കൊട്ടാരക്കര: ഒപ്പം പഠിച്ചവർ ഇംഗ്ലണ്ടിലെ ഡോക്ടർമാരായെങ്കിലും തങ്ങളുടെ സഹപാഠിയായിരുന്ന ഡോ.മെറീനയെ അവർ മറന്നില്ല.
ഡോ: മെറീന ആർഎംഒയായി സേവനമനുഷ്ഠിക്കുന്ന കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കോവിഡ് പ്രതിരോധ സാമഗ്രികളെത്തിച്ച് കൂട്ടുകാരിയോടും നാടിനോടുമുള്ള കൂറു പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിൽ ജോലി ചെയ്തുവരുന്ന മെറീനയുടെ സഹപാഠികളായിരുന്ന ഡോക്ടർമാർ.
അന്താരാഷ്ടനിലവാരത്തിലുള്ള എൻ.95 മാസ്കുകൾ, ഫേസ് ഷീൽഡുകൾ, ഗ്ലൗസ്, സാനിറ്റൈസർ മറ്റ് കോവിഡ് പ്രതിരോധ സാമഗ്രികളാണ് ആശുപത്രിക്ക് കൈമാറിയത്.
1989 -95 കാലയളവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ഡോ.മെറീനയോടൊപ്പം പഠിച്ചവരാണ് ഈ സഹപാഠികൾ.
ഇവരെല്ലാം ഇപ്പോൾ ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിലെ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു വരികയാണ്. എകദേശം മുപ്പതോളം മലയാളി ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് യുകെ യിൽ ഉള്ളത്.
ഇവരെയെല്ലാം ഏകോപിപ്പിച്ച് നാട്ടിലേക്കു സഹായങ്ങൾ എത്തിക്കാൻ നേതൃത്വം നൽകുന്നത് ഡോ. പ്രമോദാണെന്ന് സഹപാഠിയായ ഡോ. മെറീന പറഞ്ഞു.
ഇവരോടൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ച് കേരളത്തിൽ ജോലി ചെയ്തുവരുന്ന സഹപാഠികളുടെ ആശുപത്രികളിലെല്ലാം ഈ വിദേശ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മ പ്രതിരോധ സാമഗ്രികൾ എത്തിച്ചു നൽകിയിട്ടുണ്ട്.
സഹപാഠികളുടെ സ്നേഹത്തിനും കരുതലിനും ഓർമ്മപ്പെടുത്തലിനും തല കുമ്പിട്ട് നന്ദി പറയുകയാണ് ഡോ: മെറീന.