കാഞ്ഞങ്ങാട്: ട്യൂഷൻ സെന്ററിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ പ്രതി ഡോ. മുഹമ്മദ് അഷ്കറിന് ശിക്ഷ വാങ്ങിക്കൊടുത്തതിന്റെ നേട്ടം പോലീസിന്.
പരാതിക്കാർ രംഗത്തുവരാതിരിക്കുകയും കേസൊതുക്കാൻ ഭരണതലങ്ങളിൽ നിന്നുവരെ സമ്മർദമുണ്ടാവുകയും ചെയ്തപ്പോഴും ഒരാളുടെ മാത്രം മൊഴിയിൽ പോലീസ് സ്വമേധയാ കേസെടുക്കുകയുമായിരുന്നു.
അന്നു ഹൊസ്ദുർഗിൽ സിഐയായിരുന്ന തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നിശ്ചയദാർഢ്യമാണ് പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുത്തത്.പരിയാരം മെഡിക്കൽ കോളജിൽ രണ്ടാം വർഷ വിദ്യാർഥിയായിരിക്കെയാണ് മുഹമ്മദ് അഷ്കർ കേസിൽ പ്രതിയാകുന്നത്.
ആറു കേസുകളായിരുന്നു ഹൊസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ നാലു പരാതിക്കാരെ പ്രതി സ്വാധീനിച്ച് മൊഴി മാറ്റിപ്പറയിച്ച് രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. എന്നാൽ ഇതിനു തയാറാകാതിരുന്ന പെൺകുട്ടിക്കെതിരേ അഷ്കർ പോസ്റ്റർ പതിച്ച് അപമാനപ്പെടുത്താൻ ശ്രമിച്ചു.
ഇതിന്റെ പേരിലും കേസുണ്ടായിരുന്നു. ഒടുവിൽ ആദ്യ പരാതിക്കാരി കേസിൽ ഉറച്ചുനിന്നത് പോലീസിനു പിടിവള്ളിയായി. ഇതിനിടയിൽ സിഐ കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് അഷ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പോലീസ് ഉറച്ചുനിന്നതോടെ അഷ്കറുടെ ശ്രമം പാളിപ്പോയി.
അന്വേഷിച്ച മിക്ക കേസുകളിലും പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിച്ചുകൊടുക്കാൻ കഴിഞ്ഞിട്ടുള്ള കെ.വി. വേണുഗോപാലിന്റെ തൊപ്പിയിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഈ ശിക്ഷാവിധി.