തൃശൂർ: കോവിഡ്-19 വൈറസ് ബാധ സംബന്ധിച്ച് അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ചു ഡോക്ടർ ഷിനു ശ്യാമളനെതിരെ കേസ്. തൃശൂർ ഡിഎംഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഡിഎംഒ ഡോക്ടർക്കെതിരേ പരാതി നൽകിയത്. സമൂഹത്തിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണു വാടാനപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കോവിഡ്-19 ലക്ഷണമുള്ള രോഗി ചികിത്സക്കെത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവർ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്റെ ആരോപണം. എന്നാൽ, ഈ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസ് പറയുന്നത്.