കോഴിക്കോട്: പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കോളജിന് മരണശേഷം സ്വന്തം ശരീരവും വാഗ്ദാനം ചെയ്ത് ഡോ. വി.പി. ശശിധരൻ ഇന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. 1976ലാണ് എംബിബിഎസ് പഠനത്തിനായി ഡോക്ടർ കോഴിക്കോടെത്തുന്നത്. പിന്നീട് ഇവിടെത്തന്നെ ട്യൂട്ടറായി സർവീസിൽ ചേർന്നു.
2005ൽ തിരുവനനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിതനായി. 2006ൽ കോഴിക്കോട്ടേക്ക് തന്നെവന്ന അദ്ദേഹം ഡെപ്യൂട്ടി സുപ്രണ്ടായി സേവനമനുഷ്ടിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലായി ജോലി ചെയ്തു.
കഴിഞ്ഞവർഷം ജൂണിലാണ് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലായി നിയമിതനായത്.
രോഗികൾക്കായി നിരവധി സഹായ സാന്ത്വനപദ്ധതികളാണ് ഡോക്ടർ നടപ്പിലാക്കിയത്. സംഗീതത്തിൽ താത്പര്യമുള്ള ഡോക്ടർ പരീക്ഷണാടിസ്ഥാനത്തിൽ മ്യൂസിക് തൊറാപ്പി ചികിത്സയും നടപ്പിലാക്കി.
മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ ഡോക്ടറുടെ ഭാര്യ മഞ്ചേരി മെഡിക്കൽ കോളജിലെ മനോരോഗ വിഭാഗം മേധാവിയാണ്. മകൾ അശ്വതി എംഡി വിദ്യാർഥിനിയാണ്. മകൻ അശ്വിൻ ഹൗസ്സർജനാണ്. നാളെ നടക്കുന്ന മെഡിക്കൽ കോളജ് അറുപതാം വാർഷികത്തിന്റെ ഉദ്ഘാടനവേദിയിൽ ഡോക്ടർക്കുള്ള യാത്രയയപ്പും നൽകും.