പഴയങ്ങാടി: വെങ്ങരയുടെ മുഖമായ ജനകീയ ഡോക്ടർ പദ്മനാഭന് നാടിന്റെ യാത്രാമൊഴി. ഹോമിയോപ്പതി ചികിത്സ ജനകീയ വത്കരിച്ച ഡോക്ടറായ പദ്മനാഭന്റെ മരണം ഉൾക്കൊള്ളാനാവത്ത അവസ്ഥയിലാണ് വെങ്ങര ഗ്രാമം.
മെഡിസിന് അതിന്റേതായ പ്രാധാന്യത്തോടെപ്പം മെഡിറ്റേഷന് പ്രാധാന്യം നൽകിയുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ ചികിത്സാ രീതി. 1958ൽ വെങ്ങരയിലെ സാധാരണ കുടുബത്തിൽ പുതിയപുരയിൽ കുഞ്ഞിരാമൻ- ചെറിയാൽ ജനകി ദന്പതികളുടെ മൂന്നാമത്തെ മകനായിട്ടായിരുന്നു ജനനം.
സാമ്പത്തിക പരാധീ നതയിൽ നിന്നും സർക്കാർ സ്കൂളുകളിൽ പഠനം. തുടർന്ന് ഉന്നത മാർക്കുകളോടെ പയ്യന്നൂർ കോളജിൽ ബിരുദത്തിന് ശേഷം എറണാകുളം പാടിയാർ ഹോമിയോ മെഡിക്കൽ കോളജിൽ മെഡിസിൻ പഠനം പൂർത്തീകരിച്ചു. കുറ്റ്യാടി ഹോമിയോ ഗവ. ആശുപത്രി, മൊകേരി ഹോമിയോ ആശുപത്രി, മാണിയാട്ട് ഹോമിയോ ആശുപത്രി, കണ്ണപുരം, കണ്ണൂർ ഹോമിയോ ഗവ. ആശുപത്രി എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം അഴീക്കോട് ഹോമിയോ ആശുപത്രിയിൽ നിന്ന് ചീഫ് മെഡിക്കൽ ഓഫിസറായി 2013 ലാണ് വിരമിച്ചത്. തുടർന്ന് വെങ്ങരയിൽഅശരണർക്കും സാധാരണക്കാർക്കും സേവനം സൗജന്യമായും നൽകി വരികയായിരുന്നു.
ചികിത്സയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കണ്ണൂർ, കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ വൈകുന്നേരം നാലോടെയാണ് മരണം.
സംഭവമറിഞ്ഞ് നാടിന്റെ നാനാഭാഗത്ത് നിന്ന് എത്തിയ കക്ഷിരാഷ്ട്രീയ ഭേദമന്യേ കലാ-സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിലെ നിരവധി പേരാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയതെങ്കിലും ഡോക്ടർക്ക് കോവിഡ് ബാധിച്ചത് കാരണം അവസാനമായി ഒരു നോക്കു കാണാൻ സാധിക്കാതെയുള്ള വേദനയിൽ ഓർമകൾ പരസ്പരം പങ്കുവച്ച് കണ്ണീരണിയുകയായിരുന്നു പലരും.
10 ഓടെ വീട്ടിൽ എത്തിച്ച മൃതദേഹം ഭാര്യയെയും മകളെയും കാണിച്ചതിന് ശേഷം എല്ലാ വിധ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.
ജാഗ്രത സമിതി കൗൺസിലർ കക്കപ്രപൻ മോഹന്റെ നേതൃത്വത്തിൽ എച്ച്ഐ ശശി, ആശാ വർക്കർ ഡി. വൽസല എന്നിവരും പിപിഇ കിറ്റ് അണിഞ്ഞെത്തിയ എം. ഷാജി, കെ.വി. രാമകൃഷണൻ, പി. ഉല്ലാസൻ, എൻ. രാജു, ഡി. സൂരജ്, കെ. നിധിഷ് എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.
പഴയങ്ങാടി എസ്ഐ ഇ. ജയചന്ദ്രനും സ്ഥലത്തെത്തി. ഭാര്യ: എം. പ്രീ ത (കണ്ണൂർ ടൗൺ കോ-ഓപ്പ് ബാങ്ക്). മക്കൾ: ശ്രീഹരി, (ഇൻഫോസിസ്, മംഗളൂരു), ശ്രീലയ (കണ്ണൂർ യൂണിവേഴ്സിറ്റി). സഹോദരങ്ങൾ: നാരായണൻ, ഭാസ്കരൻ.