നെയ്യാറ്റിൻകര: പെരുമ്പഴുതൂർ ആലംപൊറ്റ സ്വദേശിനി നെയ്യാറ്റിൻകര ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടർ എൽ.ബി. നിമ്മി ഇനി ഡോ. നിമ്മി.
കണ്ടക്ടറുദ്യോഗത്തോടൊപ്പം മലയാള സാഹിത്യ സംബന്ധിയായ ഗവേഷണവും കൂടി തുടര്‍ന്ന നിമ്മിക്ക് എം.എസ്. യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.
കെ.പി.രാമനുണ്ണിയുടെ നോവലുകളിലെ ജീവിത ദർശനം എന്നതായിരുന്നു ഗവേഷണം. റിട്ട. ഐടിഡിസി ഉദ്യോഗസ്ഥനായ എസ്. ബെൻസിയറിന്റെയും സി. ലളിതയുടെയും മകളാണ് നിമ്മി.
കെഎസ്ആർടിസി സിറ്റി യൂണിറ്റിലെ മെക്കാനിക്കായ എൻ. ഗോഡ് വിന്റെ ഭാര്യയാണ്. വിദ്യാര്‍ഥികളായ ആത്മിക് ഗോഡ് വിൻ, ആഷ്മിക് ഗോഡ് വിൻ എന്നിവർ മക്കള്‍.
നിമ്മിയുടെ ഉന്നത നേട്ടത്തിൽ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ്കമ്മറ്റി സംഘടിപ്പിച്ച സ്നേഹാദരവ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർപെഴ്സൺ വി.ആർ. സലൂജ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ വനിതാ സബ് കമ്മറ്റി ജില്ലാ കൺവീനർ വി. അശ്വതി അധ്യക്ഷയായിരുന്നു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരി, എൻ.കെ. രഞ്ജിത്ത്, ജനറൽ സെക്ഷൻ സൂപ്രണ്ട് രശ്മി രമേഷ്, യൂണിറ്റ് ഭാരവാഹികളായ ജി. ജിജോ, എൻ.എസ്. വിനോദ്, വി. സൗമ്യ, കെ.പി. ദീപ, ബി. ദിവ്യ, രമ്യ എന്നിവര്‍ പ്രസംഗിച്ചു.