പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിലിന്റെ നേതൃത്വത്തിൽ നിരാലംബർക്കു നിർമിച്ചു നൽകുന്ന 127-ാമത്തെ വീട് അടൂർ കോട്ടമുകൾ പുത്തൻപുരയിൽ വിധവയും രോഗിയുമായ സുൽഫിക്കും മകൻ അനൂപിനും കൈമാറി.വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും സ്പോണ്‍സറായ ജെയിംസ് തുന്പമണ്ണും ഭാര്യ സോമോൾ ജെയിംസും നിർവഹിച്ചു.
ജയിംസ് നൽകിയ 3.5 ലക്ഷം രൂപ വിനിയോഗിച്ച് മൂന്നു മുറികളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങുന്ന വീടാണ് നിർമിച്ചു നൽകിയത്. ഭർത്തൃഗൃഹത്തിൽ നിന്നുള്ള ദുരഭിമാന പീഡനങ്ങൾ കാരണം പോലീസ് സംരക്ഷണയിൽ പരുത്തുപ്പാറയിലെ ഒരു വീട്ടിൽ കഴിയുകയായിരുന്നു ഇവർ.
കെഎസ്ആർടിസി ഉദ്യോഗസ്ഥരായ ബ്ലസൻ, ഭാര്യ റെനി എന്നിവരാണ് ഇവരുടെ ദുരവസ്ഥ ഡോ.സുനിലിന്റെ ശ്രദ്ധയിൽപെടുത്തുന്നത്. സുൽഫിയുടെ മാതാവിന്റെ വീതത്തിൽ ലഭിച്ച നാല് സെന്റ് ഭൂമിയിലാണ് വീടു നിർമിച്ചത്. ഇവർക്കാവശ്യമായ ഭക്ഷണവും അനൂപിനുള്ള പഠനസഹായവും ടീച്ചറാണ് എത്തിച്ചത്.
ചടങ്ങിൽ പ്രഫ.ഡി.കെ. ജോണ്‍, വാർഡ് കൗണ്‍സിലർ താജുദ്ദീൻ, നിസാർ കാവിളയിൽ, കെ.പി. ജയലാൽ, സന്തോഷ് എം. സാം, നാസർ പേരേത്ത്, അനിരുദ്ധൻ, സലാഹുദ്ദീൻ, ടി.എ. ലത, ജി. സാംകുട്ടി, അനിത, ആനി ജോർജ് എന്നിവർ പ്രസംഗിച്ചു.