കോട്ടയം: തിരുമ്മു-മർമ ചികിത്സയ്ക്കും കളരിപ്പയറ്റിനും പെരുമയുള്ള ചന്പക്കര കുറുപ്പുമാരുടെ ബന്ധത്തിലെ ചെറുമാക്കൽ കുടുംബാംഗം ഡോ.എൻ. ജയരാജ് സർക്കാർ ചീഫ് വിപ്പ് പദവിയിലേക്ക്.
അച്ഛൻ പ്രഫ. കെ നാരായണക്കുറുപ്പ് വെട്ടിത്തുറന്ന കേരള കോണ്ഗ്രസ് പാതയിൽ വഴി തെറ്റാതെ വളർന്ന മകൻ ജയരാജ് കൊടിപാറിച്ച് കാറിൽ ചന്പക്കര കയറുന്പോൾ പഴമക്കാർ പറയും അച്ഛനെപ്പോലെ മോനും.
എൻഎസ്എസ് കോളജുകളിൽ അച്ഛനും മകനും പഠിപ്പിച്ചത് സാന്പത്തികശാസ്ത്രമാണെങ്കിലും കലയിലും കൃഷിയിലും ഇരുവർക്കും പ്രിയം ഏറെയുണ്ട്. അച്ഛൻ കുറുപ്പ് കുറെക്കാലം വക്കീലുമായിരുന്നു.
അച്ഛനെപോലെ മകൻ ജയരാജും അടുക്കളയിലേക്കു വേണ്ടതൊക്കെ സ്വയം നട്ടുവിളയിക്കുന്ന കർഷകനാണ്.
സംഗീതത്തിൽ അച്ഛനും മകനും കന്പം കുറവല്ല. അച്ഛന് കഥകളിസംഗീതം പ്രിയമെങ്കിൽ മകന് എല്ലാ സംഗീതവും ഇഷ്ടം.
നാടകം, സിനിമ എന്നിവയിൽ ജയരാജിനോളം പാട്ടു കളക്ഷനുള്ളവർ വിരളം. അതിൽ പഴയ ഗ്രമോണ് മുതൽ വള്ളിക്കാസറ്റ് വരെ പുരാവസ്തുപോലെ ഭദ്രം.
ക്ലാസിക്കൽ സാഹിത്യത്തിന്റെ വൻശേഖരമുണ്ട്. നാട്ടിലെ കലാകാരൻമാർക്കായി കറുകച്ചാലിൽ ഫൈൻ ആർട്സ് അക്കാദമി സ്ഥാപിച്ച കുറുപ്പുസാറിന്റെ കളരിയിൽ കുറുപ്പും ജയരാജും നാടകങ്ങളിൽ അഭിനയിച്ചു.
ഞാൻ അനശ്വരൻ എന്ന സിനിമയിലും ജയരാജ് വേഷമിട്ടു. റോൾ മോശമായതിനാൽ പിന്നീട് സിനിമയിൽ അഭിനയിച്ചില്ല.
വാഴൂർ കോളജിൽ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് ജയരാജ് കോട്ടയം ജില്ലാ പഞ്ചായത്തിൽ അംഗമായത്.
ഇതേ ചുമതലയിലിരിക്കെ നാരായണക്കുറുപ്പിന്റെ പിൻഗാമിയായി വാഴൂർ മണ്ഡലത്തിലും പിന്നീട് കാഞ്ഞിരപ്പള്ളി മണ്ഡലമായപ്പോൾ അവിടെയുമായി നാലു വട്ടം എൻ. ജയരാജ് എംഎൽഎയായി. ജയരാജ് തോൽപ്പിച്ചവരിൽ കാനം രാജേന്ദ്രനും ഉൾപ്പെടുന്നു.
പ്രഫസർ ജോലിയിൽ അവധിയെടുത്ത് എംഎൽഎയായിരിക്കെയാണ് സാന്പത്തികശാസ്ത്രത്തിൽ കേരള സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയത്.
വ്യാഴവട്ടക്കാലത്തെ നിയമസഭാ ജീവിത അനുഭവങ്ങൾ ചുരുക്കി സമാജികൻ സാക്ഷി എന്നൊരു പുസ്തകവും ഇദ്ദേഹം എഴുതി. പരിസ്ഥിതിസ്നേഹിയായ ജയരാജ് മണിമലയാറിന്റെ പിറവിയും പരിണാമവും അടിസ്ഥാനമാക്കി എന്റെ മണിമലയാർ എന്ന പുസ്തകം എഴുതി പ്രസാധനം കാത്തിരിക്കുകയാണ്. എന്റെ മണിമലയാർ വാട്സ് ആപ്പ് കൂട്ടായ്മയുടെ അഡ്മിൻകൂടിയാണ് ജയരാജ്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വോട്ടെണ്ണൽവരെ കിട്ടിയ ഇടവേളയിൽ സംസ്ഥാന ബജറ്റുകളെക്കുറിച്ച് ഗവേഷണ പ്രബന്ധം തയാറാക്കുന്ന തിരക്കിലായിരുന്നു.
ചന്പക്കര ഗവ.എൽ.പി സ്കൂളിലും കീഴില്ലം സെന്റ് തോമസ് ഹൈസ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ആട്സ് കോ ളജ്, യൂണിവേഴ്സിറ്റി കോളജ് എന്നി വിടങ്ങളിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
1986 മുതൽ 2006 വരെ കോളജ് അധ്യാപകനായി. തുടർന്ന് മുഴുവൻസമയ രാഷ്ട്രീയക്കാരനായി. ഭാര്യ: ഗീത. മകൾ: പാർവതി.