നിപ്പാ വൈറസ് പടര്‍ന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ച് ഖൊരക്പൂര്‍ ബി.ആര്.ഡി ആശുപത്രിയിലെ ഡോക്ടറായിരുന്ന ഡോ.കഫീല്‍ ഖാന്. തന്റെ ഫേസ്ബുക്ക് പേജിലാണ് കഫീല്‍ ഖാന് ഇക്കാര്യം കുറിച്ചത്.
നിപ്പാ വൈറസ് കാരണം മരണങ്ങളുണ്ടായ സാഹചര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ പടരുന്ന കിംവദന്തികള്‍ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര ആശുപത്രിയില്‍ മരിച്ച നഴ്സ് ലിനി പ്രചോദനമാണെന്നും അദ്ദേഹം കുറിച്ചു.
‘ഫജര്‍ നമസ്കാര ശേഷം ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും എനിക്ക് പറ്റുന്നില്ല. നിപ്പാ വൈറസ് മൂലമുള്ള മരണങ്ങള് എന്നെ വേട്ടയാടുന്നു. സോഷ്യല്‍മീഡിയയിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നു. നിരപരാധികളുടെ ജീവന് രക്ഷിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കാന്‍ എന്നെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുന്നു. സിസ്റ്റര്‍ ലിനി പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിന് വേണ്ടി മാറ്റിവയ്ക്കാന്‍ തയ്യാറാണ്. അതിന് അല്ലാഹു എനിക്ക് അറിവും കരുത്തും നല്കട്ടെ.’ കഫീല്‍ ഖാന് കുറിച്ചു.
കഴിഞ്ഞ ആഴ്ച കഫീല്‍ ഖാന് കേരളം സന്ദര്‍ശിച്ച് മടങ്ങിയിരുന്നു. ഉത്തര്‍പ്രദേശിലെ ഖൊരക്പൂരിലെ ബി.ആര്.ഡി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ പുറത്ത് നിന്നു സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയായിരുന്നു ഡോ കഫീല്‍ ഖാന്. എന്നാല്‍ സംഭവത്തിനു പിന്നാലെ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബി.ആര്.ഡി ആശുപത്രിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു കഫീല്‍ ഖാനെതിരായ അന്വേഷണ സംഘത്തിന്റെ നടപടി. 2017 ആഗസ്റ്റിലാണ് കഫീല്‍ ഖാന് അറസ്റ്റിലാവുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് എട്ടു മാസങ്ങള്‍ക്ക് ശേഷവും ജാമ്യം ലഭിച്ചിരുന്നില്ല. എന്നാല്‍ എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന്റെ ഭാഗത്തുനിന്നും ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് തെളിവില്ലെന്ന് അലഹബാദ് ഹൈക്കോടതി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് കഫീല്‍ ഖാന് ജാമ്യം കിട്ടിയത്.