വൈകല്യ രഹിത ഗ്രാമം സ്വപ്നം കണ്ട ഡോ. ആര്. ശ്രീകുമാര്‍ ജനവിജയ പദ്ധതി പൂര്‍ത്തിയാക്കാനാകാതെ വിടവാങ്ങി. വിജയപുരം പഞ്ചായത്തിലെ ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസറായ ശ്രീകുമാര്‍ വെള്ളിയാഴ്ച്ച രാവിലെ 10.30ന് രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജന്മനാ ശാരീരിക ന്യൂനതയുള്ളവരിലെ ജനിതക പ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിച്ചാണു ജനിവിജയ പദ്ധതി ശ്രീകുമാര്‍ നടപ്പാക്കിയത്. ഈ ചികിത്സാ രീതിയിലൂടെ നിരവധി പേരുടെ കാഴ്ചവൈകല്യമുള്പ്പെടെ മാറ്റാന്‍ സാധിച്ചിരുന്നു. രോഗികളെ ചികിത്സിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ ഡോ. ശ്രീകുമാറിന്റെ സ്വപ്നമായിരുന്നു വൈകല്യരഹിത ഗ്രാമം. അറിയപ്പെടുന്ന ഗായകന് കൂടിയായ ഡോ. ശ്രീകുമാര്‍ വ്യാഴാഴ്ചയും ഗാനമേളകളില്‍ പങ്കെടുത്തിരുന്നു. കോട്ടയം തിരുവാറ്റ ക്ഷേത്രത്തിലായിരുന്നു ഗാനമേള.
വൈക്കം വിജയലക്ഷ്മിക്കൊപ്പം വരെ അദ്ദേഹം ഗാനമേളകളില്‍ പാടിയിട്ടുണ്ട്. വൈക്കം വിജയലക്ഷ്മിയുടെ കാഴ്ച ന്യൂനതയ്ക്കു ചികിത്സ നടത്തുകയും നേരിയ പുരോഗതിയുണ്ടാകുകയും ചെയ്തത് ജനശ്രദ്ധ നേടിയിരുന്നു. ഇന്നലെ രാവിലെ രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഡോക്ടറെ ഉടന്‍തന്നെ വടവാതൂരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹോമിയോ ചികിത്സയിലൂടെ ശാരീരിക ന്യൂനതകള്‍ ഒഴിവാക്കുകയെന്ന സ്വപ്നവുമായാണ് ഡോക്്ടര്‍ ശ്രീകുമാര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനായി വിജയപുരം പഞ്ചായത്ത് മോഡല്‍ പഞ്ചായത്തായി തെരഞ്ഞെടുക്കുകയും അതിനുള്ള പ്രയത്നങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
രണ്ടു വര്‍ഷം മുമ്പ് വിജയപുരം പഞ്ചായത്തില്‍ തുടക്കം കുറിച്ചതാണ് ജന്വിജയ പദ്ധതി. ഗ്രാമങ്ങളില്‍ ശാരീരിക ന്യൂനതയുള്ളവരെ ചികിത്സിച്ചു രോഗം ഭേദമാക്കി തിരികെ കൊണ്ടുവരുകയെന്നതാണ് ലക്ഷ്യമിട്ടിരുന്നത്. പഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്നുള്ള ഹോമിയോ ഡിസ്പന്സറിയിലാണു ശ്രീകുമാര്‍ പ്രവര്‍ത്തിച്ചിരുന്നത്. മറ്റു ജില്ലകളില്‍നിന്നു പോലും ചികിത്സതേടി ഡോക്ടറെ കാണാന്‍ രോഗികള്‍ ഇവിടെ എത്തിയിരുന്നു.
ഇന്നലെ രാവിലെ രോഗികള്‍ നോക്കിനില്കെയാണ് ഡോക്ടര്‍ കുഴഞ്ഞു വീഴുന്നത്. കുഴഞ്ഞു വീണ ഡോക്ടറെ ആദ്യം വടവാതൂരെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചു. തുടര്‍ന്നു പോസ്റ്റുമോര്‍ട്ടത്തിനുശേഷം പഞ്ചായത്ത് ഓഫീസില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നാടിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.