കൽപ്പറ്റ: തെരഞ്ഞെടുപ്പ് പരാജയത്തിൽ ഇരട്ട സെഞ്ച്വറിയും കടന്ന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ഡോ. കെ. പദ്മരാജൻ ഇത്തവണ മത്സരിക്കുന്നത് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ളവരോട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളാണ് രാഹുലിനെതിരെ മത്സരിക്കാൻ അങ്കത്തട്ടിലിറങ്ങുന്നത്.
ഇവരിൽ പ്രധാനിയാണ് തമിഴ്നാട് സേലത്ത് നിന്നുള്ള ഡോ. കെ. പദ്മരാജൻ. 200 തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട് ഡബിൾ സെഞ്ച്വറി നേടിയ പദ്മരാജൻ ഏറ്റവും കൂടുതൽ തവണ മത്സരിച്ച് പരാജയപ്പെട്ടതിനാണ് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.
ഇലക്ഷൻ കിംഗ് എന്ന പേരിൽ ലോകത്ത് അറിയപ്പെടുന്ന പദ്മരാജൻ 201 ാം അങ്കത്തിനാണ് വയനാട്ടിലെത്തി വയനാട് ജില്ലാ കളക്ടർ എ.ആർ. അജയകുമാർ മുന്പാകെ നാമനിർദ്ദേശ പത്രിക നൽകിത്. വയനാട് കൂടാതെ തമിഴ്നാട്ടിലെ ധർമ്മപുരിയിലും ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ മേട്ടൂർ അസംബ്ലി മണ്ഡലത്തിൽ നിയമസഭാ സ്ഥാനാർത്ഥിയായി 1988ലാണ് തെരഞ്ഞെടുപ്പ് മത്സരം തുടങ്ങുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച് തോറ്റു.
മുൻ രാഷ്ട്രപതിമാരായ കെ.ആർ. നാരായണൻ, പ്രതിഭാ പാട്ടീൽ, എ.പി. ജെ. അബ്ദുൾ കലാം എന്നിവർക്കെതിരെയും മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, മൻമോഹൻ സിംഗ്, എ.ബി. വാജ്പേയ് തുടങ്ങിയവർക്കെതിരെയും ഏറ്റുമുട്ടി പരാജയപ്പെട്ട ചരിത്രമുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകൾക്കുമായി മുപ്പത് ലക്ഷത്തിലധികം രൂപയും ചെലവാക്കി. ഇത്തവണ തന്റെ ചരിത്രം മാറി വിജയിക്കുമെന്നാണ് ഡോ.പദ്മരാജൻ പറയുന്നത്.