തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിയായിരുന്ന ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നുണ്ടാകും. ഇന്നലെയാണ് അഡീഷണൽ സിജെഎം കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ റുവൈസിനെ വിട്ടത്.
അന്വേഷണസംഘം ഇന്നലെ പ്രതിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇന്നലെ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയി. അതേസമയം, റുവൈസിന്റെ പിതാവ് ഒളിവിലാണ്. പിതാവിനായുള്ള തെരച്ചിൽ ഊർജിതമാണ്.
ബന്ധുവീട്ടിലുൾപ്പെടെ ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഐപിസി 306 (ആത്മഹത്യാ പ്രേരണ), 34 എന്നീ വകുപ്പുകളും, സ്ത്രീധന നിരോധന നിയമപ്രകാരം എന്നിവയുൾപ്പെടെ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ.ഞാൻ വഞ്ചിക്കപ്പെട്ടു. എന്ന വാചകത്തോടെ ഒപി ടിക്കറ്റിന്റെ മറു പുറത്ത് ഡോ. ഷഹന ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഡോ. ഷഹനയും, ഡോ. റുവൈസും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും വീട്ടുകാർ ഇവരുടെ ബന്ധം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹത്തിനായി റുവൈസും അദ്ദേഹത്തിന്റെ കുടുംബവും വലിയ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഈ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ മരണം മാത്രമാണ് തന്റെ മുന്നിലുള്ളത്. ഷഹന ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് റുവൈസിന് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്, ഇത് കണ്ടിട്ടും ഷഹനയെ സമാധാനിപ്പിക്കുന്നതിനോ തടയാനോ ആശ്വസിപ്പിന്നതിനോ റുവൈസ് തയാറായില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
എന്നാൽ ഷഹ്നയുടെ ആത്മഹത്യ വലിയ ചർച്ചയായതിന് ശേഷം മാത്രമാണ് പോലീസ് റുവൈസിനെതിരെ കേസെടുക്കാൻ തയാറായത്.