ജനപ്രതിനിധികളുടെ കൊള്ളരുതായ്മകള്‍ കയ്യോടെ പിടികൂടുകയും നിയമത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്തതിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പോലും സഹിക്കേണ്ടി വന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ എത്തിപ്പെട്ടിരിക്കുകയാണ് നിലവില്‍ ദേവികുളം സബ് കളക്ടറായിരിക്കുന്ന ഡോ. രേണുരാജ് ഐഎഎസ്. യുവകളക്ടറുടെ നടപടികള്‍ക്കും ഉറച്ച് തീരുമാനങ്ങള്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്ന് നിറകയ്യടി ലഭിക്കുമ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് അവര്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
അഞ്ചുവര്‍ഷം മുമ്പ് നടന്ന ഒരു സംവാദത്തിലാണ് ആ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഡോ. രേണുരാജ് തന്നോട് ചോദ്യങ്ങള്‍ ചോദിച്ച ഏതാനും കോളജ് വിദ്യാര്‍ത്ഥികളോട് ചില കാര്യങ്ങള്‍ പറഞ്ഞത്. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാല്‍ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് രേണു അതിന് മറുപടി പറഞ്ഞത്. രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
‘പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതല്‍ ലാഭകരം. സിസ്റ്റത്തിനൊപ്പം നില്‍ക്കുകയും വ്യക്തിപരമായ ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതിരിക്കുകയുമാണ് എന്റെ മുന്നിലുള്ള വെല്ലുവിളി. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നില്‍ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നില്‍ വരേണ്ടി വരില്ല’. ഐഎഎസ് നേടിയതിനുശേഷമുള്ള ആവേശത്തില്‍ പറഞ്ഞ പൊള്ള വാക്കുകളായിരുന്നില്ല അതെന്ന് ഇപ്പോഴത്തെ സംഭവവും വ്യക്തമാക്കുന്നു.