കോഴിക്കോട് : ഡോ. എം.ഗോവിന്ദരാജിന്റെ വിയോഗം കോഴിക്കോടിന് തീരാനഷ്ടം. പതിറ്റാണ്ടുകളായി കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന ഡോക്ടര്‍ സാധാരണക്കാരുടെ പ്രിയപ്പെട്ട ഡോക്ടറായാണ് അറിയപ്പെട്ടിരുന്നത്.
തന്റെ അനുഭവങ്ങളില്‍ നിന്നായിരുന്നു ഗോവിന്ദരാജ് രോഗം തിരിച്ചറിഞ്ഞത്. സങ്കീര്ണതയേറെയുള്ള രോഗങ്ങള്‍ക്ക് മാത്രമായിരുന്നു അദ്ദേഹം എക്സറേ, സ്കാനിംഗ് പോലുള്ള പരിശോധന നടത്തിയിരുന്നത്. വിലകുറവുള്ള മരുന്നുകളായിരുന്നു അദ്ദേഹം പൊതുവെ നിര്‍ദേശിച്ചിരുന്നത്.
പരിശോധനക്കായി വരുന്ന രോഗിയുടെ ചലനങ്ങള്‍ വരെ ശ്രദ്ധിച്ചായിരുന്നു രോഗം നിര്ണയിച്ചിരുന്നതെന്നാണ് പറയുന്നത്. ജനറല്‍ മെഡിസിന് വിഭാഗത്തിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെങ്കിലും വിവിധ മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള രോഗികളെ ചികിത്സിച്ചിരുന്നു.
ന്യൂറോളജി, ത്വക്ക്രോഗം, ഉദരരോഗം, ഡയബറ്റോളജി, ഹോമിയോപ്പതി, എന്‍ഡോക്രിനോളജിസ്റ്റ്, എന്നീ മേഖലകളില്‍ അദ്ദേഹം ഏറെ പ്രശസ്തി നേടിയിരുന്നു. മുടികൊഴിച്ചില്‍ ആസ്തമ, പഴക്കം ചെന്ന രോഗങ്ങള്‍ എന്നിവയും അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയിരുന്നു.
ഡോക്ടറുടെ ചികിത്സാ പാടവം അറിഞ്ഞ് നഗരത്തിനു പുറത്തു നിന്നുവരെ രോഗികള്‍ ചികിത്സക്കായി എത്തിയിരുന്നു. വയനാട് റോഡിലുള്ള അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കിലായിരുന്നു കൂടുതലും പരിശോധന .
പ്രകൃതിയേയും ജീവജാലങ്ങളേയും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന ഡോക്ടര്‍ അദ്ദേഹത്തിന്റെ ക്ലിനിക്കും പരിസരവും പരിപാലിച്ചിരുന്നതും അതേ രീതിയിലായിരുന്നു.