ഗാന്ധിനഗർ: ആത്മസംതൃപ്തിയോടെയാണ് കോട്ടയം മെഡിക്കൽ കോളജ് സാംക്രമികരോഗ വിഭാഗം മേധാവി ഡോ.ആർ. സജിത്കുമാർ ഇന്ന് വിരമിക്കുന്നത്.
45 വർഷത്തെ ആത്മബന്ധമാണ് ഇദ്ദേഹത്തിന് കോട്ടയം മെഡിക്കൽ കോളജുമായിട്ടുള്ളത്. 1977 ൽ മെഡിക്കൽ വിദ്യാർഥിയായി എത്തി പഠനത്തിനുശേഷം ഇവിടെ തന്നെ ജോലിയും ആരംഭിച്ചു.
ബിരുദാനന്തര ബിരുദത്തിനു പുറമെ എയ്ഡ്സ് രോഗത്തിൽ പിഎച്ച്ഡിയും നേടി. 2002-ൽ പകർച്ചവ്യാധി വിഭാഗം മേധാവിയായി ചുമതലയേറ്റു 2011-ൽ പ്രഫസറായി നിയമിതനായി.
നിരവധി പകർച്ച വ്യാധികൾക്കെതിരേയാണ് ഇദ്ദേഹം പടവെട്ടിയത്. 90 കാലഘട്ടങ്ങളിൽ പടർന്നു പിടിച്ച എയ്ഡ്സ് രോഗമായിരുന്നു. 98 വരെ കൃത്യമായ ചികിത്സ ഉണ്ടായിരുന്നില്ല.
90-92 കാലഘട്ടത്തിൽ എയ്ഡ്സ് ട്രെയിനിംഗ് സ്കീം നടപ്പിലാക്കി. 97 മുതൽ ചികിത്സ വ്യാപകമാക്കി രോഗം നിയന്ത്രണ വിധേയമാക്കി. 2002ൽ ചിക്കൻ ഗുനിയ രോഗവും ഏറെ സങ്കീർണമായിരുന്നു.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒട്ടുമിക്ക കുടുംബങ്ങളും ഈ രോഗത്തിനടിമയായി. ഇതെക്കുറിച്ചുള്ള പഠന ഗവേഷണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ പുസ്തകം ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചു.
2020 കോവിഡ് മഹാമാരിയെ നേരിട്ട കോട്ടയം മെഡിക്കൽ കോളജ് ലോക ശ്രദ്ധ ആകർഷിച്ചു. ഒൗദ്യോഗിക കാര്യങ്ങൾക്കായി 30 വിദേശ രാജ്യങ്ങൾ ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളജിന് അനുമതി ലഭിച്ച പകർച്ചവ്യാധി ഇൻസ്റ്റിട്യൂട്ട് ഇദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയാണ്.കുടമാളൂർ ചന്ദ്രത്തിൽ വീട്ടിൽ പരേതനായ രാധാകൃഷ്ണൻ നായരുടെയും പ്രസന്നകുമാരിയുടെയും മകനണ് ഇദ്ദേഹം.
ഭാര്യ ഡോ. മിനി ജില്ലാ ആശുപത്രിയിൽ നേത്രരോഗ വിഭാഗത്തിലും മക്കൾ ഡോ. മാലതി തിരുവനന്തപുരം മെഡിക്കൽ കോളജിലും, ഡോ. അശ്വതി കോട്ടയം മെഡിക്കൽ കോളജിലും സേവനം അനുഷ്ഠിക്കുന്നു.
നാലുപേരും കോട്ടയം മെഡിക്കൽ കോളജിലെ വിദ്യാർഥികളാണെന്ന പ്രത്യേകതകളും ഈ ഡോക്ടർ കുടുംബത്തിനുണ്ട്.