പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 308 -മത് സ്നേഹഭവനം ഡോ. സ്മിത സുമിത്രന്റെയും ഡോ. ജി .സുമിത്രന്റെയും സഹായത്താൽ പട്ടാഴി തെക്കേതേരി വിനയഭവനിൽ കാർത്തികയ്ക്കും കുടുംബത്തിനുമായി നിർമിച്ചു നൽകി.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. സ്മിത സുമിത്രനും ഡോ. ജി. സുമിത്രനും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീട് വയ്ക്കുവാൻ നിവൃത്തിയില്ലാതെ മൺകട്ട കൊണ്ട് നിർമിച്ച, ടാർപോളിൻ ഷീറ്റ് കൊണ്ടും മൂടിയ ചോർന്നൊലിക്കുന്ന ചെറിയ ഒരു കൂരയിൽ ആയിരുന്നു കാർത്തികയും വിനയനും രണ്ട് കുട്ടികളും മാതാപിതാക്കളും താമസിച്ചിരുന്നത്.
ഇവരുടെ ദയനീയാവസ്ഥ നേരിൽകണ്ട് ഡോ. സുനിൽ ഇവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഇരുനില വീട് പണിതു നൽകുകയായിരുന്നു.
ചടങ്ങിൽ വാർഡ് മെംബർ ജെയിൻ ജോയ്, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ, എസ്. ആനന്ദൻ, എസ്. വൈഷ്ണവി, എസ്. ശിവാനി, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.