കാസര്‍ഗോഡ്: ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ പരാതിയില്‍ മാനഭംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദന്ത ഡോക്ടര്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍.
മുപ്പതുവര്‍ഷത്തിലേറെയായി ബദിയടുക്ക ടൗണില്‍ ക്ലിനിക് നടത്തിയിരുന്ന ദന്തരോഗ വിദഗ്ധന്‍ ഡോ.എസ്.കൃഷ്ണമൂര്‍ത്തി (57) യുടെ മൃതദേഹമാണ് കര്‍ണാടകയില്‍ കുന്ദാപുരയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയത്.
ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ തന്നോട് ഡോക്ടര്‍ തെറ്റായ രീതിയില്‍ പെരുമാറിയതായി ആരോപിച്ച് 32 കാരിയായ യുവതി തിങ്കളാഴ്ച ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ചൊവ്വാഴ്ച ഈ യുവതിയുടെ ബന്ധുക്കള്‍ ക്ലിനിക്കിലെത്തി ബഹളം വയ്ക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെ ക്ലിനിക്ക് അടച്ച് തന്റെ ബൈക്കില്‍ മടങ്ങിയ ഡോക്ടര്‍ വീട്ടിലെത്തിയില്ല.
വൈകുന്നേരമായിട്ടും ഡോക്ടറെ കാണാതായതോടെ ഇക്കാര്യം കാണിച്ച് ഭാര്യ പ്രീതി കൃഷ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഡോക്ടറുടെ ബൈക്ക് ബദിയടുക്കയില്നിന്നും 10 കിലോമീറ്റര്‍ അകലെ കുമ്പള ടൗണില്‍ പോലീസ് കണ്ടെത്തി. രണ്ടുദിവസമായി അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ കുന്ദാപുരയില്‍ ഡോക്ടറോട് സാദൃശ്യമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്.
മംഗളൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഏകമകള്‍ വര്‍ഷയും അടുത്ത ബന്ധുവും അവിടെയെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മികച്ച സേവനപരിചയവും സമൂഹത്തില്‍ അംഗീകാരവുമുള്ള ഡോക്ടറെ കരുതിക്കൂട്ടി കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ ഡെന്റൽ അസോസിയേഷനും ബ്രാഹ്മണസഭ അടക്കമുള്ള സംഘടനകളും ഇന്നലെ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയിരുന്നു.
ബദിയടുക്കയിലെ ആദ്യകാല ഡോക്ടറായ എസ്.എസ്.ഭട്ടിന്റെയും ഭാരതിയുടെയും മകനാണ് ഡോ.കൃഷ്ണമൂര്‍ത്തി. സഹോദരങ്ങള്‍: ചന്ദ്രശേഖര്‍, ഡോ.രാം മോഹന്‍, ഡോ.അരവിന്ദ്.