തിരുവനന്തപുരം: ഡോക്ടർ ഷഹാനയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി കുടുംബം. തിരുവന്തപുരം മെഡിക്കൽ കോളിൽ സർജറി വിഭാഗത്തിൽ പിജി വിദ്യാർഥിനിയായിരുന്നു ഷഹാന. കൂടെ പഠിക്കുന്ന ഡോക്ടറായ സുഹൃത്തിന്റെ വിവാഹാലോചന ഷഹാനയ്ക്കെത്തിയിരുന്നു. തുടർന്ന് 50 പവൻ സ്വർണവും 50 ലക്ഷം രൂപയുടെ കാറും സ്വത്തും നൽകാമെന്ന് കുടുംബം വരന്റെ വീട്ടുകാരോട് പറഞ്ഞു.
എന്നാൽ 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറുമാണ് യുവാവിന്റെ വീട്ടുകാർ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്ന് ഷഹാനയുടെ കുടുംബം ആരോപിച്ചു. കൊടുക്കാൻ ഉദ്ദേശിച്ചതിൽ കൂടുതൽ തുകയും വിലകൂടിയ കാറും വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടതോടെ ഷഹാനയുടെ കുടുംബം സമ്മർദത്തിലായി. പിന്നാലെ വരൻ വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തു.
ഇതിന്റെ മനോവിഷമത്തിൽ ഷഹാന ആത്മഹത്യചെയ്തെന്നാണ് കുടുംബം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കുടുംബം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകി.
കഴിഞ്ഞദിവസം രാത്രിയാണ് ഷഹാനയെ മെഡിക്കൽ കോളജിന് സമീപത്തെ ഇവർ താമസിക്കുന്ന ഒരു ഫ്ലാറ്റിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഷഹാനയുടെ മരണം അമിതമായി അനസ്തേഷ്യ മരുന്ന് ഉള്ളിൽ ചെന്നത് മൂലമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകു. ഷഹാനയുടെ മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പിന് സമാനമായ കത്ത് കണ്ടെത്തിയിരുന്നു. ‘എല്ലാവര്ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ എന്നാണ് കുറിപ്പിൽ എഴുതിയത്.