മുക്കം: കൊവിഡ് മഹാമാരി കേരളത്തെ വിറപ്പിക്കുമ്പോൾ അവധി റദ്ദാക്കി വിവാഹം പോലും മാറ്റിവച്ച് കർമനിരതയാവുകയാണ് യുവ ഡോക്ടറായ ഡോ. ഷിഫ എം. മുഹമ്മദ്.
വിവാഹം നിശ്ചയിച്ച് എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ വിവാഹമല്ല, കൊറോണക്കെതിരായ പ്രതിരോധവും ചികിത്സയുമാണ് തന്റെ മുഖ്യ കടമയെന്ന് ഷിഫ നിലപാടെടുക്കുകയായിരുന്നു.
നൂറ് കണക്കിന് രോഗികൾ ചികിത്സയ്ക്കായി കാത്തിരിക്കുമ്പോൾ മകളുടെ ഈ മനസ് മനസിലാക്കിയ കുടുംബം ഇതിനെ അഭിമാനത്തോടെ പിന്തുണക്കുകയും ചെയ്തു.
വരന്റെ വീട്ടുകാരും യോജിച്ചതോടെ കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ട വിവാഹം നീട്ടിവയ്ക്കുകയായിരുന്നു. 2017 ജനുവരിയിലാണ് ഇവരുടെ നിക്കാഹ് കഴിഞ്ഞത്. വിവാഹത്തിനായി വരന്റെ കുടുംബാംഗങ്ങൾ മാസങ്ങൾക്ക് മുൻപ് തന്നെ വിദേശത്ത് നിന്ന് നാട്ടിലെത്തിയിരുന്നു. കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചപ്പോൾ തന്നെ വിവാഹം നടത്താൻ കഴിയില്ലെന്ന് ഷിഫ വീട്ടുകാരെ അറിയിച്ചിരുന്നു.
നവവധുവാകേണ്ട ഡോ. ഷിഫ കൊവിഡ് ആശുപത്രിയായി സർക്കാർ പ്രഖ്യാപിച്ച പരിയാരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കർമനിരതയായി തുടരുകയുമാണ് ഇപ്പോഴും.
എൽഡിഎഫ് കോഴിക്കോട് ജില്ലാ കൺവീനറും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ കാരമൂല സ്വദേശി മുക്കം മുഹമ്മദിന്റെയും അധ്യാപികയായ സുബൈദയുടേയും മകളാണ് ഡോ: ഷിഫ. വലിയപൊയിൽ സാലിബ്ഖാന്റെയും സൗദാ ബീവിയുടേയും മകൻ അനസ് മുഹമ്മദുമായുള്ള വിവാഹം 29 ഞായറാഴ്ച നടത്താനായിരുന്നു നിശ്ചയിച്ചത്. ക്ഷണക്കത്തും തയാറാക്കി ഒരുക്കങ്ങളും നടത്തി.
അതിനിടയിലാണ് കൊറോണ വൈസ് ബാധ പടരുന്നതും ലോക്ക്ഡൗൺ അടക്കമുള്ള അടിയന്തിര സാഹചര്യത്തിലേക്ക് നാട് മാറിയതും. ഈ സന്ദർഭത്തിൽ ലളിതമായിപ്പോലും വിവാഹം നടത്താനല്ല ഇരു വീട്ടുകാരും തീരുമാനിച്ചത്.
രോഗിപരിചരണ രംഗത്ത് സജീവ സാന്നിധ്യമാവുകയാണ് തന്റെ കടമയെന്ന് ഡോ. ഷിഫ ആഗ്രഹമറിയിച്ചപ്പോൾ ഇരുവീട്ടുകാരും പിന്തുണക്കുകയായിരുന്നു.
പരിയാരം മെഡിക്കൽ കോളജിലെ കൊറോണ വാർഡിൽ ഡോ. ഷിഫ ഇന്നലെയും പതിവുപോലെ രോഗികൾക്ക് സാന്ത്വനവും ആത്മവിശ്വാസവും പകർന്നു നൽകി പരിചരണത്തിൽ മുഴുകി. ഷിഫയുടെ സഹോദരി സുമിഷ എം. മുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ലക്ചററാണ്.