
തൊടുപുഴ: കോവിഡിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോയുമായി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെത്തി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്ത അമ്മയും മകനും ഇന്ന് താരങ്ങളാണ്.
കോവിഡ് കാലത്തെ ഭക്ഷണക്രമവും ഇതിലൂടെ രോഗ പ്രതിരോധ ശേഷി വർധിക്കുമെന്ന സന്ദേശവുമായി സോഷ്യൽ മീഡിയയിൽ എത്തിയത് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോ. സതീഷ്് വാര്യരും അമ്മ ഗീതയുമാണ്.
ഡാ. ഈ കപ്പ വറുത്തതൊന്നും തിന്നണ്ട. ചീർത്ത് ചീർത്ത് വരുന്നത് നോക്ക്യേ, ഇതിലും നല്ലത് നെല്ലിക്ക ഉപ്പിലിട്ടതും ചുവന്നുള്ളി നെയ് ചേർത്ത് മൂപ്പിച്ചതുമുണ്ട്.
ഇത് ഇടയ്ക്കിടയ്ക്ക് കഴിച്ചോ നല്ലതാ, ചക്കപ്പോത്ത് പോലെ വരികയുമില്ലെന്ന സംഭാഷണവുമായി അമ്മയും സംഗതി കൊള്ളാല്ലോയെന്ന് മറുപടി പറയുന്ന മകനും ആളുകളെ മനസു തുറന്ന് ചിരിപ്പിച്ചു.
ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ.സതീഷ് വാര്യർ തിരക്കിനിടയിലാണ് തന്റെ മറ്റൊരു അഭിരുചിയായ അഭിനയത്തിൽ ഒരു കൈ നോക്കുന്നത്.
അടുക്കളയിൽ അമ്മയും മകനും ചേർന്ന് നടത്തുന്ന നർമസംഭാഷണത്തിലൂടെ കോവിഡ് മഹാമാരിയെ ചെറുക്കാനുള്ള സന്ദേശം നൽകുകയായിരുന്നു ഇവർ.
ആരോഗ്യദായകമായ ഭക്ഷണ ക്രമത്തിലൂടെ കോവിഡിനെ പടിക്കു പുറത്തു നിർത്താമെന്ന സന്ദേശമാണ് സ്വാഭാവികമായ രീതിയിൽ ഇവർ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.
നേരത്തെയും അമ്മയുമൊത്തുള്ള ചെറിയ വീഡിയോകൾ മൊബൈലിൽ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് വാട്ട്സ്ആപ്പിലൂടെയും മറ്റും നൽകാറുണ്ടായിരുന്നു ഡോ.സതീഷ് വാര്യർ.
ആയുർവേദ വകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി വീഡിയോകൾ പുറത്തു വന്നിട്ടുണ്ടെങ്കിലും വേറിട്ടൊരു ആശയം സതീഷിന്റെ മനസിലുദിക്കുകയായിരുന്നു.
സർക്കാർ നിർദേശങ്ങൾക്കൊപ്പം സ്വന്തമായി ഡയലോഗുകൾ ചേർത്ത് സ്ക്രിപ്റ്റ് തയാറാക്കി. ട്രൈപ്പോഡ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ച് പതിവുപോലെ ചില സുഹൃത്തുക്കൾക്ക് വാട്ട്സ്ആപ്പിൽ നൽകി.
തൊടുപുഴ കുമാരമംഗലം സ്കൂളിലെ അധ്യാപകനായ ബിനോയ് ഇത് കണ്ട് ഡോക്ടറുടെ പേര് സഹിതം മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചു. നിമിഷനേരത്തിനുള്ളിൽ വിവിധ ഗ്രൂപ്പുകൾ കൈമാറി വീഡിയോ തരംഗമായി.
ആയുർവേദ ഡോക്ടറായിരുന്ന സതീഷ് വാര്യർ ഇതോടെ തൊടുപുഴക്കാർക്ക് മുന്നിൽ നർമത്തിന്റെ പുതിയ താരോദയവുമായി. നാഷണൽ ആയുഷ് മിഷന്റെയടക്കം ഫേസ്ബുക്ക് പേജുകളിൽ വീഡിയോ പങ്കുവച്ചു.
വീഡിയോ കണ്ട് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറടക്കം നിരവധിപ്പേർ വിളിച്ച് അഭിനന്ദിച്ചെന്ന് ഡോ. സതീഷ് വാര്യർ പറഞ്ഞു. അഭിനയം മനോഹരമായിട്ടുണ്ടെന്നും ഇനിയും തുടരണമെന്നും ഒട്ടേറെ പേർ ഡോക്ടറോട് അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു കൈ നോക്കാൻ തന്നെയാണ് ഡോക്ടറിന്റെ തീരുമാനം.
ഭാരതീയ ചികിത്സാ വകുപ്പ് മുൻ ഡയറക്ടർ ഡോ. ആർ.ആർ.ബി വാര്യരുടെ മകനാണ് പെരുന്പിള്ളിച്ചിറ വാര്യത്ത് വീട്ടിൽ സതീഷ്. കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിലെ അധ്യാപിക രേഖയാണ് ഭാര്യ. ആറാം ക്ലാസ് വിദ്യാർഥി വിശാൽ മകനാണ്.