാണെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് പരാജയങ്ങളുടെ തമ്പുരാന് ഡോ. കെ. പത്മരാജന്. പരാജയം രുചിച്ച് പ്രസിദ്ധിയാര്‍ജ്ജിച്ച ഇദ്ദേഹം തന്റെ 200-ാം തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത് നിരവധി റിക്കാര്ഡുകളുമായാണ്. തമിഴ്നാട്ടിലെ ധര്‍മ്മപുരി മണ്ഡലത്തില്‍ പോരാടാനിറങ്ങുന്ന പത്മരാജനെ കുറിച്ചാണ് ഇപ്പോള്‍ രാഷ്ട്രീയ ലോകത്തടക്കം വന്‍ ചര്‍ച്ചയായിരിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പു വരെ മത്സരിച്ച് തോല്‍വി രുചിച്ച് ‘ചരിത്രം’ സൃഷ്ടിച്ച പത്മരാജന് ആരോടൊക്കെയാണ് മത്സരിച്ചിട്ടുള്ളത് എന്ന് കേട്ടാല്‍ ഏവരും ഒന്ന് അമ്പരക്കും. അഞ്ചു തവണയാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ പത്മരാജന് മത്സരിച്ചത്. എ.പി.ജെ. അബ്ദുല്‍ കലാം, കെ.ആര് നാരായണന്, പ്രതിഭാ പാട്ടില്‍, പ്രണബ് മുഖര്‍ജി, റാം നാഥ് കോവിന്ദ്, ഹാമിദ് അന്‍സാരി, വെങ്കയ്യ നായിഡു, പി.വി.നരസിംഹറാവു, മന്മോഹന് സിങ് തുടങ്ങിയ പ്രമുഖര്‍ക്കെതിരെയെല്ലാം മത്സരിച്ച് പത്മരാജന് തോല്‍വിയുടെ പുതുചരിത്രം എഴുതി. ലോക്സഭയിലേക്ക് 29, രാജ്യസഭയിലേക്ക് 39, നിയമസഭയിലേക്ക് 62, എംഎല്‍സി 2, നഗരസഭ കൗണ്‍സില്‍ 12, പഞ്ചായത്ത് അംഗം 4 തുടങ്ങി മത്സര പട്ടിക നീളുകയാണ്.
വിനോദത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് ജീവിതത്തില്‍ അദ്ദേഹം കയ്പുനീരും കുടിക്കേണ്ടി വന്നിട്ടുണ്ട്. പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന് എതിരെ 1991ല്‍ ആന്ധ്രയിലെ നന്ദ്യാലില്‍ മത്സരിക്കുമ്പോള്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. പത്രിക നല്കി പുറത്തിറങ്ങിയ ഉടനെയാണ് ജീപ്പില്‍ എത്തിയ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി ജീപ്പില്‍ തട്ടിക്കൊണ്ടുപോയത്.നന്ദ്യാലിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സ്ഥാനാര്‍ത്ഥിയെ വധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വനമധ്യത്തിലെ അജ്ഞാത കേന്ദ്രത്തില്‍ ഏഴു ദിവസം തടങ്കലില്‍ കിടന്നു. അന്ന് ശബരിമലയ്ക്ക് പോകുന്നതിനായി താന്‍ മാലയിട്ടിട്ടുണ്ടായിരുന്നു. ഇത് കണ്ട് അവിടെയുണ്ടായിരുന്ന കാവല്ക്കാരന് അലിവ് തോന്നുകയും തന്നെ രക്ഷപെടാന്‍ അനുവദിക്കുകയുമായിരുന്നെന്ന് പത്മരാജന് പറയുന്നു.
അന്ന് അത് നടന്നില്ലായിരുന്നെങ്കില്‍ ഇന്നുണ്ടാകില്ലായിരുന്നെന്നും നിറകണ്ണുകളോടെയാണ് ഇദ്ദേഹം പറയുന്നത്. ഇത്തവണ ധര്‍മപുരിയില്‍ പത്രിക നല്കുന്നതിനു മുന്‍പ് അയ്യപ്പനെ തൊഴുത് പ്രാര്‍ത്ഥിക്കാനായി സന്നിധാനത്ത് എത്തി. ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ഗിന്നസ്ബുക്കില്‍ വരെ സ്ഥാനം പിടിച്ചു. തമിഴ്നാട് സേലം മേട്ടൂര്‍ ഡാം രാമനഗര്‍ പത്മാ ടയര്‍ വര്‍ക്സ് ഉടമയും ഹോമിയോ ഡോക്ടറുമാണ് പത്മരാജന്. കണ്ണൂരില്‍ നിന്നു സേലത്തേക്കു മാറിയതാണ് കുടുംബം. ഇത്തവണ തോറ്റാലും വര്‍ഷങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്ന് ഉറച്ച സ്വരത്തോടെ പറയുകയാണ് പത്മരാജന്. ആ ചങ്കൂറ്റത്തിന് ഒരു സല്യൂട്ട് കൊടുക്കണമെന്ന് പറയാതെ വയ്യ.