മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയമുള്ള പ്രധാനമന്ത്രി ആയിരുന്നില്ല ഞാന്‍! നടത്തിയ എല്ലാ വിദേശയാത്രകളുടെയും അവസാനം പത്രസമ്മേളനം വിളിച്ചിരുന്നു; നരേന്ദ്രമോദിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഏറ്റവും കൂടുതല്‍ പഴി കേട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ മൗനം കൊണ്ടാണ്. മൗനി ബാബ എന്ന പേര് അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടിക്കാര് പോലും ചാര്‍ത്തിക്കൊടുത്തിരുന്നു. ബിജെപിയാണ് അദ്ദേഹത്തെ കൂടുതലായും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയിരുന്നത്.

എന്നാല്‍ അത്തരത്തില്‍ തന്നെ പരിഹസിച്ചവര്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍ മന്‍മോഹന്‍ സിംഗ്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഒരു പത്രസമ്മേളനം പോലും നടത്താത്ത നരേന്ദ്ര മോദിയെ പരിഹസിച്ചാണ് മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയത്. പ്രധാനമന്ത്രിയായിരിക്കെ മാധ്യമങ്ങളോട് സംസാരിക്കാന്‍ താന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. ചേഞ്ചിങ്ങ് ഇന്ത്യ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയമുള്ള പ്രധാനമന്ത്രി ഞാനായിരുന്നില്ല. ഞാന്‍ സ്ഥിരമായി പത്രസമ്മേളനങ്ങള്‍ നടത്താറുണ്ട്. മാത്രമല്ല പ്രധാനമന്ത്രിയായിരിക്കെ നടത്തിയ എല്ലാ വിദേശയാത്രകള്‍ക്കുമൊടുവില്‍ പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാറുമുണ്ടായിരുന്നു’- മന്‍മോഹന്‍ സിംഗ് പറഞ്ഞു.

‘പുസ്തകത്തില്‍ അത്തരം നിരവധി പത്രസമ്മേളനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്’- ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തിക ശാസ്ത്രജ്ഞനായും പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ച മന്‍മോഹന്‍ സിംഗിന്റെ ജീവിതത്തെക്കുറിച്ചാണ് അഞ്ച് പതിപ്പുകളിലായി ഇറങ്ങുന്ന ചേഞ്ചിങ്ങ് ഇന്ത്യ എന്ന പുസ്തകത്തില്‍ പറയുന്നത്.

‘ആളുകള്‍ പറയുന്നു ഞാന്‍ നിശബ്ദനായ ഒരു പ്രധാനമന്ത്രിയായിരുന്നുവെന്ന്, ഈ പുസ്തകങ്ങള്‍ അതിന് മറുപടി തരും. പ്രധാനമന്ത്രി പദത്തിലിരിക്കെയുള്ള എന്റെ നേട്ടങ്ങളെക്കുറിച്ച് പൊങ്ങച്ചം പറയാന്‍ ഞാനില്ല. എന്നാല്‍ ആ സമയത്ത് നടന്ന കാര്യങ്ങള്‍ വസ്തുതാപരമായി ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികളുണ്ടെങ്കിലും അതെല്ലാം തരണം ചെയ്ത് ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി വളരുമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയത് മോശം സാമ്പത്തിക നിലപാടല്ലെ എന്ന ചോദ്യത്തിന് ‘എന്തു തന്നെയാലും പ്രതിജ്ഞാബദ്ധതയെ മാനിക്കേണ്ടതുണ്ട്’- എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

Related posts