കൊല്ലം: രാജ്യത്തെ ആരോഗ്യ മേഖല കടന്ന് പോകുന്നത് കടുത്ത പ്രതിസന്ധികളിലൂടെയാണെന്നും ഇതിനെതിരെ ആധുനിക വൈദ്യശാസ്ത്ര സമൂഹം കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് (ഇലക്ട്) ഡോ. ശാന്തനു സെന്‍ എം പി പറഞ്ഞു.
കൊല്ലത്ത് രണ്ട് ദിവസങ്ങളിലായി നടന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയഷന്റെ 61 ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന ആരോഗ്യ നയം ആരോഗ്യ മേഖലയിലുള്ളവര്‍ തന്നെ ആശങ്കയോടെയാണ് കാണുന്നത്. ആയുഷ്മാന്‍ ഭാരത്, എംഎന്‍സി ബില്‍ തുടങ്ങിയവയിലുള്ള ആകുലതകള്‍ ഇത് വരെ മാറ്റാനായിട്ടില്ല.
ആ നിലയാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ ജാഗരൂരാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചത്. സംസ്ഥാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. ഐഎംഎ യുടെ നേതൃത്വത്തില്‍ ആശുപത്രി മാലിന്യ സംസ്കരണത്തിന് വേണ്ടി പാലക്കാട് പ്രവര്‍ത്തിക്കുന്ന ഇമേജ് പദ്ധതി രാജ്യത്തെ മെഡിക്കല്‍ രംഗത്തിന് തന്നെ മാതൃകയാണ്. ഇതിന് വേണ്ടി ഇമേജിന്റെ പ്രവര്‍ത്തനം ഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യമാകമാനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന ഈ അവസരത്തില്‍ ആശുപത്രി സംരക്ഷണനിയമം നടപ്പിലാക്കുന്നതിനാകും തന്റെ പ്രഥമ പരിഗണയെന്ന് ചടങ്ങില്‍ സ്ഥാനമേറ്റെടുത്ത ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എംഇ സുഗതന് പറഞ്ഞു. പ്രളയാനന്തരം തകര്‍ന്ന ആശുപത്രികളുടേയും മെഡിക്കല്‍ രംഗത്തിന്റേയും ഉയര്‍ത്തെഴുന്നേല്‍പ്പിന് പുതിയ ഭരണ സമിതിയുടെ നേതൃത്വത്തില്‍ എത്രയും വേഗത്തില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഐഎംഎയുടെ പുതിയ ഭാരവാഹികളള്‍ ചുമതലയേറ്റു. ചടങ്ങില്‍ സോമപ്രസാദ് എംപി, നൗഷാദ് എംഎല്‍എ, ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, മുന്‍ പ്രസിഡന്റുമാരായ ഡോ. ഇ.കെ ഉമ്മര്‍, ഡോ. വി.ജി പ്രദീപ് കുമാര്‍, ട്രഷറര്‍ ഡോ. റോയ് കെ ചന്ദ്രന്. പ്രഫ. മാധവ മേനോന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. വര്‍ഗീസ് ടിജി, ഡോ. എസ്.ഡി, രാജു, ഡോ. ബാലനാരായണന്‍. ഒ.കെ, ജോ. സെക്രട്ടറിമാരായ ഡോ. അനന്തരാജന്‍ സിആര്‍, ഡോ. എന്‍ ശ്യം, ഡോ. എന്‍ ദിനേശ്, ഡോ. ജോജു പോംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ 2018 ലെ മാധ്യമ അവാര്‍ഡുകള്‍, സോഷ്യല്‍ മീഡിയ അവാര്‍ഡുകള്‍ ഐഎംഎയുടെ മറ്റ് അവാര്‍ഡുകളും വിതരണം ചെയ്തു.