പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ചക്രവര്‍ത്തി യോഗമെന്നു പ്രവചിച്ച ജ്ഞാനി; 35 ബിരുദാനന്തര ബിരുദവും ആറ് പിഎച്ച്ഡിയും ഡിലിറ്റും ആ അറിവിന്റെ ആഴം വ്യക്തമാക്കും; 26 ഭാഷകള്‍ കൈകാര്യം ചെയ്യുന്ന പയ്യന്നൂരുകാരന്‍ ലക്ഷ്മീ ദാസന്റെ ജീവിതം…

തിരുവനന്തപുരം: ‘ ജീവിതം ഒരു സൈക്കിള്‍ ഓടിക്കുന്നത് പോലെയാണ്. ബാലന്‍സ് കിട്ടാന്‍ നിങ്ങള്‍ മുന്നോട്ട് നീങ്ങിക്കൊണ്ടേയിരിക്കണം’, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഈ ആപ്തവാക്യമാണ് ഡോ.ലക്ഷ്മിദാസന്റെ ജീവിത ദര്‍ശനം. താന്‍ മുന്നോട്ടു നീങ്ങേണ്ട പാതയെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യവുമുണ്ട്.
ആ വഴി പരമമായ അറിവിലേക്കാണെന്നു മാത്രം.

26 ഭാഷകളില്‍ പ്രാവീണ്യം. ഡിലിറ്റ്, ആറ് പിഎച്ച്ഡി, 35 ബിരുദാനന്തര ബിരുദം, നാല് ബിരുദം, രണ്ട് പിജി ഡിപ്ലോമ, ഏഴ് ഡിപ്ലോമ. നബിചരിതം മഹാകാവ്യം അടക്കം 21 പുസ്തകങ്ങള്‍, വിസിറ്റിങ് പ്രൊഫസര്‍, വിദ്യാഭ്യാസ, മാനേജ്‌മെന്റ്, ജ്യോതിഷ കണ്‍സള്‍ട്ടന്റ്, താന്ത്രിക വിദഗ്ധന്‍, പ്രഭാഷകന്‍, രാഷ്ട്രീയ ഉപദേഷ്ടാവ്, രാഷ്ട്രീയ പ്രവാചകന്‍ …തീരുന്നില്ല ഡോ.ലക്ഷ്മിദാസന്റെ സവിശേഷതകള്‍.

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്ന് മാത്രമല്ല, നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഒരു പതിറ്റാണ്ട് തുടരുമെന്ന പ്രവചനവും ഡോ.ലക്ഷ്മിദാസനെ ശ്രദ്ധേയനാക്കി. ചക്രവര്‍ത്തിയുടെ യോഗമാണ് പ്രധാനമന്ത്രിക്കെന്നും, മോദിക്ക് ഉടന്‍ പകരക്കാരുണ്ടാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാല്‍, ഇത്തരം രാഷ്ട്രീയ നിരീക്ഷണങ്ങളുടെ പേരില്‍ തന്നെ വിവാദത്തിലേക്ക് നയിക്കരുതെന്നാണ് ഡോ.ലക്ഷ്മിദാസന്റെ അഭ്യര്‍ത്ഥന. വിദ്യാഭ്യാസത്തിനാണ് താന്‍ ജീവിതത്തില്‍ പ്രാധാന്യം നല്‍കിയതെന്ന് അദ്ദേഹം പറയുന്നു.’ പല ഭാഷകളില്‍ സഞ്ചരിച്ചു; പേരെടുക്കുന്നതിനേക്കാള്‍, എഴുതാനുള്ള സ്രോതസിനും, ഓജസ്സിനുമാണ് പ്രാധാന്യം നല്‍കുന്നത്.

‘ മുഹമ്മദ് നബിയുടെ ജീവിതം ആധാരമാക്കിയുള്ള ‘നബിചരിതം മഹാകാവ്യം’ എന്ന പുസ്തകം അറേബ്യയുടെ ഇതിഹാസം തന്നെ. 17 അദ്ധ്യായങ്ങളിലായി,5000 വരികളില്‍ മലയാളം, സംസ്്കൃതം, അറബി എന്നിവ ഇടകലര്‍ന്നുള്ള മണിപ്രവാള ഭാഷയില്‍ മഹാകാവ്യ ലക്ഷണങ്ങളോടെയാണ് രചന. ശ്രീനാരായണ ദര്‍ശനവും, ശാശ്വതീകാനന്ദ സ്വാമികളും,ഹിന്ദുജീവന കല, വാസ്തുദീപിക, ഭാരതപ്പഴമ, ബുദ്ധപൂര്‍ണിമ, ഗേറ്റ് വേ ഓഫ് ഇന്ത്യന്‍ കള്‍ച്ചര്‍ തുടങ്ങി 21 പുസ്കങ്ങള്‍. ‘എഴുത്തുകാരന്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് എനിക്ക് ആഗ്രഹം’, ഡോ.ലക്ഷ്മിദാസന്‍ പറയുന്നു.

എണ്ണമറ്റ ബിരുദങ്ങളുടെ ഉടമ കൂടിയാണ് ഈ അറിവിന്റെ നിറകുടം. പൗരസ്ത്യ പഠനങ്ങളിലെ മികവിനാണ് ഡിലിറ്റ് സമ്പാദിച്ചത്. ദി കിങ്ഡം ഓഫ് ടോംഗയാണ് ഡിലിറ്റ് ബിരുദം നല്‍കി ഡോക്ടറെ ആദരിച്ചത്. മലയാളം, സംസ്്ക്യതം, ഹിന്ദി, ജ്യോതിഷം, വിദ്യാഭ്യാസം, മാനേജ്‌മെന്റ് എന്നിവയില്‍ ആറ് പിഎച്ചഡി ബിരുദങ്ങളാണ് അദ്ദേഹം കരസ്ഥമാക്കിയത്.ജ്യോതിഷത്തില്‍ ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള രോഗനിര്‍ണയമായിരുന്നു ഗവേഷണ വിഷയം. രോഗ നിര്‍ണയത്തിനൊപ്പം, രോഗനിര്‍മ്മാര്‍ജ്ജനവും പഠനവിഷയമായിരുന്നു.

ജ്യോതിഷം ശാസ്ത്രമാണോയെന്ന് സംശയിക്കുന്നവര്‍ക്കും ഡോ.ലക്ഷ്മിദാസന് മറുപടിയുണ്ട്. ‘ ഒരിക്കല്‍ ജ്യോതിഷം കപടശാസ്ത്രമെന്ന ആക്ഷേപിച്ച ഒരാളെ അടുത്ത് ചേര്‍ത്ത് ഞാന്‍ ചോദിച്ചു, താങ്കളുടെ മാതാപിതാക്കള്‍ 16 വര്‍ഷമായി വേര്‍പിരിഞ്ഞല്ലേ താമസിക്കുന്നത്? അയാള്‍ ഞെട്ടുന്നത് ഞാന്‍ കണ്ടു. ആത്മീയതയുടെയും, ഉള്‍വിളികളുടെയും, ഒരു മൂന്നാം കണ്ണിന്റെയും അപൂര്‍വസങ്കലനവിജയ ഫലമാണ് ജ്യോതിഷം . വൈദ്യം, നരവംശ ശാസ്ത്രം, ഭൂമിശാസ്ത്രം എല്ലാം അതിലുണ്ട്. ‘

26 ഭാഷകള്‍ അസലായി കൈകാര്യം ചെയ്യും ഡോക്ടര്‍. പ്രാകൃതം, പാലി അടക്കം ലിപിയുള്ളതും, ഇല്ലാത്തതുമായ 26 ഭാഷകള്‍. 55 ബിരുദവും, 35 ബിരുദാനന്തര ബിരുദവുമൊക്കെ സമ്പാദിക്കുന്നത് പാഴ് വേലയല്ലേ എന്ന് പരിഹസിക്കുന്നവരുണ്ട്. എന്നാല്‍, നിരന്തരം പഠനത്തില്‍ കുതുകിയായ ഡോക്ടര്‍ അത്തരം വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നേയില്ല. 50 വയസിനോടടുക്കുമ്പോഴും, ലക്ഷ്യത്തില്‍ നിന്ന് പതറാത്ത ജാഗ്രതയാണ് അദ്ദേഹത്തിന്റെ കൈമുതല്‍.ഗവേഷണത്തിലും, പഠനത്തിലും മാത്രം ഒതുങ്ങുന്നില്ല ഡോ.ലക്ഷ്മിദാസന്റെ ജീവിതസപര്യ. വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിസിറ്റിങ് പ്രൊഫസര്‍, വിദ്യാഭ്യാസ, മാനേജ്‌മെന്റ്, ജ്യോതിഷ കണ്‍സള്‍ട്ടന്റ്, അഭിഭാഷകന്‍, വാസ്തുവിദ്യ വിദഗ്്ധന്‍, ഫെങ്ഷൂയി ഉപദേഷ്ടാവ്, കലാകാരന്‍, പത്രപ്രവര്‍ത്തകന്‍, താന്ത്രിക വിദഗ്ധന്‍, ജെമ്മോളജിസ്റ്റ്, സൈക്കോ തെറാപ്പിസ്റ്റ്, തുടങ്ങി 58 ഓളം മേഖലകളില്‍ പ്രാവീണ്യമുണ്ട് ഡോ.ലക്ഷ്മിദാസന്.

പലരാജ്യങ്ങളിലയും രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം. മുപ്പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഒരുലക്ഷത്തോളം പേരെ നേരില്‍ കണ്ട് ആത്മവിശ്വാസവും, കരുത്തും പകരാന്‍ കഴിഞ്ഞു.’ സംസ്കൃത പണ്ഡിതനും, ജോതിഷ പണ്ഡിതനുമെന്ന നിലയിലുള്ള പരിജ്ഞാനം പ്രശ്‌നപരിഹാരത്തിന് പലപ്പോഴും എന്നെ സഹായിക്കാറുണ്ട്. പിന്നെ നിയമപരിജ്ഞാനവും, ക്രിമിനോളജി ബിരുദവും, മന:ശാസ്ത്ര ബിരുദവും ആഴത്തിലുള്ള ഗവേഷണപഠനങ്ങളും പ്രവചനങ്ങള്‍ക്കും, സഹായഹസ്തം നീട്ടാനും ഉപകരിച്ചു’, ഡോ.ലക്ഷ്മിദാസന്‍ പറയുന്നു. ജനങ്ങളെയും, സര്‍ക്കാരിനെയും സേവിക്കുന്നതിന്റെ ഭാഗമായി രാജ്യസഭാംഗമായാല്‍ നന്നെന്നുണ്ട് ഡോക്ടര്‍ക്ക്. വിവിധ മേഖലകളിലെ തന്റെ അനുഭവ സമ്പത്ത് നാടിന് വേണ്ടി ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അറിവിനായുള്ള അത്യാഗ്രഹത്തിന് ഈ പ്രപഞ്ചം തന്നെ കൂടെനില്‍ക്കുമെന്നതിനുള്ള തെളിവാണ് ലക്ഷ്മീദാസന്റെ ജീവിതം.പയ്യന്നൂര്‍ സ്വദേശിയായ ഡോ.ലക്ഷ്മിദാസന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് മരുതന്‍കുഴിയിലാണ് താമസം. ഭാര്യ ബിന്ദു ലക്ഷ്മിദാസന്‍. മക്കള്‍ ബ്രാഹ്മി ലക്ഷ്മിദാസന്‍, ധനിഷ്ട ലക്ഷ്മിദാസന്‍.

 

Related posts