കണ്ണൂര്: മലേഷ്യയിലെ കെട്ടിടത്തില് നിന്നും വീണ് മലയാളി സ്ത്രീ മരിച്ചതോടെയാണ് ഡോ.ഓമന വീണ്ടും വാര്ത്തകളില് ഇടംപിടിക്കുന്നത്. മരിച്ച സ്ത്രീ വര്ഷങ്ങള്ക്കുമുമ്പ് ഊട്ടിയില് കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിക്കാന് ശ്രമിച്ച കേസിലെ പ്രതി പയ്യന്നൂര് സ്വദേശി ഡോ. ഓമനയാണെന്ന തരത്തിലുള്ള പ്രചരണമാണ് ഇതിനു വഴിവെച്ചത്. എന്നാല് മരിച്ച സ്ത്രീ് തിരുവനന്തപുരം വള്ളക്കടവ് വലിയതുറ വാര്ഡില് മെര്ലില് റൂബി (37)യാണെന്ന് തിരിച്ചറിഞ്ഞതോടെ ഓമന വീണ്ടും കാണാമറയത്തായി.
ഇരുപത്തൊന്നുവര്ഷം മുന്പ് കേരളത്തെ നടുക്കിയ കൊലക്കേസിലെ പ്രതിയാണ് പയ്യന്നൂര്വാച്ചേരി എടാടന് ഹൗസിലെ ഡോ. ഓമന. കാമുകനും കോണ്ട്രാക്ടറുമായ മുരളീധരനെ കൊല ചെയ്തതിനാണ് തമിഴ്നാട് പൊലീസ് അവരെ അറസ്റ്റുചെയ്തത്. അന്വേഷണം പൂര്ത്തിയാക്കിയ ഊട്ടിപൊലീസ് കുറ്റപത്രം സമര്പ്പിക്കാനിരിക്കെ ജാമ്യത്തിലിറങ്ങിയ ഓമന രക്ഷപ്പെട്ടു. ഇന്റര്പോളും അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വ്യാജ പാസ്പോര്ട്ടില് വിദേശത്തേക്ക് രക്ഷപെട്ടിരിക്കാനാണ് സൂചനയെന്നാണ് പോലീസിന്റെ നിഗമനം.
1996 ജൂലായ് ഒന്നിനാണ് സംഭവം നടന്നത്. 2002ല് അവര് ഒളിവില്പ്പോയി. അതിനിടെ കേരളത്തിലെ ഒരു ധ്യാനകേന്ദ്രത്തില് ഡോക്ടറായി ജോലി ചെയ്തു. പിന്നീട് മലേഷ്യയിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് കരുതുന്നത്. കേരളത്തിലുള്ള ഭര്ത്താവുമായോ മകളുമായോ ഒന്നും ബന്ധമില്ല. 2009ല് മലേഷ്യയില്നിന്ന് മകളെ ഫോണില് വിളിച്ചു സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവുമില്ലെന്ന് മകളും പറയുന്നു. മലേഷ്യയില് എവിടെയെങ്കിലും നേത്രഡോക്ടര് ആയി ജോലിചെയ്യുന്നുണ്ടാവാം എന്നും വാദമുണ്ട്. അവരുടെ അഭിഭാഷകനും അവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് തളിപ്പറമ്പ് ഡിവൈ.എസ്പി. കെ.വി. വേണുഗോപാല് പറഞ്ഞു.
ഊട്ടിയിലെ ലോഡ്ജില് വച്ചാണ് ഇവര് കാമുകന് മുരളീധരനെ വിഷം കുത്തിവച്ച് കൊന്നതിനു ശേഷം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി ടാക്സി കാറില് കൊണ്ടുപോയി വനത്തില് ഉപേക്ഷിക്കാന് ശ്രമിക്കുമ്പോഴാണ് അവര് പിടിയിലായത്. രക്ഷപ്പെട്ട 16 വര്ഷം പിന്നിടുമ്പോഴും ഓമനയെവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. കാറിന്റെ ഡിക്കിയിലെ സ്യൂട്ട്കേസില് വച്ചിരുന്ന മൃതദേഹം പുറത്തെടുക്കവെ സംശയം തോന്നിയ ടാക്സി െ്രെഡവറാണ് നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞു വച്ച് തമിഴ്നാട് പൊലീസിനെ ഏല്പിക്കുന്നത്. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന മുങ്ങി. ഇവര് മലേഷ്യയില് ഉണ്ടെന്ന വിവരത്തെ തുടര്ന്ന് ഇന്റര്പോളിന് കേസ് കൈമാറിയിട്ടും ഫലമുണ്ടായില്ല. ഓമനയ്ക്കായി ഇന്റര്പോള് രാജ്യത്തെ പ്രധാന സ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും പതിച്ച റെഡ് കോര്ണര് നോട്ടീസ് ഇപ്പോഴും നിലനില്ക്കുന്നു. മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളില് ഓമന ഒളിവില് കഴിഞ്ഞിരുന്നതായാണ് 16 വര്ഷമായി അന്വേഷണം നടത്തുന്ന സംഘത്തിനു ലഭിച്ച വിവരം.
ചെല്സ്റ്റിന് മേബല്, മുംതാസ്, ഹേമ, റോസ്മേരി, സുലേഖ, താജ്, ആമിന ബിന്, അബ്ദുള്ള സാറ എന്നിങ്ങനെയുള്ള പേരുകളും ഇവര് ഒളിവില് കഴിയുമ്പോള് സ്വീകരിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്. കൊലപാതകം നടക്കുമ്പോള് 43 വയസുണ്ടായിരുന്നു ഡോ. ഓമനയ്ക്ക്. ഈ കേസില് വലിയ രീതിയിലുള്ള ഒരന്വേഷണവും തമിഴ്നാട് പൊലീസില് നിന്നു നിലവില് ഉണ്ടാകുന്നില്ല എന്നാണ് വിവരം. പയ്യന്നൂര് കരുവാഞ്ചേരിയിലാണ് ഓമനയുടെ വീട്. അവിടിപ്പോള് ഒരു ലേഡീസ് ഹോസ്റ്റല് പ്രവര്ത്തിക്കുന്നു. ഓമന വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് പി. മുരളീധരന് എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്. കാമുകന് കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോഴാണ് കടുംകൈ ചെയ്തതെന്ന് ഓമന പോലീസിനോടു പറഞ്ഞിരുന്നു.1998 ജൂണ് 15 നാണ് കേസില് കുറ്റപത്രം സമര്പ്പിക്കുന്നത്.