നിലന്പൂർ: മലയോരത്തെ രോഗികൾക്കു ആശ്വസകരമാവുകയാണ് ഡോക്ടർ രാഹിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തി ഗ്രാമമായ കക്കാടംപൊയിലിലാണ് നാട്ടുകാർക്കു അനുഗ്രഹമായി ഡോക്ടറെത്തിയത്. കഴിഞ്ഞ 30 വർഷമായി കക്കാടംപൊയിൽ നിവാസികൾ ഡോക്ടറെ കാണാൻ തിരുവന്പാടിയിലോ നിലന്പൂരിലോ ആണ് ചികിൽസ തേടി എത്തിയിരുന്നത്.
എന്നാൽ കഴിഞ്ഞ നാലു മാസമായി അവർക്കു സ്വന്തമായി ഡോക്ടർ ഉണ്ട്. ചാലിയാർ പഞ്ചായത്തിലെ എളന്പിലാക്കോട് സ്വദേശിയാണ് ഡോ.രാഹിൽ. കക്കാടംപൊയിൽ നിവാസികളുടെ ദുരവസ്ഥ കേട്ടറിഞ്ഞ രാഹിൽ അകന്പാടത്ത് ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്നു മലകയറി കക്കാടംപൊയിലിലെത്തി.
ആശുപത്രിക്ക് സൗകര്യമുള്ള കെട്ടിടം സംഘടിപ്പിച്ചു. മുൻ മന്ത്രി എ.സി.ഷണ്മുഖദാസിന്റെ നാമധേയത്തിൽ ഒബ്സർവേഷൻ സൗകര്യമടക്കമുള്ള ആശുപത്രി തുടങ്ങി. രണ്ടു നഴ്സുമാരെയും ലാബ് ടെക്നീഷനെയും നിയമിച്ചു.
കക്കാടംപൊയിൽ, താഴെകക്കാട്, അകംപുഴ, വാളംതോട്, കരിന്പ്, ചീങ്കണ്ണിപ്പാലി, വെണ്ടേക്കുംപൊയിൽ, എട്ടാം ബ്ലോക്ക്, വാളംതോട്, നായാടംപൊയിൽ, തോട്ടപ്പള്ളി പ്രദേശങ്ങളിലെ മലയോര കർഷകർക്കും അഞ്ചിലേറെ ആദിവാസി കോളനികളിലെ കുടുംബങ്ങൾക്കും പ്രിയങ്കരനായി ഈ യുവ ഡോക്ടർ മാറികഴിഞ്ഞു. ഞായറാഴ്ച്ച പോലും അവധിയെടുക്കാതെ ഡോക്ടർ ഇവിടെയെത്തും.
കാട്ടാനകൾ അടക്കം വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായ നിലന്പൂർ – നായാടംപൊയിൽ മലയോരപാതയിലൂടെ 20 കിലോമീറ്റർ ബൈക്കിൽ യാത്ര ചെയ്താണ് ആശുപത്രിയിൽ എത്തുന്നത്. രാവിലെ ഒന്പതിനു ആശുപത്രിയിൽ എത്തിയാൽ വൈകുന്നേരം ആറോാടെ മടങ്ങും.
കാട്ടാന ശല്യം ഉള്ളതിനാലാണ് നേരത്തെ മടങ്ങുന്നത്. അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിൽ തന്നെ തങ്ങും.
പ്രളയകാലത്ത് ക്യാന്പുകളിലും ഈ യുവ ഡോക്ടർ സജീവമായിരുന്നു. സാന്പത്തിക നേട്ടമല്ല, ജനങ്ങൾ നൽകുന്ന സ്നേഹമാണ് ആതുര മേഖലയിൽ നിന്നു ലഭിക്കുന്ന സംതൃപ്തിയെന്ന് ഡോ. രാഹിൽ പറയുന്നു.