കോവിഡ് 19ന്റെ പശ്ചാത്തലത്തില് പൊതുസ്ഥലത്ത് കൂട്ടംകൂടാന് പാടില്ലെന്ന സര്ക്കാരിന്റെ നിര്ദ്ദേശങ്ങള് കാറ്റില്പ്പറത്തിയ സംഭവത്തില് ഡോ.രജിത് കുമാര് കസ്റ്റഡിയില്. ആറ്റിങ്ങലിലെ വീട്ടില് നിന്നാണ് പൊലീസ് രജിത് കുമാറിനെ പിടികൂടിയത്.
ഇന്നു തന്നെ നെടുമ്പാശേരി പൊലീസിന് രജിത്തിനെ കൈമാറും. ബിഗ്ബോസില് നിന്ന് പുറത്തായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില് വിമാനമിറങ്ങിയ രജിത് കുമാറിന സ്വീകരിക്കാന് നിരവധി ആളുകള് എയര്പോര്ട്ടില് എത്തിയിരുന്നു.
ഈ സംഭവത്തില് 13 പേരെ ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില് നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
ബിഗ്ബോസ് റിയാലിറ്റി ഷോയില് നിന്നും ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ രജിത്തിനെ സ്വീകരിക്കാന് നൂറോളം പേരാണ് എയര്പോര്ട്ടില് എത്തിയത്. സന്ദര്ശകവിലക്ക് ഉള്ള എയര്പോര്ട്ടില് നിയമം തെറ്റിച്ചുകൊണ്ട് രജിത്തിന്റെ ആരാധകര് നടത്തിയ സ്വീകരണപരിപാടി ഏറെ വിവാദങ്ങള്ക്ക് ഇടയാക്കിയിരുന്നു.
വിമാനത്തവളത്തില് എത്തുന്നവര് കര്ശന ജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്ദേശങ്ങളെ കാറ്റില് പറത്തുന്ന സമീപനമാണ് ഈ സംഭവത്തില് രജിത് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതേത്തുടര്ന്ന് 75 പേര്ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് രജിത്തിനെ സ്വീകരിക്കാന് എത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് നെടുമ്പാശ്ശേരി പൊലീസ്. വരും ദിവസങ്ങളില് കൂടുതല് അറസ്റ്റുണ്ടാവുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.