തളിപ്പറമ്പ്: കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കെയ്സിലാക്കിയ കേസിൽ പരോളിലിറങ്ങി മുങ്ങിയ ഡോ. ഓമന ഇനിയും കാണാമറയത്ത് തുടരും. മലേഷ്യയിൽ കെട്ടിടത്തിൽനിന്നു വീണ് മരിച്ച മലയാളി ഡോ. ഓമനയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വലിയതുറ വള്ളക്കടവ് പുന്നവിളാകത്തിൽ മെർലിൻ റൂബിയാണ് (37) മലേഷ്യയിൽ മരിച്ചത്. എൽജിൻ-റൂബി ദമ്പതികളുടെ മകളാണ് മെർലിൻ.
മലേഷ്യയിലെ സുബാംഗ് ജായ സേലങ്കോർ എന്ന സ്ഥലത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നാണ് റൂബി വീണ് മരിച്ചത്. കഴിഞ്ഞ 18 ന് മെർലിന്റെ മൃതദേഹം ബന്ധുക്കളെത്തി ഏറ്റുവാങ്ങിയിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പിക്ക് തിരുവനന്തപുരം ഡിസിആർബിയാണ് വിവരം നൽകിയത്.
മെർലിന്റെ മരണവിവരം മലേഷ്യൻ പോലീസ് ഇന്ത്യൻ നയതന്ത്രകാര്യലയത്തിൽ അറിയിക്കുന്നതിലുണ്ടായ സാങ്കേതിക പിഴവാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. മലയാളം അറിയാവുന്ന സ്ത്രീയെ മലേഷ്യയിൽ കെട്ടിടത്തിൽനിന്നു വീണ് മരിച്ചനിലയിൽ കണ്ടെത്തിയതായും ഇവരേക്കുറിച്ച് എന്തെങ്കിലും വി വരം ലഭിക്കുന്നവർ അറിയിക്കണമെന്നുള്ള പരസ്യം ഇന്ത്യൻ ഹൈക്കമ്മീഷൻ പുനപ്രസിദ്ധീകരിച്ചിരുന്നു. മലേഷ്യൻ പോലീസിന് സംഭവിച്ച സാങ്കേതികപ്പിഴവ് മൂലമായിരുന്നു ഇത്.
ഇതോടെയാണ് പത്രത്തിൽവന്ന ഫോട്ടോ കണ്ട് മുൻ ഭർത്താവ് രാധാകൃഷ്ണനും മകളും ഡോ. ഓമനയാണ് മരിച്ചതെന്ന് സംശയം പ്രകടിപ്പിച്ചത്. ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ മലേഷ്യൻ പോലീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ അന്വേഷണത്തിൽ വിവരം തെറ്റാണെന്ന് ബോധ്യപ്പെട്ടു.
ഇന്റർപോൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള പയ്യന്നൂര്‍ കരുവാഞ്ചേരി സ്വദേശിനിയായ ഡോ. ഓമനയെക്കുറിച്ച് 16 വർഷമായി യാതൊരു വിവരവുമില്ല. 1998ൽ ജീവപര്യന്തം തടവ് ലഭിച്ച ഓമന 2001ൽ പരോളിലിറങ്ങി മുങ്ങുകയായിരുന്നു.
1996 ജൂലൈ 11-നായിരുന്നു കേസിനാസ്പദമായ സംഭവം. നേത്രരോഗ വിദഗ്ധയും രാധാകൃഷ്ണന്റെ ഭാര്യയുമായ ഡോ. ഓമന പയ്യന്നൂർ ബസ്സ്റ്റാൻഡിന് സ മീപം ക്ലിനിക്ക് നടത്തുകയായിരുന്നു. രാധാകൃഷ്ണനുമായുള്ള വിവാഹം വേർപെടുത്തിയ സമയത്ത് പി. മുരളീധരന് എന്ന കരാറുകാരനുമായി അവർ പരിച യപ്പെട്ടു. കാമുകൻ തന്നില്‍നിന്ന് അകലുന്നുവെന്ന് തോന്നിയപ്പോഴാണ് കാമുകനെ വെട്ടിനുറുക്കിയതെന്ന് ഓമന പോലീസിന് മൊഴിനൽകി.
മരണപ്പെട്ടത് ഓമനയല്ലെന്ന് സ്ഥിരീകരിച്ചതോടെ ദുരൂഹതയുടെ ആഴങ്ങളിലേക്ക് ആ, നേത്രരോഗ വിദഗ്ധ വീണ്ടും മുങ്ങിത്താഴ്ന്നിരിക്കുകയാണ്.
കെ.പി രാജീവൻ