തിരുവനന്തപുരം: പി ജി വിദ്യാർഥിനി ഡോ.ഷഹന ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവ് ഒളിവിൽ. പോലീസ് ചോദ്യം ചെയ്യാനെത്തിയപ്പോൾ വീട് ഒഴിഞ്ഞ നിലയിലായിരുന്നു. കേസിൽ ഷഹനയുടെയും റുവൈസിന്റെയും സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും.
വിവാഹത്തിൽനിന്നുള്ള റുവൈസിന്റെ പിന്മാറ്റം ഷഹനയെ മാനസികമായി ഉലയ്ക്കുകയായിരുന്നു. മരണത്തിന് ഏകദേശം ഒരാഴ്ച മുമ്പുതന്നെ ഷഹന മാനസികമായി ഏറെ തളർന്നിരുന്നതായി സുഹൃത്തുക്കളും പറയുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ “അവൻ’ എന്നു മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത് എന്നും റുവൈസ് എന്ന പേര് എടുത്ത് പറഞ്ഞിട്ടില്ലെന്നും മെഡിക്കൽ കോളജ് പോലീസ് വ്യക്തമാക്കി.
“അവനും ഒരു സഹോദരി ഉണ്ടല്ലോ” എന്ന രീതിയിലുള്ള പരാമർശവും ആത്മഹത്യാക്കുറിപ്പിൽ കാണുന്നുണ്ട്. താനും ഒരു സ്ത്രീയാണെന്നും ഭീമമായ സ്ത്രീധനം ചോദിച്ചാൽ വിവാഹം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്നുമുള്ള രീതിയിൽ കുറിപ്പ് എഴുതിയിട്ടുണ്ട്. റുവൈസ് പതിയെ വിവാഹനിശ്ചയത്തിൽനിന്നു പിന്മാറി എന്നുള്ള തരത്തിൽ വേദനാജനകമായ വാക്കുകളാണ് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം കോടതി റുവൈസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിന്നു. റുവൈസിന് രണ്ട് മൊബൈൽ നമ്പറുകളാണുള്ളത്. ഇതിൽ ഒന്ന് വളരെ മുമ്പുതന്നെ വാട്സാപ് സംവിധാനം നിലച്ചതാണ്. രണ്ടാമത്തെ നമ്പറിലുള്ള വാട്സാപ്പ് അക്കൗണ്ടിൽ വന്ന മെസേജുകൾ ആണ് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.