തിരുവനന്തപുരം: മെഡിക്കൽ കോളജാശുപത്രിയിലെ വനിതാ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളജിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ശ്രീകാര്യം അലത്തറ ചെന്പകവിലാസം റോഡിൽ പ്രണവത്തിൽ ഡോ. മിനിമോൾ (45) നെയാണ് ഇന്നലെ രാത്രിയിൽ മെഡിക്കൽ കോളജാശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാറിനുള്ളിൽ നിന്നും മരുന്ന് കുത്തിവച്ച നിലയിലുള്ള സിറിഞ്ച് പോലീസ് കണ്ടെടുത്തു. ജീവഹാനി വരുത്തുന്ന വിഷ മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം. സിറിഞ്ചും കാറിനുള്ളിൽ നിന്നും കണ്ടെടുത്ത സാധനങ്ങളും പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് നൽകി. മെഡിക്കൽ കോളജാശുപത്രിയിലെ കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. വിനുവിന്റെ ഭാര്യയാണ് മരണമടഞ്ഞ മിനിമോൾ.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവർ വീട്ടിൽ നിന്നും പുറത്തേക്ക് പോയിരുന്നു. ഏറെ നേരമായും മടങ്ങി വരാതായതോടെ ഇവരെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് ഡോ. വിനു ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഡോ, മിനിമോളുടെ മൊബൈൽ ഫോണ് ലൊക്കേഷൻ മെഡിക്കൽ കോളജ് പാർക്കിംഗ് ഗ്രൗണ്ട് കാണിച്ചിരുന്നു.
ഇതേ തുടർന്ന് ഇന്നലെ രാത്രിയിൽ പോലീസും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് മിനിമോളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകാര്യം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമെ കൃത്യമായി അറിയാൻ കഴിയുവെന്നാണ് പോലീസ് പറയുന്നത്. പേട്ട സ്വദേശിനിയാണ് ഡോ. മിനിമോൾ. മകൻ – പ്രണവ്