കെ.പി.രാജീവൻ
തളിപ്പറന്പ്: കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കെയ്സിലാക്കിയ സംഭവത്തിൽ അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത പയ്യന്നൂർ സ്വദേശിയായ ഡോ. ഓമന മലേഷ്യയിൽ മരിച്ചതായി സൂചന. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളം അറിയാവുന്ന സ്ത്രീയെ മലേഷ്യയിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയതായി പത്രങ്ങളിൽ പരസ്യം വന്നത്. തുടർന്ന് ബന്ധുക്കൾ തളിപ്പറന്പ് ഡിവൈഎസ്പി ഓഫീസുമായി ബന്ധപ്പെട്ട് സംശയം അറിയിക്കുകയും ചെയ്തു. തളിപ്പറന്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ മലേഷ്യൻ പോലീസുമായി ബന്ധപ്പെടുകയും വീട്ടുകാർ പറഞ്ഞ അടയാളങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയുമായിരുന്നു.
അടയാളങ്ങൾ ശരിയായതിനാൽ ഇനി മരിച്ചത് ഓമനയാണെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണം. ഇതിനായി ബന്ധുക്കൾ മലേഷ്യയിലേക്ക് പോകുവാനുള്ള തയാറെടുപ്പിലാണ്. മലേഷ്യയിലെ സുബാംഗ് ജായ സേലങ്കോർ എന്ന സ്ഥലത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ഓമനയെന്ന സംശയിക്കുന്ന സ്ത്രീയെ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
1996 ജൂലൈ 11-നാണ് ഓമന പ്രതിയായ കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ച കാമുകനും പയ്യന്നൂരിലെ കരാറുകാരനുമായ മുരളീധരനെ ഊട്ടിയിലെ ലോഡ്ജിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട്കെയ്സിലാക്കി ആന്തരികാവയവങ്ങൾ ചെറുകഷ്ണങ്ങളാക്കി മുറിയിലെ ടോയ്ലറ്റിൽതന്നെ ഫ്ളഷ് ചെയ്തു. മൃതദേഹം ഉപേക്ഷിക്കാൻ ഊട്ടിയിൽനിന്ന് കൊടൈക്കനാലിലേക്ക് കാറിൽ പോകവേ പെട്ടിയിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ട ഡ്രൈവർ വിവരം പോലീസിൽ അറിയിക്കുകയും അറസ്റ്റിലാവുകയുമായിരുന്നു.
1998-ൽ ജീവപര്യന്തം തടവ് ലഭിച്ച ഓമന 2001-ൽ പരോളിലിറങ്ങിയ ശേഷം തിരിച്ചു ജയിലിൽ എത്തിയില്ല. ഇന്റർപോൾ ഡോ. ഓമനയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. 16 വർഷങ്ങളായി ഡോ. ഓമനയെ കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.