ബംഗളൂരു: കോവിഡ് വാക്സിനും മരുന്നുകളും കരിഞ്ചന്തയിൽ വിൽപ്പന നടത്തിയതിന് കർണാടകയിൽ ഡോക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.
ബംഗളൂരു മഞ്ജുനാഥനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. ഡോ. പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുൾപ്പെടെ മൂന്ന് പേരാണ് പോലീസിന്റെ പിടിയിലായത്.
ഒരു ഡോസ് കൊവിഷീല്‍ഡ് വാക്സിന് 500 രൂപയ്ക്കാണ് സംഘം മറിച്ചുവിറ്റിരുന്നത്. ഏപ്രില്‍ 23 മുതല്‍ സംഘം തട്ടിപ്പ് തുടരുന്നുണ്ടെന്നും ബംഗളൂരു വെസ്റ്റ് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
സൗജന്യ വിതരണത്തിനെത്തിച്ച വാക്സിൻ ഡോക്ടർ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തുകയും അവിടെ വച്ച് വിൽക്കുകയുമായിരുന്നു.
അതേസമയം, വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ തയാറാക്കുകയും റെംഡെസിവിര്‍ മരുന്നു കരിഞ്ചന്തയിൽ വിൽക്കുകയും ചെയ്തിരുന്ന സംഘത്തെയും പോലീസ് പിടികൂടിയിട്ടുണ്ട്.
ഡോ. ബി ശേഖർ, പ്രജ്വല, ജി. കിഷോർ, വൈ മോഹന്‍ എന്നിവരാണ് പിടിയിലായത്. ചാമരാജ് പേട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഇവരുടെ തട്ടിപ്പ്.
പ്രത്യേക സംഘത്തെ രൂപീകരിച്ച് സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് പോലീസ് സംഘത്തെ കുടുക്കിയത്. റെംഡെസിവിര്‍ ഒരു വയല്‍ 25,000 രൂപയ്ക്കാണ് ഇവർ വിറ്റിരുന്നത്.