ആരെങ്കിലും മൊബൈലില്‍ പകര്‍ത്തുന്നുണ്ടോ എന്ന് ശ്രദ്ധിച്ചിരുന്നില്ല! എന്നെ ആരെങ്കിലും ഉന്നം വയ്ക്കുമോ എന്നാണ് ഇപ്പോഴത്തെ ഭയം; ഇംഫാല്‍ വിമാനത്താവളത്തില്‍ കണ്ണന്താനത്തോട് കയര്‍ത്ത യുവതി പറയുന്നു

അധികാരത്തില്‍ കയറിയപ്പോള്‍ മുതല്‍ സ്വന്തം കുറ്റംകൊണ്ടല്ലെങ്കില്‍പ്പോലും നിരന്തരം വിവാദത്തില്‍ പെടുന്ന വ്യക്തിയാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിമാനത്താവളത്തില്‍ വിഐപിയ്ക്കുവേണ്ടി വിമാനം വൈകിപ്പിച്ചതിന്റെ പേരില്‍ വനിതാ ഡോക്ടറുടെ പക്കല്‍ നിന്ന് കേട്ടതാണ് അവസാനത്തേത്. എന്നാല്‍ ഇക്കാര്യത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് മനസാവാചാ പങ്കുണ്ടായിരുന്ന കാര്യമല്ല. എന്നിട്ടും അദ്ദേഹം അവരുടെ പരാതി കേള്‍ക്കാന്‍ എത്തിയതാണ് പാരയായത്. കാര്യം വ്യക്തമായി മനസിലാക്കാതെയായിരുന്നു യുവതിയുടെ പ്രതികരണമെങ്കിലും അവരുടെ വാദങ്ങള്‍ക്ക് പ്രസക്തിയുണ്ടായിരുന്നു താനും.

കാരണം, രാഷ്ട്രപതിയുടെ യാത്രയുമായി ബന്ധപ്പെട്ടാണ് വിമാനം വൈകിപ്പിച്ചത്. രാഷ്ട്രപതി ബഹുമാന്യനായ വ്യക്തിയാണെന്ന് കരുതി സാധാരണക്കാരന്റെ ജീവനും ജീവിതത്തിനും ആ സമയങ്ങളില്‍ യാതൊരു വിലയുമില്ലേയെന്നാണ് ഡോ. നിരാല സിംഗ് ചോദിക്കുന്നത്. സംഭവങ്ങള്‍ക്കുശേഷം ഡോ നിരാല സിംഗ് എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുറച്ചുകൂടി ന്യാവാദങ്ങള്‍ നടത്തുകയുണ്ടായി. അതിങ്ങനെയാണ്…

വി.വി.ഐ.പി സംസ്‌കാരത്തിന് ഒരു സാധാരണ ഇന്ത്യക്കാരന്‍ എത്രകാലം വിലകൊടുക്കേണ്ടി വരും? നിങ്ങളോടുള്ള എന്റെ ചോദ്യമിതാണ്. തിങ്കളാഴ്ച, ഞങ്ങളുടെ ഫ്ളൈറ്റ് പുന:ക്രമീകരിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തയിലേക്കുള്ള ഞങ്ങളുടെ ഇന്‍ഡിഗോ വിമാനം എപ്പോഴാണ് പുറപ്പെടുക എന്ന് അവര്‍ അറിയിച്ചില്ല. കൊല്‍ക്കത്തിയിലേക്കുള്ള ഫ്ളൈറ്റ് പുറപ്പെടാന്‍ വൈകിയത് കാരണം ഫലത്തില്‍ എനിക്ക് കൊല്‍ക്കത്ത-പട്ന ഫ്ളൈറ്റ് നഷ്ടമായി. എന്റെ അനന്തരവന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാന്‍ പട്നയിലെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് കേന്ദ്രമന്ത്രി കെ.ജെ.അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഇംഫാല്‍ വിമാനത്താവളത്തില്‍ വെച്ച് കണ്ടപ്പോള്‍ ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തെ സമീപിക്കുകയും ഫ്ളൈറ്റ് പുറപ്പെടുന്നത് വൈകാതിരിക്കാന്‍ എന്തെങ്കിലും ചെയ്ത് എന്നെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രസിഡന്റ് വരുന്നതിന്റെ പേരില്‍ മണിക്കൂറുകളോളം വ്യോമമാര്‍ഗം അടച്ചിട്ടിരിക്കുകയായിരുന്നു. മന്ത്രി വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് നേര്‍ക്കുള്ള എന്റെ പെരുമാറ്റം ദേഷ്യത്തിന്റെ പുറത്തായിരുന്നില്ല മറിച്ച് തികഞ്ഞ നിസ്സഹായതയില്‍ നിന്ന് പുറത്തുചാടിയതായിരുന്നു. വയസ്സായ, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ കുറിച്ച് ഓര്‍ത്തുനോക്കൂ, അവര്‍ക്ക് ചുറ്റുംകിടന്ന് ഓടാനാകില്ല. കണക്ഷന്‍ ഫ്ളൈറ്റ് നഷ്ടപ്പെടുന്ന മധ്യവര്‍ത്തിക്കും താഴെയുള്ള കുടുംബത്തെ കുറിച്ച് ആലോചിച്ച് നോക്കൂ.. നമ്മള്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കണോ ?

ശാന്തനായി നിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണം വളരെ നല്ലതായിരുന്നു. പക്ഷേ ഇംഫാലില്‍ വെച്ചോ, പിന്നീട് ടി.വി.സ്റ്റുഡിയോകളില്‍ വെച്ചോ എന്റെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ച് കണ്ടില്ല. ഭാവിയില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ നമ്മളെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള എന്തെങ്കിലും നിര്‍ദേശങ്ങള്‍ അദ്ദേഹം നടത്തിയതായി നിങ്ങള്‍ക്ക് അറിയുമോ ? ഇത്തരം വിവിഐപി യാത്രകള്‍ക്ക് വേണ്ടി നമ്മള്‍ സാധാരണ ഇന്ത്യക്കാര്‍ എത്രകാലം ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് എല്ലാവരോടുമുള്ള എന്റെ ചോദ്യം. തങ്ങളുടെ യാത്രയുടെ പേരില്‍ ആരും ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് മന്ത്രിമാര്‍ പ്രതിജ്ഞയെടുക്കുകയാണെങ്കില്‍ ഓരോ യാത്രക്കാരനും നിങ്ങള്‍ പ്രാധാന്യംനല്‍കുന്നു എന്ന സന്ദേശമാണ് അത് രേഖപ്പെടുത്തുക.

ഒരു കാര്യം കൂടി പറയട്ടെ, ഒന്നും മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നില്ല. മന്ത്രിയെ കണ്ട ഉടനെ എന്നില്‍ നിന്നുണ്ടായ പ്രതികരണം മാത്രമാണത്. എന്റെകുടുംബത്തില്‍ സംഭവിച്ച ഒരു ദുരന്തത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി പോകാനാണ് ഞാനന്ന് ശ്രമിച്ചുകൊണ്ടിരുന്നത്. ഞങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ അദ്ദേഹത്തിന് പരിഹാരം കാണാനാകും എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ കൈയില്‍ പരിഹാരങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. മന്ത്രിയോട് ഞാന്‍ സംസാരിക്കുന്നത് മൊബൈല്‍ ക്യാമറയില്‍ ആരെങ്കിലും പകര്‍ത്തുന്നുണ്ടോ എന്നൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രണ്ടു സുഹൃത്തുക്കള്‍ പറയുമ്പോഴാണ് ഞാന്‍ വിവരമറിയുന്നത്.

വി.വി.ഐ.പി. സന്ദര്‍ശനത്തിന്റെ പേരില്‍ ഫ്ളൈറ്റുകള്‍ പുന:ക്രമീകരിക്കുകയോ, റദ്ദാക്കപ്പെടുകയോ ചെയ്താല്‍ യാത്രക്കാരെ സഹായിക്കുന്ന രീതിയിലുള്ള യാതൊരു സംസ്‌കാരവും നമ്മുടെ രാജ്യത്തെ എയര്‍ലൈനില്ല. യാത്രക്കാരോട് സൗഹാര്‍ദം പുലര്‍ത്തുന്ന നയങ്ങള്‍ രൂപീകരിക്കേണ്ട സമയമായിരിക്കുന്നു. യാത്രക്കാരോടുള്ള ഇപ്പോഴത്തെ അവരുടെ പെരുമാറ്റം ധാര്‍ഷ്ട്യം നിറഞ്ഞതാണ്. പട്നയിലേക്കുള്ള ഫ്ളൈറ്റ് വീണ്ടും ശരിയാക്കുന്നതിന് വേണ്ടി എനിക്ക് എന്റെ പോക്കറ്റില്‍ നിന്ന് വീണ്ടും പണം ചെലവാക്കേണ്ടി വന്നു. ഒരു വിവിഐപി യാത്രക്ക് സാധാരണക്കാരന്‍ വിലകൊടുക്കുന്നത് എന്തിനാണ്? നിങ്ങള്‍ ഞങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് ഇതിനര്‍ത്ഥം, സാഹചര്യം മുതലെടുക്കുകയാണെന്ന്..

ഇന്റര്‍നെറ്റില്‍ വീഡിയോ തരംഗമായതിനെ കുറിച്ചുള്ള എന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രതികരണം മിശ്രമായിരുന്നു.ഞാന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. മാസ്റ്റേഴ്സ് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നെ ആരെങ്കിലും ഉന്നം വെക്കുമോ എന്നാണ് എന്റെ പല സുഹൃത്തുക്കളുടേയും ആധി. പക്ഷേ എല്ലാവര്‍ക്കും എന്റെ പ്രതികരണത്തിന് പിറകിലുള്ള കാരണം മനസ്സിലാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ വിവിഐപി സംസ്‌കാരം അവസാനിപ്പിച്ചില്ലെങ്കില്‍ ഇത് തുടരും. ഇന്ന് ഞാന്‍, നാളെ അത് മറ്റാരെങ്കിലുമായിരിക്കും. അതുകൊണ്ട് ഒരു സാധാരണ ഇന്ത്യക്കാരനെ ഇനിയും ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ള ഒരു വ്യവസ്ഥ ഉടനെ തയ്യാറാക്കുക.

 

Related posts