ഈയടുത്തായി നമ്മള് ഏറ്റവുമധികം കേള്‍ക്കുന്ന രോഗമാണ് തക്കാളിപ്പനി. തക്കാളിപ്പനി എന്നു കേള്‍ക്കുമ്പോള്‍ ആള് അല്പം വില്ലനാണെന്നു തോന്നുമെങ്കിലും അത്ര പ്രശ്നക്കാരനല്ല എന്നതാണ് സത്യം.
എന്നാല്‍ അതു കുട്ടികളിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ കുറച്ച് കൂടുതലാണ്. രോഗമുള്ളവരില്‍ നിന്നു നേരിട്ടു പകരുന്ന ഈ രോഗം സാധാരണയായി പിടികൂടുന്നത് പത്തു വയസില്‍ താഴെയുള്ള കുട്ടികളെയാണ്. ഈ സാഹചര്യത്തില്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുഞ്ഞുങ്ങളെ പരിചരിക്കേണ്ട രീതികളെക്കുറിച്ചും വിശദമായ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ഡോ. ഷിംന അസീസ്.
പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം
നിര്‍ത്താത്ത കുഞ്ഞിക്കരച്ചില്‍ കേട്ട് സഹിക്കവയ്യാതെയാണ് ആ അമ്മ ഇന്നലെ പാതിരാത്രി വിളിച്ചത്. ‘കുഞ്ഞിന് തക്കാളിപ്പനിയാ ഡോക്ടറേ. കാലിന്റടിയില്‍ ചൊറിഞ്ഞിട്ട് അവനുറങ്ങുന്നില്ല. നിങ്ങളെ ശല്യപ്പെടുത്തണമെന്ന് കരുതിയതല്ല. വെള്ളമിറക്കാന്‍ പോലുമാകുന്നില്ലവന്. തൊണ്ടയില്‍ മുള്ളുണ്ടെന്ന് പറഞ്ഞ് കരച്ചിലോട് കരച്ചിലാണ്. സഹായിക്കണം.’
ഈ മഴക്കാലത്ത് പത്ത് വയസ്സില്‍ താഴെയുള്ള ഒരുപാട് കുഞ്ഞുങ്ങള്‍ക്കും അപൂര്‍വ്വമായി മുതിര്‍ന്നവര്‍ക്കും തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പല സ്കൂളുകളിലും ഡേ കെയറിലുമൊക്കെ ഒന്നടങ്കം ഈ രോഗം വരുന്നതായും കാണുന്നു. എന്താണ് ഈ സംഗതി?
‘തക്കാളിപ്പനി’ കാലാകാലങ്ങളായി ഇവിടുള്ള ഒഎങഉ അഥവാ ഒമിറ എീീ േങീൗവേ ഉശലെമലെ ആണ്. കോക്സാക്കി വൈറസ് അല്ലെങ്കില്‍ എന്ററോവൈറസ് ഉണ്ടാക്കുന്ന ഈ എടങ്ങേറ് പിടിച്ച സൂക്കേട് അപകടകാരിയല്ലയെങ്കിലും മക്കള്‍ക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
പനി, ക്ഷീണം, കൈവെള്ളയിലും കാല്‍വെള്ളയിലും വായ്ക്കകത്തും ചന്തിയുടേയും കൈകാല്‍ മുട്ടുകളുടെയും ഭാഗത്തും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കന്‍പോക്സ് പോലെ പൊള്ളകളാവുന്നതാണ് ലക്ഷണം.
ചിക്കന്‍പോക്സ് കൈവെള്ളയിലും കാല്‍വെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത് പിറകുവശത്തായി വരുന്ന പൊള്ളകള് കാരണം കുഞ്ഞിന് മരുന്ന് പോയിട്ട് പച്ചവെള്ളം പോലും ഇറക്കാന്‍ പറ്റാത്ത സ്ഥിതി വരുന്നതാണ് ഏറ്റവും വിഷമകരമായ പ്രായോഗിക ബുദ്ധിമുട്ട്.
രോഗമുള്ളവരില്‍ നിന്നും നേരിട്ടാണിത് പകരുന്നത്. രോഗികളായ കുഞ്ഞുങ്ങള്‍ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാന്‍ പാടാണ്. രോഗം വന്ന് കഴിഞ്ഞാല്‍ കുഞ്ഞിന്റെ ലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സിക്കാം.
പനി, വേദന തുടങ്ങിയവക്ക് പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകള്‍, വായ്ക്കകത്ത് പുണ്ണ് പോലെ വരുന്നതിനുള്ള മരുന്ന് തുടങ്ങിയവയാണ് പതിവ്. രോഗം മാറി ആഴ്ചകള്‍ക്ക് ശേഷം ചിലപ്പോള്‍ കൈയിലെയോ കാലിലെയോ നഖം നഷ്ടപ്പെടുന്നത് കണ്ടുവരാറുണ്ട്. ഇത് കണ്ട് ഭയക്കേണ്ടതില്ല. കുറച്ച് വൈകിയാലും പുതിയ നഖം വരും. ഈ രോഗം മസ്തിഷ്കജ്വരത്തിനും കാരണമാകാമെങ്കിലും അത്ര സാധാരണമല്ല.
രോഗം വന്ന് കഴിഞ്ഞാല്‍ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. കുളിപ്പിക്കുമ്പോള്‍ തേച്ചുരച്ച് പൊള്ള പൊട്ടിക്കരുത്. നന്നായി സോപ്പ് തേച്ച് വൃത്തിയായി കുളിപ്പിക്കുക. വാശി തികച്ചും സ്വാഭാവികമാണ്. അത്രയേറെ അസ്വസ്ഥത ഉള്ളത് കൊണ്ട് തന്നെയാണ് കുഞ്ഞ് വഴക്കുണ്ടാക്കുന്നത്. സാരമില്ല, ക്ഷമയോടെയിരിക്കുക.
വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത് നോക്കാം. ബ്രഡ് ആവി കയറ്റി വക്ക് കളഞ്ഞ് പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപ്പോട്ടയോ സ്പൂണ്‍ കൊണ്ട് ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്ക്കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന് കൊടുക്കാം.
തല്ക്കാലം കുട്ടി വിശന്നിരിക്കരുത് എന്നത് മാത്രമാണ് നമ്മുടെ വിഷയം. അതിലപ്പുറം ആ വാശിപ്പൈതലിനെയും കൊണ്ട് നമുക്ക് ഒന്നിനും സാധിച്ചേക്കില്ല. കിട്ടുന്ന നേരത്ത് അമ്മയോ അച്ഛനോ കുഞ്ഞിനെ നോക്കുന്ന മറ്റാരുമോ ആവട്ടെ, വല്ലതും കഴിക്കാനും ഉറങ്ങാനും നോക്കുക. നിങ്ങള്‍ ഉണ്ണാതെയും ഉറങ്ങാതെയും തല കറങ്ങി വീണാല്‍ കുഞ്ഞിന്റെ കാര്യം കഷ്ടത്തിലാകും.
മുലയൂട്ടുന്ന കുഞ്ഞാണെങ്കില്‍, വലിച്ച് കുടിക്കാന്‍ പറ്റാത്ത അവസ്ഥ കണ്ടുവരാറുണ്ട്. സ്റ്റീല്‍ പാത്രവും സ്പൂണും നന്നായി കഴുകിയ ശേഷം അഞ്ച് മിനിറ്റ് വെള്ളത്തിലിട്ട് തിളപ്പിച്ച് അണുനശീകരണം നടത്തുക.
ആ പാത്രം പുറത്തെടുത്ത് അതിലേക്ക് മുലപ്പാല്‍ പിഴിഞ്ഞ് കുഞ്ഞിന് കോരിക്കൊടുക്കാം. പിഴിഞ്ഞ പാല് ആവശ്യത്തിന് മാത്രം മേല്‍പ്പറഞ്ഞ രീതിയില്‍ ശുദ്ധീകരിച്ച പാത്രത്തിലേക്ക് മാറ്റി അതില്‍ നിന്ന് കോരിക്കൊടുക്കുക. ബാക്കിയുള്ള പാല് ആറ് മണിക്കൂര്‍ വരെ അന്തരീക്ഷതാപനിലയിലും 24 മണിക്കൂര്‍ വരെ ഫ്രിഡ്ജിലും വെക്കാം.
മുലപ്പാല്‍ ഇതിലധികം നേരവും ഫ്രിഡ്ജില്‍ വെക്കാമെന്ന് ഗൂഗിളില്‍ വായിച്ചെന്നാണോ? അതിന് ഉചിതമായ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. വിശദമാക്കി പിന്നീടെഴുതാം. ഏതായാലും, ഈ പാല് ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത് നോര്‍മല്‍ താപനില എത്തിയ ശേഷം ഉപയോഗിക്കാം. ചൂടാക്കരുത്.
കുഞ്ഞിനെ തൊടുന്നതിന് മുന്‍പും ശേഷവും കൈ സോപ്പിട്ട് കഴുകുക. മലം, തുപ്പല്, ഛര്‍ദ്ദില്‍ തുടങ്ങിയവ വഴി രോഗം പടരാം. ഒരാഴ്ച മുതല്‍ പത്ത് ദിവസം കൊണ്ട് രോഗം പൂര്‍ണമായും മാറും. അത് വരെ കുഞ്ഞിനെ സ്കൂളില്‍ വിടരുത്.
അവിടെയാകെ മൊത്തം രോഗം പടരാന്‍ നമ്മുടെ കുഞ്ഞ് കാരണമാകും. ടെന്‍ഷന്‍ ആവാന്‍ ഒന്നുമില്ല. എങ്കിലും, ഡോക്ടര്‍ രോഗം നിര്‍ണയിച്ച് വീട്ടില്‍ പറഞ്ഞ് വിട്ട ശേഷവും കുഞ്ഞ് കടുത്ത അസ്വസ്ഥതകള്‍ കാണിക്കുന്നുവെങ്കില്‍ ഡോക്ടറെ വീണ്ടും ചെന്ന് കാണിക്കുക. ഒരിക്കല്‍ വന്നാല്‍ വീണ്ടും വരാന്‍ സാധ്യതയുള്ള രോഗവുമാണ്.
കുറച്ച് വാശി സ്വാഭാവികമാണ്. രോഗം തനിയെ മാറുകയും ചെയ്യും. എന്നാലും ജാഗ്രതയോടെയിരിക്കുക. മക്കള്‍ കരയുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നവരല്ലല്ലോ നമ്മളാരും.