കോട്ടയം: ബ്ലാക്ക് ഫംഗസ് രോഗം മുന്പേയുള്ളതാണെന്നും ഇപ്പോൾ കോവിഡിനെ ചേർത്ത് ഭീതി പരത്തേണ്ടതില്ലെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇഎൻടി വിഭാഗം മേധാവി ഡോ. ഷിബു ജോർജ്.
കോവിഡ് ഇല്ലാത്തവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. പുതിയരോഗം എന്ന പ്രചാരണം ശരിയല്ല. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് ബാധിക്കുന്നത്.
കോവിഡ് തീവ്രമായവർ കഴിച്ച മരുന്നിൽ നിന്നോ സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗത്താലോ രോഗം വരാം. പ്രമേഹം ഗുരുതരമായവരിലും ഹൃദയം, വൃക്ക തുടങ്ങിയവ മാറ്റിവച്ചവരിലും രക്താർബുദം ഉള്ളവരിലോ ചില മരുന്നുകളുടെ ഉപയോഗം രോഗത്തിന് കാരണമായിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യക്തിശുചിത്വം പാലിക്കുന്നതിൽ മലയാളികൾ മുന്നിലായതിനാൽ രോഗഭീതി അനാവശ്യമാണ്. രോഗപ്രതിരോധശേഷിയുള്ളവരിൽ രോഗം ബാധിക്കില്ലെന്നും ഷോ. ഷിബു ജോർജ് പറഞ്ഞു.